ADVERTISEMENT

ഓഫിസുകളിൽ പല തരത്തിലുള്ള ജീവനക്കാരുണ്ട്. ചിലർ കൃത്യസമയത്തു വന്ന് കൃത്യസമയത്ത് ഓഫിസ് വിട്ടിറങ്ങും. മറ്റു ചിലർ ഡ്യൂട്ടി സമയത്തിനു ശേഷമെത്തി ഒരുപാടു വൈകി ഓഫിസിൽ നിന്നറങ്ങും. വേറെ ചിലരാകട്ടെ ഡ്യൂട്ടി സമയത്തിനകം ജോലി തീർത്ത് സഹപ്രവർത്തകരോടും കൂട്ടുകാരോടുമൊക്കെ വർത്തമാനം പറഞ്ഞിരുന്ന് വൈകിയേ ഓഫിസിൽ നിന്ന് മടങ്ങൂ. ഇങ്ങനെയൊക്കെയാണെങ്കിലും ഡ്യൂട്ടി സമയം കഴിഞ്ഞയുടൻ ഓഫിസിൽ നിന്ന് ഇറങ്ങുന്നത് ശരിയാണോയെന്ന ആശങ്ക ചിലർക്കെങ്കിലുമുണ്ട്.

സമയത്തിനിറങ്ങുന്നത് തെറ്റല്ല
നിയമം അനുസരിച്ച് ഒരാൾക്കു നൽകിയിരിക്കുന്ന ഷിഫ്റ്റിനുള്ളിൽ ജോലി തീർത്ത് ഓഫിസ് വിട്ടിറങ്ങുന്നതിൽ യാതൊരു തെറ്റുമില്ല. അത് നിയമത്തിന് അനുസൃതമാണ്. ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി പൂർത്തിയാക്കിയ ശേഷം തനിക്കായി അനുവദിച്ച സമയത്തി‌‌‌‌ൽ ഓഫിസ് വിടുന്ന ജീവനക്കാരനോട് സഹപ്രവർത്തകർക്കോ മാനേജ്മെന്റിനോ അപ്രീതി തോന്നേണ്ട കാര്യമില്ല. ഇന്ത്യൻ ലേബർ ലോ പ്രകാരം ഒരു ജീവനക്കാരൻ സ്ഥാപനത്തിൽ ഒരാഴ്ച പരമാവധി 48 മണിക്കൂറേ ജോലി ചെയ്യാവൂ എന്നാണ്. 

ഓഫിസ് സമയം കഴിഞ്ഞയുടൻ ഓഫിസിൽ നിന്ന് പോകുമോ ഇല്ലയോ എന്നുള്ളത് പ്രധാനമായും മൂന്ന് കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. 

01. സ്ഥാപനത്തിന്റെ വർക്ക് കൾച്ചർ
മിക്ക സ്ഥാപനങ്ങളും ഓഫിസ് സമയത്ത് വന്ന് ഓഫിസ് സമയം കഴിഞ്ഞാലുടൻ ജീവനക്കാർ ഓഫിസ് വിടണമെന്ന തൊഴിൽ സംസ്കാരമാണ് പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ ചില സ്ഥാപനങ്ങളിൽ തുടക്കകാലം തൊട്ടേ ജീവനക്കാർ ജോലി സമയം കഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂർ വൈകിപ്പോകുന്നത് സാധാരണമായി കാണാറുണ്ട്. ജോലി സമയം തീരുന്നതിനുള്ളിൽ ഉത്തരവാദിത്തം പൂർത്തിയാക്കാൻ സാധിക്കാത്തതിനാലോ, തൊഴിൽ സ്ഥലത്തെ സൗഹൃദത്തിന്റെ പേരിലോ ഒക്കെയാണ് ജോലി സമയം കഴിഞ്ഞും ഏറെ നേരം അവർ ഓഫിസിൽ തുടരുന്നത്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്ന സ്ഥാപനത്തിൽ പുതിയ ജീവനക്കാർ വരുമ്പോൾ ജോലി സമയം കഴിഞ്ഞാലുടൻ വീട്ടിൽപ്പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽപ്പോലും  ജോലി സമയം കഴിഞ്ഞും മറ്റുള്ളവരെപ്പോലെ അവിടെ തുടരാൻ നിർബന്ധിതരാകും. ഇത്തരം വർക്ക് കൾച്ചറുമായി പുതിയ ജീവനക്കാർ ഇഴുകിച്ചേരാതെ വരുമ്പോൾ അവിടെ അസംതൃപ്തിയും നിരാശയും ഒക്കെയുണ്ടാകും.

Representative Image. Photo Credit : Liubomyr Vorona / iStockPhoto.com
Representative Image. Photo Credit : Liubomyr Vorona / iStockPhoto.com

ഒട്ടുമിക്ക കമ്പനികളും ജീവനക്കാർ വൈകിയിരിക്കുന്നതിനെ പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. ഉദാഹരണമായി  സ്വീഡിഷ്,ജാപ്പനീസ് കമ്പനികൾ സമയത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ്. ചില സ്ഥാപനങ്ങളിൽ ജോലി സമയം 6 മണി ആണെങ്കിൽ 5.50 ന് അവരുടെ കംപ്യൂട്ടറിന്റെ വിൻഡോയില്‍ ഒരു പോപ് അപ് വരും ഇനി 10 മിനിട്ടേ ഉള്ളൂ ഓഫിസ് ടൈം അനുവദിക്കാൻ. പത്തു മിനിട്ട് കഴിഞ്ഞ് നിങ്ങൾ വീട്ടിൽ പോയില്ലെങ്കിൽ മൊത്തം ഓഫിസ് ഷട്ട് ഡൗൺ ആകും എന്നു പറഞ്ഞുള്ള അലേർട്ടുകളൊക്കെ ചില കമ്പനികൾ കൊടുക്കാറുണ്ട്. അത്രത്തോളം വർക്ക് ലൈഫ്  ബാലൻസിന് പ്രാധാന്യം കൊടുക്കുന്ന സ്ഥാപനങ്ങളുണ്ട്. എന്നാൽ മറ്റു ചില സ്ഥാപനങ്ങൾ സമയം കഴിഞ്ഞും ജീവനക്കാർ ഓഫിസിൽ സമയം ചിലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കാറുണ്ട്.

Representative image.Photo Credit: master1305/istock
Representative image.Photo Credit: master1305/istock

02. ജോലിഭാരം
മികവും കഴിവുമനുസരിച്ച് മാനേജ്മെന്റ് ഓരോ ജീവനക്കാർക്കും ഓരോ തരത്തിലുള്ള ഉത്തരവാദിത്തമാണ് നൽകുന്നത്. ചിലർക്ക് ഗൗരവമുള്ള, ജോലി ഭാരമേറെയുള്ള ഉത്തരവാദിത്തങ്ങ ളായിരിക്കും നിറവേറ്റാനുണ്ടാവുക. നൽകിയിരിക്കുന്ന അല്ലെങ്കിൽ ഏറ്റെടുക്കുന്ന ജോലി  കൃത്യസമയത്ത് തീർക്കാൻ പറ്റാതെ വരുമ്പോഴാണ് പലർക്കും ഓഫിസ് സമയം കഴിഞ്ഞും ജോലി ചെയ്യേണ്ടി വരുന്നത്. മുൻഗണനാക്രമത്തിൽ ജോലി ചെയ്തു തീർക്കുന്നതിൽ അവർ പരാജയപ്പെട്ടതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. ചിലർ ഒരുപാട് ജോലി ഒരുമിച്ചേറ്റെടുക്കുന്നവരാണ്. അങ്ങനെ ഏറ്റെടുക്കുമ്പോൾ പലതും സമയത്ത് ചെയ്തു തീർക്കാൻ കഴിഞ്ഞുവെന്നു വരില്ല. ചിലർ ഒരു ജോലി തന്നെ പരമാവധി നന്നായി ചെയ്യാനായി ശ്രമിച്ച് അതു പുതുക്കിക്കൊണ്ടിരിക്കും അപ്പോൾ മറ്റുത്തരവാദിത്തങ്ങൾ സമയത്ത് പൂർത്തിയാക്കാൻ സാധിക്കില്ല. ജോലിഭാരത്തെ കൃത്യമായി വിഭജിക്കാനും  സമയത്തെ കൃത്യമായി ഉപയോഗിക്കാനും പറ്റാത്ത ആളുകൾക്ക് ചിലപ്പോൾ ഓഫിസ് സമയം കഴിഞ്ഞും ഓഫിസിൽ നിന്നിറങ്ങാൻ സാധിക്കണമെന്നില്ല.  

Representative Image. Photo Credit : Sergey Nivens / Shutterstock.com
Representative Image. Photo Credit : Sergey Nivens / Shutterstock.com

സമയം വേണ്ടവിധത്തിൽ ഉപയോഗിക്കാനറിയാത്ത ആളുകൾ നാലുതരത്തിലുണ്ട്

01. നാളെ നാളെ നീളെ നീളെ
എന്തു കാര്യവും നീട്ടിവയ്ക്കുന്ന ശീലമുള്ള ഒരു കൂട്ടരുണ്ട്. രാവിലെ ഓഫിലെത്തി ജോലി തുടങ്ങാൻ പോകുമ്പോൾ അവർക്കു തോന്നും ഇതിപ്പോൾ ചെയ്യണ്ട, വൈകുന്നേരം വരെ സമയമുണ്ടല്ലോയെന്ന് അവസാനം ഓഫിസ് സമയം തീരുമ്പോൾ വിചാരിക്കും ഇന്നിനി സമയമില്ല കാര്യങ്ങളൊക്കെ നാളെച്ചെയ്യാമെന്ന്. അങ്ങനെ ഉത്തരവാദിത്തങ്ങൾ നീട്ടി വച്ച് അവർ ജോലിഭാരം വല്ലാതെ കൂട്ടും. 

Representative image.Photo Credit: AntonioGuillem/istock
Representative image.Photo Credit: AntonioGuillem/istock

02. എന്തിലും വേണം പെർഫെക്ഷൻ
എന്തു ജോലി ചെയ്യുമ്പോഴും അത് പൂർണതയോടെ ചെയ്യണമെന്ന പിടിവാശിക്കാരാണ് പെർഫെക്ഷനിസ്റ്റുകൾ. ഒരേ കാര്യം തന്നെ പലതവണ മിനുക്കി അവർ സമയം പാഴാക്കും. അതിനു വേണ്ടി ആവശ്യത്തിലധികം സമയം പാഴാക്കും. അങ്ങനെ ചെയ്യുമ്പോൾ 10 ജോലി ചെയ്യേണ്ട സ്ഥാനത്ത് രണ്ടു ജോലി മാത്രമേ അവർക്ക് െചയ്തു പൂർത്തിയാക്കാൻ സാധിക്കൂ. ബാക്കിയായ ജോലി ചെയ്തു തീർക്കാൻ അർധരാത്രി വരെ ഓഫിസിൽ ചിലവഴിക്കേണ്ടി വരുകയും ചെയ്യും.

Representative image.Photo Credit: AaronAmat/istock
Representative image.Photo Credit: AaronAmat/istock

03. വെപ്രാളമാണു മെയിൻ
അടുക്കും ചിട്ടയുമായി ഇക്കൂട്ടർ ഒരു കാര്യവും ചെയ്യില്ല. എല്ലാം വാരിവലിച്ചിടുകയും എപ്പോഴും വെപ്രാളത്തോടെ പെരുമാറുകയും ചെയ്യും. വെപ്രാളം മൂത്ത് ഒന്നിലധികം കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്ന ഇവർ ഒരു കാര്യം ചെയ്യാൻ വേണ്ട പ്രധാനപ്പെട്ട രേഖകളൊക്കെ യഥാക്രമം സൂക്ഷിക്കാത്തതുകൊണ്ട് അത് അന്വേഷിച്ച് ഒരുപാട് സമയം പാഴാക്കും. ഏറ്റെടുത്ത ജോലികൾ വൃത്തിയായി പൂർത്തിയാക്കാൻ കഴിയാത്തവരാണ് ഇവർ.

Representative image.Photo Credit: aldomurillo//istock
Representative image.Photo Credit: aldomurillo//istock

04. വർക്ക് ഹോളിക്
നെഗറ്റീവ് അർഥത്തിലാണ് ഇക്കൂട്ടർ  വർക്ക് ഹോളിക് ആകുന്നത്. ഇവർക്കെപ്പോഴും എന്തെങ്കിലുമൊക്കെ  ജോലി ചെയ്തു കൊണ്ടിരിക്കാനുള്ള പ്രവണതയുണ്ട്. എന്നാൽ ജോലികളൊന്നും സമയത്ത് തീർക്കുകയുമില്ല. ഓഫിസ് സമയം കഴിയുന്ന 6 മണിക്കു ശേഷമുള്ള സമയത്താണ് അവർ കൂടുതൽ ജോലി ചെയ്യുന്നത്. അവരുടെ സഹപ്രവർത്തകരും അവരൊടൊപ്പം ഇരിക്കണമെന്നുള്ള നിർബന്ധ ബുദ്ധിയും ഇക്കൂട്ടർ വച്ചു പുലർത്താറുണ്ട്. ഇവർക്ക് വ്യക്തമായിട്ടൊരു ലക്ഷ്യമൊന്നു മുണ്ടാവില്ല ഈ പറഞ്ഞ നാലു വിഭാഗക്കാരും ജോലി കൃത്യമായി വിഭജിച്ച് ചെയ്യാത്തതുകൊണ്ട് ഓഫിസ് സമയം കഴിഞ്ഞും ഓഫിസിൽ ചിലവഴിക്കുന്നവരാണ്.ഒരിക്കലും ജോലി കൃത്യമായി പൂർത്തിയാക്കാൻ സാധിക്കാത്തതുകൊണ്ട് അവർ അസംതൃപ്തരായിരിക്കും.

Representative Image. Photo Credit : Ground Picture/ Shutterstock
Representative Image. Photo Credit : Ground Picture/ Shutterstock

03. വ്യക്തിതാൽപര്യം
ചിലർക്ക് ഓഫിസിൽ കൂടുതൽ സമയം ചിലവഴിക്കാനായിരിക്കും താൽപര്യം മറ്റു ചിലർക്ക് ഓഫിസ് ജോലികൾ വേഗം തീർത്ത് വേഗം വീട്ടിലേക്ക് മടങ്ങാനായിരിക്കും ആഗ്രഹം. ചിലർക്ക് വർക്ക്ഔട്ട്, വിനോദം, സാമൂഹിക പ്രവർത്തനം എന്നിവയിൽ കൂടുതൽ താൽപര്യമുള്ളതുകൊണ്ട് ജോലി കഴിഞ്ഞാൽ അതിനു വേണ്ടി കൂടുതൽ സമയം ചിലവഴിക്കാനായിരിക്കും ആഗ്രഹം. അങ്ങനെയുള്ളവർ ജോലി സമയം കഴിഞ്ഞാൽ വേഗം ഓഫിസിൽ നിന്ന് മടങ്ങാറുണ്ട്. ചിലർക്ക് ഓഫിസിൽ നിന്നിറങ്ങിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടാകില്ല. അവർ നേരം വൈകിയും ഓഫിസിൽ തുടരാറുണ്ട്. അങ്ങനെയുള്ളവർ മറ്റുള്ളവരെയും അങ്ങനെ ചെയ്യാൻ നിർബന്ധിക്കും. അങ്ങനെ വരുമ്പോൾ താൽപര്യമില്ലാതെ ഓഫിസിൽ തുടരുന്നതിന്റെ അസംതൃപ്തി അവരെയും പിടികൂടും. ഇത്തരം കാര്യങ്ങൾ നന്നായി ക്രമീകരിച്ചാൽ സമയത്ത് ജോലി തീർത്ത് ഓഫിസിൽ നിന്ന് മടങ്ങാൻ സാധിക്കും. സ്ഥാപനത്തിന്റെ താൽപര്യം, ജോലിഭാരം, വ്യക്തി താൽപര്യം എന്നിവയനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം.

Representative Image. Photo Credit : Nortonrsx / iStockPhoto.com
Representative Image. Photo Credit : Nortonrsx / iStockPhoto.com

മുൻഗണനാ ക്രമത്തിൽ ജോലി ചെയ്തു ശീലിക്കാം
∙ ഏറ്റവും പെട്ടന്നു ചെയ്തു തീർക്കേണ്ട ജോലിക്ക് ഏറ്റവും പ്രാധാന്യം നൽകാം.
∙ സമയമെടുത്തു ചെയ്യാം. പക്ഷേ വളരെ പ്രധാനപ്പെട്ടതാണ് എന്നുള്ള ജോലി രണ്ടാമതായിച്ചെയ്യാം.
∙ സഹപ്രവർത്തകരുടെ അഭാവത്തിൽ അവരുടെ ജോലി ചെയ്യാനുണ്ടെങ്കിൽ അത് മൂന്നാമതായി ചെയ്യാം.
∙അത്ര പ്രധാനമല്ലാത്ത തരത്തിലുള്ള ജോലികൾ നാലാമതായിച്ചെയ്യാം.

Representative image.Photo Credit: Liubomyr Vorona//istock
Representative image.Photo Credit: Liubomyr Vorona//istock

ഇത്തരത്തിൽ പ്രധാന്യമനുസരിച്ച് ജോലിയെ വിഭജിച്ചാൽ ജോലി സമയത്തു തന്നെ ഭംഗിയായി നിറവേറ്റാൻ സാധിക്കും. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. അവനവന്റെ ജോലിക്ക് പരമാവധി പെർഫെക്ഷൻ കൊടുക്കാൻ വേണ്ടി  അനാവശ്യമായി സമയം ചിലവഴിക്കുന്നതോ, ഓഫിസിൽ ബാക്കിയുള്ളവർ കൂടുതൽ സമയം ചിലവഴിക്കുമ്പോൾ മാനസിക സമ്മർദത്തോടെ അവർക്കു വേണ്ടി കൂട്ടിരിക്കുന്നതോ അത്ര നല്ലതല്ല. 

Representative Image. Photo Credit: imagedb.com/ Shutterstock
Representative Image. Photo Credit: imagedb.com/ Shutterstock

ഓഫിസ് സമയം കഴിഞ്ഞിരുന്നു ജോലി ചെയ്യുന്നത് മാനേജ്മെന്റിനെ പ്രീതിപ്പെടുത്താൻ ഉപകരിക്കുമോയെന്ന് പലരും ചോദിക്കാറുണ്ട്. അതിന് രണ്ട് ഉത്തരമാണുള്ളത്. ദിവസവും ഓഫിസ് ടൈം കഴിഞ്ഞിരുന്ന് പ്രത്യേകിച്ച് ഉത്പാദനക്ഷമായി ഒന്നും ചെയ്യാത്ത ആളുകളെ  ബുദ്ധിയുള്ള ഒരു മാനേജ്മെന്റും പ്രോത്സാഹിപ്പിക്കില്ല.  പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളിൽ ചില പ്രധാനപ്പെട്ട ജോലികൾ തീർക്കാനായി വല്ലപ്പോഴും ഓഫിസ് സമയം  കഴിഞ്ഞിരിക്കുന്നത് സ്ഥാപനത്തിന് വളരെ വലിയൊരു റിസൽട്ട് ഉണ്ടാക്കി ക്കൊടുക്കുമെങ്കിൽ അത് നല്ലതാണ്.

Representative image. Photo Credit: skynesher/istockphoto.com
Representative image. Photo Credit: skynesher/istockphoto.com



വല്ലപ്പോഴും ഓഫിസ് സമയം കഴിഞ്ഞ് ജോലി ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ ദിവസവും വൈകിയിരിക്കുന്ന ശീലമുണ്ടെങ്കിൽ അത് വർക്ക്–ലൈഫ് ബാലൻസിനെ ബാധിക്കും. അത്തരത്തിലുള്ള തൊഴിൽ സംസ്കാരം നല്ല സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല.

English Summary:

Beyond 9-to-5: Managing Your Office Hours for Work-Life Balance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com