ഉരുൾപൊട്ടൽ: വിദ്യാർഥികൾക്ക് 2 കോടി രൂപ; ‘ഉയിർപ്പ്’ പദ്ധതിയുമായി മലബാർ ഗ്രൂപ്പ്

Mail This Article
കോഴിക്കോട് ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന് ഇരയായ കുടുംബങ്ങളിലെ 134 വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് ‘ഉയിർപ്പ്’ പദ്ധതിയുമായി മലബാർ ഗ്രൂപ്പ്. ഉദ്ഘാടനം 29നു പ്രിയങ്ക ഗാന്ധി എംപി നിർവഹിക്കും. പഠനച്ചെലവ് മുഴുവൻ മലബാർ ഗ്രൂപ്പ് വഹിക്കും. മുൻപു പഠിച്ച കോഴ്‌സുകൾക്ക് ഫീസ് അടയ്ക്കാനുണ്ടെങ്കിൽ അതും നൽകും. 2 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. 63.5 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു. മലബാർ ഗ്രൂപ്പിന്റെ വിവിധ സംരംഭങ്ങളിൽ നിയമനത്തിന് ഇവർക്കു മുൻഗണന നൽകും. ജോലിസാധ്യത ഉറപ്പാക്കുന്നതിനായി പ്ലേസ്മെന്റ് സെല്ലും ഫിനിഷിങ് സ്‌കൂളും സ്ഥാപിക്കും. ടി.സിദ്ദിഖ് എംഎൽഎയുടെ ‘എംഎൽഎ കെയർ’ പദ്ധതിയുമായി സഹകരിച്ചാണ് ഇതു നടപ്പാക്കുക. ബിസിനസിൽനിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് സമൂഹത്തിനു തിരിച്ചുനൽകാനുള്ള ബാധ്യതയുണ്ടെന്നും അതാണ് മലബാർ ഗ്രൂപ്പ് നിറവേറ്റുന്നതെന്നും ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. 2019 ൽ വയനാട്ടിലെ പുത്തുമലയിൽ ദുരന്തമുണ്ടായപ്പോൾ 16 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകിയിരുന്നു. മലബാർ ഗ്രൂപ്പിന്റെ ലാഭത്തിന്റെ 5%നീക്കിവച്ച് 20 സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കായി 286 കോടിയിലധികം രൂപ ചെലവഴിച്ചതായി അഹമ്മദ് പറഞ്ഞു.