ഒളിംപ്യാഡിലെ മികവിന് ഐഐടി കാൻപുരിൽ സീറ്റ് സംവരണം
Mail This Article
ഒളിംപ്യാഡുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്കായി ഐഐടി കാൻപുർ സീറ്റ് സംവരണം ചെയ്തു. അടുത്ത അധ്യയന വർഷം മുതൽ 5 വകുപ്പുകളിലെ ബിടെക്, ബിഎസ് കോഴ്സുകളിലാണ് നേരിട്ടു പ്രവേശനം നൽകുക.
ബയോളജിക്കൽ സയൻസ്–ബയോ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വകുപ്പുകളിലാണു സീറ്റ് സംവരണം. 2 ഘട്ടമായാണ് ഈ പ്രവേശനം പൂർത്തിയാക്കുക.
ഒളിംപ്യാഡിലെ റാങ്ക് അനുസരിച്ച് ചുരുക്കപ്പട്ടിക തയാറാക്കി പ്രത്യേകം എഴുത്തു പരീക്ഷ നടത്തും. ആവശ്യമെങ്കിൽ അഭിമുഖവും നടത്തും. അക്കാദമിക് അഫയേഴ്സ് ഡീൻ അധ്യക്ഷനായ കമ്മിറ്റിക്കായിരിക്കും മേൽനോട്ടം.
പ്രവേശന നടപടികൾ മാർച്ച് ആദ്യ ആഴ്ച ആരംഭിക്കും. വിവരങ്ങൾക്ക്: https://www.iitk.ac.in/doaa/
സീറ്റുകൾ ഇങ്ങനെ:
∙ ബയോളജിക്കൽ സയൻസ്, ബയോ എൻജിനീയറിങ് വകുപ്പ്: ആകെ 2 സീറ്റ്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിലെ ഒളിംപ്യാഡുകളിലൂടെയാകും പ്രവേശനം.
∙ കംപ്യൂട്ടർ സയൻസ്: ആകെ 6 സീറ്റ്. മാത്തമാറ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സ് ഒളിംപ്യാഡിലൂടെ പ്രവേശനം.
∙ കെമിസ്ട്രി: 2 സീറ്റ്. കെമിസ്ട്രി ഒളിംപ്യാഡിലൂടെ പ്രവേശനം.
∙ ഇക്കണോമിക് സയൻസ്: 3 സീറ്റ്. കണക്ക് ഒളിംപ്യാഡിലൂടെ പ്രവേശനം
∙ മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്: 4 സീറ്റ്. കണക്ക് ഒളിംപ്യാഡിലൂടെ പ്രവേശനം