ഓണ്‍ലൈന്‍ ഡേറ്റിങ്: പ്രായത്തിൽ കടുംപിടുത്തം സ്ത്രീകൾക്ക്, പുരുഷന്മാർക്ക് മുഖ്യം വിദ്യാഭ്യാസം
Mail This Article
വിവാഹത്തിനായി ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഡേറ്റിങ്ങിനെ ആശ്രയിക്കുന്നവര്‍ ഇന്ന് വര്‍ദ്ധിച്ചു വരികയാണ്. ഓരോരുത്തരുടെയും വിദ്യാഭ്യാസം, വരുമാനം, താത്പര്യങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായ പങ്കാളികളെ കണ്ടെത്തി കുറച്ച് കാലം ഡേറ്റ് ചെയ്ത് വിവാഹത്തിലേക്ക് പോകുന്നതാണ് വികസിത രാജ്യങ്ങളില്‍ പലതിലെയും ട്രെന്‍ഡ്. എന്നാല്‍ ഈ ഓണ്‍ലൈന്‍ ഡേറ്റിങ് വരുമാനത്തിലെ അസമത്വം വര്‍ദ്ധിക്കാന്‍ ഒരു കാരണമാകുന്നതായി അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദശകങ്ങളായി തങ്ങളുടെ അതേ വരുമാനമാനമുള്ളവരെ വിവാഹം കഴിക്കാനാണ് അമേരിക്കക്കാര്‍ താത്പര്യപ്പെടുന്നതെന്ന് ഡല്ലാസ് ഫെഡറല്‍ റിസര്‍വ് ബാങ്കും സെയിന്റ് ലൂയിസ് ബാങ്കും ഹാവര്ഫോഡ് കോളജും ചേര്‍ന്ന് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഇത് ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പുകള്‍ കൊണ്ടു വന്ന ഒരു മാറ്റമാണ്. 1980 മുതല്‍ 2020 കാലഘട്ടത്തില്‍ ഉണ്ടായ വരുമാന അസമത്വത്തിന്റെ വര്‍ദ്ധനയില്‍ പാതിയും ഇത് മൂലം സംഭവിച്ചതാണെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2008 മുതല്‍ 2021 വരെയുള്ള സെന്‍സസ് ബ്യൂറോ അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേ കണക്കുകളാണ് പഠനത്തിനായി ഉപയോഗപ്പെടുത്തിയത്. ഇതില്‍ നിന്ന് ഡേറ്റ് ചെയ്യുമ്പോള്‍ സ്ത്രീകള്‍ പ്രായത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സിലക്ടീവ് ആയെന്നും പുരുഷന്മാര് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സിലക്ടീവ് ആയെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. അതേ വരുമാനവും വിദ്യാഭ്യാസ നിലയും ഉള്ള പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള താത്പര്യവും ഇക്കാലയളവില്‍ വര്‍ദ്ധിച്ചതായി പഠനത്തില്‍ കണ്ടെത്തി. ആരെ പങ്കാളിയായി തിരഞ്ഞെടുക്കുന്നു എന്നത് കുടുംബവരുമാനത്തെ ബാധിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളില്‍ ഒന്നാണ്. ഓണ്‍ലൈന്‍ ആപ്പുകളുടെ സാന്നിധ്യം വരുമാന അസമത്വത്തെ സൂചിപ്പിക്കുന്ന ഗിനി കോഎഫിഷ്യന്റില് മൂന്ന് ശതമാനം വര്‍ദ്ധനയിലേക്ക് നയിച്ചെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.