ADVERTISEMENT

ഞാൻ ഒരു കാര്യവും മുഴുമിപ്പിക്കുന്നില്ല. പാതിവഴിയിലെത്തുമ്പോൾ അടുത്തതിലേക്കു കടക്കും. ഗുരുവിനോടു യുവാവ് തന്റെ സങ്കടം പറഞ്ഞു. ഗുരു അയാളെയും കൂട്ടി കൃഷിക്കാരന്റെ അടുത്തെത്തി. കനാലിൽനിന്നു ചാലുകീറി സ്വന്തം കൃഷിയിടം അയാൾ നനയ്ക്കുകയാണ്. ഗുരു പറഞ്ഞു: ഈ വെള്ളത്തിനു കൃത്യമായ വഴി കിട്ടിയതുകൊണ്ടാണ് അതു പറമ്പിനെ ഫലസമൃദ്ധമാക്കുന്നത്. വഴി കിട്ടിയില്ലെങ്കിൽ പരന്നൊഴുകി മറ്റെവിടെങ്കിലുമെത്തും. കൃഷിയിടം നശിക്കും. നീ ആദ്യം നിന്റെ ചിന്തകൾ ശരിയായ ദിശയിലാക്കണം. ഇപ്പോൾ അവ ചിതറിക്കിടക്കുകയാണ്. ചിന്തകളെയെല്ലാം ഒരേ ലക്ഷ്യത്തിലേക്കു തിരിച്ചുവിട്ടാൽ എല്ലാ പ്രവൃത്തികളും യഥാസമയം പൂർത്തിയാകും. 

തങ്ങളുടെ ചിന്തകളുടെ പരിധിക്കും പ്രകൃതത്തിനുമപ്പുറത്തേക്ക് ഒരാളും വളരില്ല. ഏറ്റവും നന്നായി തങ്ങളുടെ ചിന്തകളെ ക്രമീകരിച്ചിട്ടുള്ളവരാണ് വിജയതീരങ്ങളിലെത്തിച്ചേർന്നിട്ടുള്ളത്. പലവഴിക്കു സഞ്ചരിക്കുന്ന നൂറു കണക്കിനു പദ്ധതികളും ഒരുക്കങ്ങളുമായി നടക്കുന്നവർക്കു ലക്ഷ്യകേന്ദ്രീകൃത പെരുമാറ്റശൈലി ഉണ്ടാകില്ല. അവർ പല കാര്യങ്ങൾ ഒരേസമയം തുടങ്ങിവയ്ക്കും; ഒന്നും പൂർത്തിയാകണമെന്ന് അവർക്കു നിർബന്ധവുമില്ല, ഒന്നിൽനിന്നു മറ്റൊന്നിലേക്ക് ഒരു യുക്തിയുമില്ലാതെ ചാടിക്കളിക്കും. ചിന്തകൾ ഒരിക്കലും അവസാനിക്കില്ല. അവയെ നിയന്ത്രിക്കുന്നതിലൂടെയും അവനവനു വേണ്ട ദിശയിലൂടെ നയിക്കുന്നതിലൂടെയും മാത്രമേ കർമഫലങ്ങൾ രൂപപ്പെടൂ. ചിന്തകളുടെ പിന്നാലെയേ മനസ്സ് സഞ്ചരിക്കൂ. കല്യാണത്തെക്കുറിച്ചു മാത്രം ചിന്തിച്ചിരിക്കുന്നയാളിന്റെ മാനസിക വ്യാപാരങ്ങളും വൈകാരികാനുഭൂതിയും കല്യാണവുമായി ബന്ധപ്പെട്ടതായിരിക്കും. ദുരന്തത്തെക്കുറിച്ചു ചിന്തിച്ചിരിക്കുന്നയാളിന്റെ മുഖഭാവം പോലും ദുഃഖപൂർണമായിരിക്കും. ചിന്തകൾ അപകർഷബോധം നിറഞ്ഞതെങ്കിൽ പ്രവൃത്തികളിൽ ആത്മവിശ്വാസക്കുറവുണ്ടാകും. 

മനോവ്യാപാരങ്ങളിൽ അഹംഭാവമുണ്ടെങ്കിൽ ചെയ്തികളിലും അതു നിഴലിക്കും. ഭയവും സന്ദേഹവും ചിന്തകളിൽനിന്നു മാറുമ്പോഴാണ് സന്തോഷവും സംതൃപ്തിയും പ്രവൃത്തികളിൽ നിറയുന്നത്. ചില കാര്യങ്ങൾ ചിന്തിച്ചു മാത്രമേ ചെയ്യാനാകൂ. ചിലതിൽ ചിന്തിക്കാൻപോലും നേരം കിട്ടില്ല. മറ്റു ചിലതിനെക്കുറിച്ച് ചിന്തിച്ചു കൂട്ടുന്നതിൽ ഒരർഥവുമില്ല. ആലോചന വേണ്ട കാര്യങ്ങൾ ഒരാലോചനയുമില്ലാതെ ചെയ്യുന്നതും ആലോചിക്കരുതാത്ത കാര്യങ്ങളെക്കുറിച്ച് അമിതാലോചന നടത്തുന്നതുമാണ് ജീവിതത്തിൽ അബദ്ധങ്ങളുടെ ഘോഷയാത്ര സൃഷ്ടിക്കുന്നതിനുള്ള കാരണം. ശരിയായി ചിന്തിക്കാനും അനാവശ്യമായി ചിന്തിക്കാതിരിക്കാനും ശീലിച്ചാൽ എല്ലാം ശരിയാകും.

സമ്മർദ്ദം കുറയ്ക്കാം, ഉൽപാദന ക്ഷമത കൂട്ടാം വർക്ക് പ്ലേസ് കൗൺസലിങ്ങിലൂടെ - വിഡിയോ

English Summary:

How to learn from your mistakes and achieve better results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com