ADVERTISEMENT

കുടുംബ ബജറ്റിൽ ഒഴിച്ചുകൂടാനാകാത്തതാണ് കുട്ടികളുടെ വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസത്തിനു സമയം അടുക്കുമ്പോൾ മാത്രം ഇതിനെപ്പറ്റി കാര്യമായി ചിന്തിക്കാൻ തുടങ്ങുകയാണു പതിവ്. കുട്ടികളുടെ വ്യക്തിത്വത്തിനും വളർച്ചയ്ക്കും അടിത്തറയിടുന്ന പ്രൈമറി-ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് കൃത്യമായി തുക നീക്കിവയ്ക്കേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്. വിട്ടുപോയാൽ പിന്നീടൊരിക്കലും പരിഹരിക്കാനാകാത്ത ഇത്തരം തെറ്റുകൾ കൃത്യമായ ബജറ്റ് പ്ലാനിങ്ങിലൂടെ ഒഴിവാക്കാനാകും.

Group of Indian schoolboys and schoolgirls at school campus
Representative Image. Photo Credit : Stock Images Bank / iStock Photo.com

സുപ്രധാന നിക്ഷേപം
ചെലവ് ഇനങ്ങളായിട്ടാണ് വിദ്യാഭ്യാസ ചെലവുകൾ കുടുംബ ബജറ്റിൽ ഉൾപ്പെടുത്തുന്നതെങ്കിലും കുട്ടികളുടെ ഭാവിയിലേക്കുള്ള സുപ്രധാന നിക്ഷേപമായി വേണം ഇതിനെ കരുതാൻ. 45ന് അടുത്തു പ്രായമുള്ള മാതാപിതാക്കളും ആറാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളുമടങ്ങുന്ന ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിന്റെ ബജറ്റ് തയാറാക്കുമ്പോൾ വിദ്യാഭ്യാസ ചെലവുകൾക്ക് പണം നീക്കിവയ്ക്കേണ്ടത് എങ്ങനെയെന്നു നോക്കാം.

mother, daughter, study, India, Indian ethnicity, using phone,
Representative Image. Photo Credit : Deepak Sethi / iStock Photo.com

മാറ്റിപ്പിടിക്കണം, സ്ഥിരം ഫോർമുല
വരവിൽനിന്ന് ചെലവുകൾ ഒന്നൊന്നായി കുറച്ച് കമ്മി അല്ലെങ്കിൽ മിച്ചം എന്ന നിലയിലാണല്ലോ സാധാരണ കുടുംബ ബജറ്റുകൾ തയാറാക്കുന്നത്. ഇതിൽ മാറ്റം വരുത്തണം. ഓരോ മാസത്തെയും ആകെ വരവിൽനിന്ന് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ആദ്യമേ നീക്കിവയ്ക്കണം. ഭാവിയിലേക്ക് കരുതലായി മാറ്റിവയ്ക്കേണ്ട മറ്റു തുകകളാണ് രണ്ടാമതായി നീക്കിവയ്ക്കേണ്ടത്. ബാക്കി വരുന്ന തുകയാണ് ഒഴിവാക്കാനാകാത്ത ചെലവുകൾ, മോഹ ചെലവുകൾ, വായ്പ തിരിച്ചടവ് എന്നിങ്ങനെ ഓരോ ഇനങ്ങളായി ബജറ്റിൽ ഉൾപ്പെടുത്തേണ്ടത്.

smiling, Adult, Parent, Single Father, Saving,
Representative Image. Photo Credit : Deepak Sethi / iStock Photo.com

വിദ്യാഭ്യാസ ചെലവുകൾ
പ്രൈമറി-ഹൈസ്കൂൾ തലങ്ങളിൽ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കാനായാൽ മെച്ചപ്പെട്ട ഉന്നത കോഴ്സുകളിൽ പ്രവേശനം ഉറപ്പിക്കാം. സ്കൂൾ ഫീസ് കൂടാതെ പ്രൈമറി-ഹൈസ്കൂൾ തലത്തിൽ ബജറ്റിൽ നിശ്ചയമായും ഉൾപ്പെടുത്തേണ്ട മറ്റു ചെലവിനങ്ങൾ:

∙ ട്യൂഷൻ ചെലവ്: പ്രയാസം അനുഭവപ്പെടുന്ന വിഷയങ്ങളിൽ കുട്ടികൾക്ക് പ്രത്യേക ട്യൂഷൻ ആവശ്യമാണ്. പ്രൈമറി ക്ലാസുകളിൽ തുക കുറവ് മതിയെങ്കിലും ഉയർന്ന ക്ലാസുകളിൽ ആനുപാതികമായി തുക ഉയർത്തി പ്ലാൻ ചെയ്യണം.

∙ ഭാഷാ പഠനം: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ വിപുലപ്പെട്ടതോടെ ഇംഗ്ലിഷിനോടൊപ്പം ഒരു വിദേശ ഭാഷകൂടി പഠിക്കേണ്ടത് നിർബന്ധമായിരിക്കുന്നു. ഇതിനും ബജറ്റിൽ ഇടം വേണം.

∙ എക്സ്ട്രാ കരിക്കുലർ: പാഠേത്യതര വിഷയങ്ങളിലും പരിശീലനം നൽകിയെങ്കിൽ മാത്രമേ പൂർണമായ വ്യക്തിത്വ വികസനം ഉറപ്പാക്കാനാകൂ. ചുരുങ്ങിയത് 2 ഇനങ്ങളിൽ ഓരോ വർഷവും പരിശീലനം നൽകാനുള്ള തുക ബജറ്റിലുണ്ടാകണം. പ്രാഗൽഭ്യം തെളിയിക്കുന്നതനുസരിച്ച് മികച്ച പരിശീലനം നൽകാനുള്ള തുക ഭാവിയിൽ നീക്കിവയ്ക്കണം.

∙ യാത്രാച്ചെലവ്: സ്കൂളുകളിൽ പോയി വരുന്നതിന് പൊതുഗതാഗത സൗകര്യം അപര്യാപ്തമാകുന്ന സാഹചര്യങ്ങളിൽ പ്രത്യേക യാത്രാസൗകര്യങ്ങൾക്ക് പണം നീക്കിവയ്ക്കണം. സൈക്കിൾ സവാരി പരിശീലിച്ചാൽ നല്ലൊരു തുക ലാഭിക്കാം.

∙ ഷോപ്പിങ്: യൂണിഫോമിന്റെ ഭാഗമായും അല്ലാതെയുമായി വേണ്ടി വരുന്ന വസ്ത്രം ഉൾപ്പെടെയുള്ളവയ്ക്കും തുക മാറ്റിവയ്ക്കണം.

∙ ഡിജിറ്റൽ പഠന സഹായികൾ: മൊബൈൽ ഫോണുകൾ, ഡെസ്ക് ടോപ് കംപ്യൂട്ടറുകൾ, ടാബുകൾ എന്നിങ്ങനെയുള്ള പഠന ഉപകരണങ്ങൾ വിദ്യാഭ്യാസ ചെലവുകളിൽ ഉൾപ്പെടുത്തണം.പഠന പ്രക്രിയ സുഗമമാക്കുന്ന ആപ്പുകളും സോഫ്റ്റ്‌വെയറുകളും മാത്രമല്ല മറ്റ് ഓൺലൈൻ പഠന വിഭവങ്ങളും ലഭ്യമാക്കാൻ പണം കണ്ടെത്തണം. 

∙ പത്രങ്ങൾ, മാസികകൾ, പുസ്തകങ്ങൾ:
ഒരു ഭാഷാ പത്രവും ഒരു ഇംഗ്ലിഷ് പത്രവും നിർബന്ധമാക്കണം. പൊതു ലൈബ്രറി മെംബർഷിപ്, ലെൻഡിങ് ലൈബ്രറി അംഗത്വം, ഡിജിറ്റൽ പുസ്തകങ്ങൾ, പോഡ്‌കാസ്റ്റുകൾ എന്നിവയൊക്കെ പരിഗണിക്കണം. പണം നൽകി വരിക്കാരാകുന്ന ഡിജിറ്റൽ സ്രോതസ്സുകളുടെ ആധികാരികത സൗജന്യ ഡൗൺലോഡുകളിൽ ഉറപ്പാക്കാനാകില്ല.

∙ ആരോഗ്യ ഇൻഷുറൻസ്: അസുഖങ്ങൾ പഠനത്തെ തടസ്സപ്പെടുത്താതിരിക്കാൻ ഫാമിലി ഫ്ലോട്ടർ മെഡിക്കൽ പോളിസികളിൽ കുട്ടികളെ ഉൾപ്പെടുത്തണം.

∙ മാതാപിതാക്കളുടെ പരിരക്ഷാ ചെലവ്: മാതാപിതാക്കളുടെ വരുമാനം നിലച്ചുപോകുന്ന സാഹചര്യങ്ങൾ കുട്ടികളുടെ പഠനച്ചെലവുകളെ ബാധിക്കാതിരിക്കാൻ മാതാപിതാക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്. ചെലവുകുറഞ്ഞ ടേം പോളിസികൾ കണ്ടെത്തണം. അടിയന്തിര ഫണ്ട് സ്വരൂപിക്കാൻ ചെറിയ നിക്ഷേപങ്ങളും ബജറ്റിൽ ഉൾപ്പെടുത്തണം.

∙ മാനസികോല്ലാസം: കലാ– കായിക പരിപാടികളിൽ പങ്കെടുക്കുന്ന പോലെ പ്രധാനമാണ് ആസ്വാദനവും. സിനിമ, പുറത്തുപോയി ഭക്ഷണം കഴിക്കൽ, യാത്രകൾ എന്നിങ്ങനെ മാനസികോല്ലാസത്തിനു സഹായിക്കുന്ന കാര്യങ്ങൾക്കും ബജറ്റിൽ തുക കണ്ടെത്തണം. 

English Summary:

Strategic financial planning for your child's educational future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com