ചർമപരിചരണത്തിന് ലഭിക്കും ഒരു ലക്ഷം രൂപ; വ്യത്യസ്തമായി സ്‌കിന്‍കെയര്‍ ഇന്റേണ്‍ഷിപ്പ്
Mail This Article
വ്യത്യസ്‌ത മേഖലകളിലെ ഇന്റേണ്‍ഷിപ്പിനായി ശ്രമിക്കുന്നവരുടെ മുന്നിലേക്ക് അതിമോഹനമായ ഒരു ഡീല്‍ വയ്‌ക്കുകയാണ് ഡീകണ്‍സ്‌ട്രക്ട് എന്ന സ്കിന്‍ – ഹെയര്‍ കെയര്‍ ഉൽപന്ന കമ്പനി. ഇന്റേണുകള്‍ക്ക് അവരുടെ ചര്‍മപരിചരണത്തിനായി ഒരു ലക്ഷം രൂപയും വ്യക്തിഗത ഗൈഡന്‍സുമാണ് ഡീകണ്‍സ്‌ട്രക്ട് വാഗ്‌ദാനം ചെയ്യുന്നത്. ആറു മുതല്‍ 10 ഇന്റേണുകളെയാണ് കമ്പനി നിയമിക്കാനൊരുങ്ങുന്നത്. ചര്‍മപരിചരണം സ്‌ത്രീകള്‍ക്കു മാത്രമുള്ളതല്ല എന്ന അവബോധം സൃഷ്ടിക്കാനായി ഈ ഒഴിവുകളില്‍ 50% പുരുഷന്മാര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്.
18 വയസ്സു കഴിഞ്ഞ ആര്‍ക്കും ഇവിടെ അപേക്ഷിക്കാം. ചര്‍മവുമായി ആരോഗ്യകരമായ ഒരു ബന്ധം വളര്‍ത്താന്‍ തുടക്കക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർമപരിചരണത്തിന് ഇന്റേണുകള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുന്നതെന്ന് ഡീകണ്‍സ്‌ട്രക്ട് സ്ഥാപകയും സിഇഒയുമായ മാലിനി അഡപ്പുറെഡ്ഡി പറയുന്നു. മൂന്നു ഘട്ടങ്ങള്‍ നീളുന്നതാണ് തിരഞ്ഞെടുപ്പു പ്രക്രിയ. റജിസ്‌ട്രേഷനും സ്‌ക്രീനിങ്ങുമാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തില്‍ വിഡിയോ സബ്‌മിഷനുകള്‍ നടക്കും. വ്യക്തിഗത അഭിമുഖ പരീക്ഷയാണ് മൂന്നാം ഘട്ടം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നു മുതല്‍ രണ്ടു മാസം വരെ നീളുന്ന ഇന്റേണ്‍ഷിപ് നല്‍കും. ഓരോരുത്തരുടെയും ചര്‍മത്തിന് ഇണങ്ങുന്നതരം വ്യക്തിഗത സ്‌കിന്‍കെയര്‍ റൂട്ടീനുകളെപ്പറ്റി ഇന്റേണുകളെ പഠിപ്പിക്കും. പ്രശസ്‌തരായ ചര്‍മരോഗവിദഗ്‌ധരും സ്‌കിന്‍കെയര്‍ കോച്ചുകളുമായുള്ള സെഷനുകളും സ്‌കിന്‍കെയര്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാണ്.