വേമ്പനാടിന്റെ ശുചിത്വ കാവൽക്കാരന് ആദരം; അഭിനന്ദനവുമായി പ്രധാനമന്ത്രി!
Mail This Article
ജന്മനാ പോളിയോ ബാധിച്ചു തളർന്നുപോയ കാലുകളുമായി കുമരകം വേമ്പനാടു കായലിന്റെ ഓളപ്പരപ്പിൽ വള്ളം തുഴഞ്ഞു മാലിന്യം ശേഖരിക്കുന്ന എൻ.എസ്. രാജപ്പൻ (രാജു–72) ഇന്നു രാജ്യമെങ്ങും ഒരു പ്രതീകമാണ്. ശുചിത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിലെ തളരാത്ത മാതൃക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ പ്രഭാഷണമായ മൻ കീ ബാത്തിൽ പരാമർശിച്ചതോടെയാണ് ആർപ്പൂക്കര മഞ്ചാടിക്കരി നടുവിലേത്ത് വീട്ടിൽ രാജപ്പൻ ദേശീയശ്രദ്ധ നേടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി (മൻ കീ ബാത്ത് പ്രഭാഷണത്തിൽ)
രാജപ്പൻജി, നിങ്ങളുടെ ചിന്ത വലുതാണ് ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ സാക്ഷാത്കരിക്കുന്ന മറ്റൊരു വാർത്ത കേരളത്തിൽനിന്നു ഞാൻ കണ്ടു. കേരളത്തിലെ കോട്ടയത്ത് എൻ.എസ്. രാജപ്പൻ എന്ന വയോധികനായ ഭിന്നശേഷിക്കാരനുണ്ട്. ശരീരം തളർന്ന രാജപ്പനു നടക്കാൻ സാധിക്കില്ല. പക്ഷേ, ശുചിത്വത്തോടുള്ള പ്രതിബദ്ധതയെ ഇതു ബാധിച്ചിട്ടില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹം വേമ്പനാട് കായലിൽ വള്ളത്തിൽ പോയി, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയാണ്. ചിന്തിക്കുക, രാജപ്പൻജിയുടെ ചിന്ത എത്ര വലുതാണെന്ന്! രാജപ്പൻജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നമ്മളും സാധ്യമാകുന്നിടത്തെല്ലാം ശുചിത്വത്തിനായി നമ്മുടെ സംഭാവന നൽകണം.
ഒന്നര പതിറ്റാണ്ടായി വേമ്പനാട്ടു കായലിലെയും അതിനോടു ചേർന്നുള്ള തോടുകളിലെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു വരികയാണ് രാജപ്പൻ. വള്ളത്തിൽ തുഴഞ്ഞുപോയി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം കൂട്ടിവച്ച് ആക്രി വിൽപനക്കാർക്കു നൽകും. ചെറിയ വരുമാനവും കിട്ടും. വള്ളത്തിൽ കയറാൻ എളുപ്പത്തിനായി വീടിനു മുന്നിൽ മണൽച്ചാക്കുകൾ അടുക്കിയിട്ടുണ്ട്.
അവിടെ വരെ നിരങ്ങിയെത്തി സ്വാധീനക്കുറവുള്ള കാലുകൾ വള്ളത്തിലേക്ക് എടുത്തു വച്ചാണു കയറുന്നത്. തുഴഞ്ഞു കൂടുതൽ അകലെപ്പോകുന്ന ദിവസങ്ങളിൽ വീട്ടിലേക്കു മടങ്ങില്ല. ഏതെങ്കിലും പാലത്തിനു താഴെ വള്ളം അടുപ്പിച്ചു വള്ളത്തിൽത്തന്നെ കിടക്കും. ചെറിയ വീട് കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ തകർന്നു. ഇപ്പോൾ സഹോദരി വിലാസിനിയുടെ വീട്ടിലാണു താമസം.
‘പ്രധാനമന്ത്രി എന്നെക്കുറിച്ചു പറഞ്ഞതിൽ സന്തോഷം. ഇതു കൂടുതൽ ആൾക്കാർക്കു പ്രചോദനമാകുമെങ്കിൽ അതും വലിയ സന്തോഷം. എനിക്ക് ആവതുള്ള കാലത്തോളം ഇതു തുടരും.’
എൻ.എസ്.രാജപ്പൻ
English Summary: Keralite Rajappan's commitment to cleanliness gets a shout-out from PM Modi