ADVERTISEMENT

കാടിനെ അറിഞ്ഞും പഠിച്ചും 'ഗേറ്റ്' പരീക്ഷയിൽ ‘ഇക്കോളജി ആൻഡ് ഇവല്യൂഷൻ’ വിഷയത്തിൽ രാജ്യത്ത് മൂന്നാം റാങ്ക് ലഭിച്ച മാനവ് സാജൻ പറയുന്നു- ‘കാടിനെക്കുറിച്ച് ഇനിയും പഠിക്കണം...ഗവേഷണം നടത്തണം,അതിനാണ് 'ഗേറ്റ്' എഴുതിയത്. ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള രാജ്യത്തെ എണ്ണപ്പെട്ട പരീക്ഷ. 'ഗേറ്റ്' എന്നത് 'ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്' എന്നതിന്റെ ചുരുക്കെഴുത്താണെങ്കിലും എൻജിനീയറിങ് ഇതര വിഷയങ്ങളിലും ഇപ്പോൾ ഈ പരീക്ഷ എഴുതാം. ഉദാ: ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്. കാടും പ്രകൃതിയുമൊക്കെ ഇഷ്ടവഴികളായ മാനവും അങ്ങനെയാണ് 'ഗേറ്റി'ന്റെ വഴിയിലെത്തിയത്.

വിദ്യാവനത്തിലെ സ്വയംപഠനം
അട്ടപ്പാടി സ്വദേശിയായ മാനവിന്റെ പഠനവഴികൾ വ്യത്യസ്തമായിരുന്നു.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പഠനം കേരള – തമിഴ്നാട് അതിർത്തിയിൽ പാലക്കാട് ആനക്കട്ടിയിലെ ശിശുസൗഹൃദാന്തരീക്ഷമുള്ള ‘വിദ്യാവന’ത്തിലായിരുന്നു. പരമ്പരാഗത രീതിയിലുള്ള പഠനമല്ല, ഓപ്പൺ സിലബസ് പഠനരീതിയാണവിടെ. ചോദ്യങ്ങൾക്ക് സ്വന്തമായി ഉത്തരം കണ്ടെത്തുന്ന രീതി. ഓരോ വർഷവും ഓരോ വിഷയത്തിൽ പ്രോജക്ടുകളുണ്ടാകും; പ്രകൃതി, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടവ. മാനവിന്റെ ഉള്ളിൽഫൊട്ടോഗ്രഫിയോടും പക്ഷിനിരീക്ഷണത്തോടുമുള്ള താൽപര്യത്തിന് ഈ പഠനാന്തരീക്ഷം ആക്കംകൂട്ടി. എസ്എസ്എൽസി പരീക്ഷയ്ക്കുള്ള പഠനവും അവിടെ സ്വന്തമായി നടത്തണമായിരുന്നു. ആ സ്വയംപഠനരീതി 'ഗേറ്റ്' എഴുതുമ്പോഴും മാനവിന് ഉപകാരപ്പെട്ടു.

ബെംഗളൂരു വഴി ഡെറാഡൂണിലേക്ക്
അഗളി ഗവ.സ്കൂളിൽ സയൻസിൽ പ്ലസ്ടു പൂർത്തിയാക്കിയ മാനവിന്റെ ബിരുദപഠനം കോഴിക്കോട് ഫാറൂക്ക് കോളജിലായിരുന്നു.സുവോളജിയിൽ ബിഎസ്‌സി പൂർത്തിയാക്കിയശേഷം ബെംഗളൂരുവിലെ നാഷനൽ സെന്റർ ഫോർ ബയളോജിക്കൽ സയൻസസിലാണ്(എൻസിബിഎസ്) എംഎസ്‌സിക്കു ചേർന്നത്- വിഷയം വൈൾഡ്‌ലൈഫ് ബയോളജി ആൻഡ് കൺസർവേഷൻ. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിനു (ടിഐഎഫ്ആർ) കീഴിലുള്ള സ്ഥാപനമാണ് എൻസിബിഎസ്. എന്നാൽ ഇവിടെ പഠനം പൂർത്തിയാക്കും മുൻപു തന്നെ ഡെറാഡൂണിലെ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേക്കു ചുവടുമാറി. അവിടെ എംഎസ്‌സി വൈൽഡ്‌ലൈഫ്സയൻസ് പഠനത്തിനിടെയാണ് ഇപ്പോഴത്തെ 'ഗേറ്റ്'  നേട്ടം.

ഗേറ്റിലേക്ക്...
ചെറുപ്പം മുതലേ പിഎച്ച്ഡി എന്ന ലക്ഷ്യമുണ്ടായിരുന്നെങ്കിലും മാസ്റ്റേഴ്സിനു ചേർന്നശേഷമാണ് ഗേറ്റ് എഴുതണമെന്നു തീരുമാനിക്കുന്നത്. അതിനുള്ള മൂലധനം ചെറുപ്പം മുതലുള്ള വായനയും ഒഴിവുസമയങ്ങളിൽ കണ്ട വിഡിയോകളിൽനിന്നു ലഭിച്ച ചെറിയ അറിവുകളുമൊക്കെയായിരുന്നു. അതോടൊപ്പം കാടുകളിലേക്കുള്ള യാത്രകളും അങ്ങനെ പരിചയപ്പെട്ട ആളുകളും അവരിൽനിന്നു ലഭിച്ച വിവരങ്ങളും വലിയ മുതൽക്കൂട്ടായി. മാസ്റ്റേഴ്സ് പഠനത്തിന്റെ തിരക്കിനിടെ വളരെ കുറച്ചുസമയം മാത്രമാണ് ഗേറ്റിന്റെ ഒരുക്കത്തിനായി ലഭിച്ചത്. പരിചിതമേഖലയായതിനാൽ അതൊന്നും പ്രശ്നമായില്ല. ഇപ്പോൾ മാസ്റ്റേഴ്സിൽ ഡിസർട്ടേഷൻ തയാറാക്കുന്ന തിരക്കിലാണ് മാനവ്. അതിനുശേഷം ഗവേഷണത്തിലേക്കുതിരിയും. പക്ഷിനിരീക്ഷകൻ, വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫർ എന്നീ നിലകളിലും ശ്രദ്ധ നേടുന്ന മാനവ് പരിസ്ഥിതി പ്രവർത്തകനായ സാജന്റെയും കാരറ ഗവ.യുപി സ്കൂൾ പ്രധാനാധ്യാപിക സിന്ധുവിന്റെയും മകനാണ്.       

English Summary:

GATE Success Story: Vidya Vanam Grad Secures National Rank 3 in Ecology. Inspired by Nature Manav's Unconventional Path to a Top 3 GATE Ranking in Ecology.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com