കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ നിസാൻ ഡിജിറ്റൽ; 16 തസ്തികകളിലേക്കുകൂടി അപേക്ഷ ക്ഷണിച്ചു

Mail This Article
ടെക്നോപാർക്കിലെ ഡിജിറ്റൽ ഹബ്ബിന്റെ വിപുലീകരണം തൽക്കാലമുണ്ടാകില്ലെന്ന അഭ്യൂഹങ്ങൾക്കിടെ കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി നിസാൻ. 16 തസ്തികകളിലേക്കാണു കഴിഞ്ഞ ദിവസം നിസാൻ അപേക്ഷ ക്ഷണിച്ചത്. വിവിധ പ്രശ്നങ്ങൾ മൂലം നിസാൻ ഡിജിറ്റൽ ഹബ് കേരളം വിടുമെന്നു പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇതു തള്ളിക്കളഞ്ഞാണ് ഏതാനും മാസം മുൻപ് 30,000 ചതുരശ്രയടി സ്ഥലം കൂടി ആവശ്യപ്പെട്ടു നിസാൻ ടെക്നോപാർക്കിനെ സമീപിച്ചത്. ഇതിനു പിന്നാലെയാണു കൂടുതൽ പേരെ റിക്രൂട്ട് ചെയ്യുന്നത്.
സീനിയർ സോഫ്റ്റ്‍വെയർ എൻജിനീയർ, സോഫ്റ്റ്‍വെയർ ആർക്കിടെക്ട്, ലീഡ് യുഎക്സ് ഡിസൈനർ, ലീഡ് ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ ആർക്കിടെക്ട്, ടെക്നോളജി അനലിസ്റ്റ്, പ്രോഡക്റ്റ് മാനേജർ തുടങ്ങിയ തസ്തികകളിലേക്കാണു റിക്രൂട്മെന്റ് നടക്കുന്നത്. Nissan Digital India LLP എന്ന ലിങ്ക്ഡ്ഇൻ പേജിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഇന്റലിജന്റ് മൊബിലിറ്റി സർവീസസ് വിഭാഗത്തിലാണ് ഏറെയും അവസരങ്ങൾ. നിലവിൽ ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിലുള്ള യമുന ബിൽഡിങ്ങിൽ 25,000 ചതുരശ്രയടിയിലാണു നിസാന്റെ ഓഫിസ്. നാനൂറിലധികം ജീവനക്കാരുണ്ട്. നിസാന്റെ ഇലക്ട്രിക് വാഹനങ്ങളുടെയും ഡ്രൈവർരഹിത വാഹനങ്ങളുടെയും ഗവേഷണ വിഭാഗമാണു ഹബ്ബിലുള്ളത്.
English Summary: Nissan Digital Hub Recruitment