ADVERTISEMENT

വജ്രങ്ങള്‍ ഭൂമിയിലെ ഏറ്റവും വിലയേറിയ വസ്തുക്കളിലൊന്നാണ്. ലക്ഷണമൊത്ത വജ്രങ്ങള്‍ക്കു ലഭിക്കുന്ന വില ആരെയും അമ്പരപ്പിക്കും. അതസമയം ഭൂമിയില്‍ ഇത്ര മൂല്യമേറിയ, കണ്ടെടുക്കാന്‍ കിലോമീറ്ററുകള്‍ ആഴത്തില്‍ ഖനികള്‍ നിര്‍മിക്കേണ്ടി വരുന്ന ഈ വസ്തുവാണ് നെപ്റ്റ്യൂണിന്‍റെ ഉള്‍ഭാഗത്ത് നിറയെ കാണപ്പെടുന്നത്. വജ്രങ്ങള്‍ വെറുതെ കാണപ്പെടുന്നു എന്നതു മാത്രമല്ല ഇവയുടെ എണ്ണവും വർധിച്ച് വരികയാണ് നെപ്റ്റ്യൂണില്‍. അയല്‍വാസിയായ യുറാനസിലും ഇത് തന്നെയാകും സ്ഥിതിയെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. ഏതായാലും ദശാബ്ദങ്ങളായി അമ്പരിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്തി എന്ന വിശ്വാസത്തിലാണ് ശാസ്ത്രലോകമിപ്പോള്‍. 

വജ്രമഴയ്ക്ക് പിന്നിൽ?

നെപ്റ്റ്യൂണിന്‍റെ  ഉള്‍ഭാഗത്തെ ‘വജ്രമഴ’യ്ക്ക് പിന്നിലുള്ള ഊഹം ഇതാണ്.  സൂര്യനില്‍ നിന്ന് ഏറെ അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ കൊടും തണുപ്പില്‍ മഞ്ഞുമൂടിയ നിലയിലാണ് ഈ ഗ്രഹങ്ങളുള്ളത്. എന്നാല്‍  ഉള്‍ഭാഗം മറ്റെല്ലാ ഗ്രഹങ്ങളെയും പോലെ കൊടും ചൂടില്‍ ഉരുകി ഒഴുകുന്ന ലാവകളാല്‍ നിറഞ്ഞതാണ്. ഉള്ളിലും പുറത്തുമുള്ള ഈ താപനിലയിലെ വൈരുധ്യം തന്നെയാണ് നെപ്റ്റ്യൂണിന്‍റെ ഉള്‍ഭാഗത്ത് വജ്രങ്ങള്‍ കുമിഞ്ഞു കൂടുന്നതിന് വഴിയൊരുക്കുന്നത്. ഉള്‍ഭാഗത്തെ കൊടും ചൂടും ഉയര്‍ന്ന മര്‍ദവും നെപ്റ്റ്യൂണിന്‍റെ അന്തര്‍ഭാഗത്തുള്ള ഹൈഡ്രോകാര്‍ബണ്‍ ഘടകങ്ങളെ വജ്രങ്ങളാക്കി മാറ്റുന്നു എന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്.

എങ്ങനെയാണ് ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെപ്റ്റ്യൂണിന്‍റെ അകക്കാമ്പിലെ വജ്രങ്ങളെ തിരിച്ചറിയുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ ചോദ്യം. SLAC നാഷണല്‍ അക്സിലറേറ്റര്‍ ലാബോറട്ടറിയുടെ ലിനാക് കോഹറന്‍റ് ലൈറ്റ് സോഴ്സ് എക്സ്റേ ലേസര്‍ സാങ്കേതിക വിദ്യയാണ് നെപ്റ്റ്യൂണിനെ സംബന്ധിച്ച പുതിയ പഠനത്തിന് ഗവേഷകരെ സഹായിച്ചത്. ഇതാദ്യമായാണ് നെപ്റ്റ്യൂണിലെ വജ്രശേഖരത്തിന്‍റെ ഇത്രയും കൃത്യമായ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് ലഭിക്കുന്നതും. ഹൈഡ്രോകാര്‍ബണുകള്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ക്രിസ്റ്റലൈസ് ചെയ്യപ്പെട്ട് വജ്രങ്ങളുടെ രൂപത്തിലേക്ക് മാറുന്നതും ഈ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി.

സൗരയൂഥത്തിലെ ഏറ്റവും കുറച്ച് മാത്രം പഠനങ്ങള്‍ നടന്നിട്ടുള്ള രണ്ട് ഗ്രഹങ്ങളാണ് യുറാനസും, നെപ്റ്റ്യൂണും. ഇതുവരെ ഇവയുടെ സമീപത്തു കൂടി മാത്രം കടന്നു പോയിട്ടുള്ള വോയേജര്‍ 2 എന്ന അമേരിക്കന്‍ ഉപഗ്രഹം മാത്രമാണ് ഇവയുടെ സമീപത്ത് നിന്നുള്ള ചിത്രങ്ങളെങ്കിലും ലഭ്യമാക്കിയിട്ടുള്ളത്. അതേസമയം ഭൂമി  ഉള്‍പ്പെടുന്ന ഗാലക്സിയായ ആകാശ ഗംഗ അഥവാ മില്‍ക്കി വേയേക്കുറിച്ചുള്ള കൂടുതല്‍ വിവിരങ്ങള്‍ക്ക് ഈ രണ്ട് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനം അനിവാര്യമാണ്. ഇതിലേക്കായുള്ള നിര്‍ണായക ചുവടുവയ്പാണ് എക്സ്റേ ലേസര്‍ ഉപയോഗിച്ച് നടത്തിയ നെപ്റ്റ്യൂണിലെ വജ്രങ്ങളെക്കുറിച്ചുള്ള പഠനം എന്നാണു കരുതുന്നത്. 

Diamond rain falls on Neptune and Uranus

നെപ്റ്റ്യൂണിന്‍റെ അന്തരീക്ഷം

ഹൈഡ്രജനും ഹീലിയവും ചേര്‍ന്നതാണ് നെപ്റ്റ്യൂണിന്‍റെ അന്തരീക്ഷത്തിന്‍റെ വലിയൊരു ഭാഗവും. യുറാനസിലും സ്ഥിതി വ്യത്യസ്തമല്ല. അല്‍പം മാത്രം മീഥൈനിന്‍റെ സാന്നിധ്യവുമുള്ള ഈ ഗ്രഹങ്ങളുടെ ഉള്‍ക്കാമ്പ് വാതകങ്ങളാലും, ഉറച്ചു പോയ വെള്ളം അഥവാ മഞ്ഞുപാളികളാലും നിറഞ്ഞതാണ്. അതേസമയം തന്നെ ഉള്ളില്‍ തിളച്ച് മറിയുന്ന കോര്‍ മേഖലയും ഈ ഗ്രഹങ്ങളില്‍ കാണാന്‍ കഴിയും. പുറത്തെയും അകത്തെയും താപനിലയിലുള്ള ഈ സാരമായ വ്യതിയാനം തന്നെയാണ് ഇത്രയധികം അളവില്‍ വജ്രങ്ങള്‍ ഈ ഗ്രഹങ്ങളില്‍ രൂപപ്പെടുന്നതിന് കാരണമാകുന്നതും. 

പതിറ്റാണ്ടുകളായി തന്നെ ശാസ്ത്ര ഗവേഷണ സ്ഥാപനമായ സ്ലാക് ഈ ഗ്രഹങ്ങളുടെ അകക്കാമ്പുകളെ കുറിച്ചുള്ള പഠനത്തിലാണ്. ഇതിനിടയിലാണ് വജ്രങ്ങളിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നത്. വജ്രങ്ങളുണ്ടാകാനുള്ള കാരണത്തിന് പിന്നിലെ ശാസ്ത്രീയതയെക്കുറിച്ച് ഈ സ്ഥാപനത്തിലെ ഗവേഷകര്‍ക്ക് മുന്‍പ് തന്നെ ധാരണയുണ്ടായിരുന്നു. എന്നാല്‍ ഈ ധാരണ സ്ഥിതീകരിക്കും വിധമുള്ള തെളിവുകള്‍ ലഭിച്ചത് എക്സറേ ലേസര്‍ സാങ്കേതിക വിദ്യയുടെ ഇടപെടലോടെയാണെന്നു മാത്രം.

ഈ വജ്രങ്ങളുടെ കണ്ടെത്തല്‍ നെപ്റ്റ്യൂണിനെ സംബന്ധിച്ച് നിര്‍ണായകമാണ്. കാരണം ഈ ഗ്രഹത്തിന്‍റെ ഉള്ളിലെ താപനിലയുടെ തീവ്രതയാണ് വജ്രങ്ങളുടെ സാന്നിധ്യം കാണിച്ചു തരുന്നത്. ഇത്രയും ഉയര്‍ന്ന അളവിലുള്ള താപനില നിലവിലുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള അറിവുകള്‍ക്കുള്ളില്‍ നിന്ന് നോക്കിയാല്‍ അസാധാരണമാണ്. അതുകൊണ്ട് തന്നെ അസാധാരണമാം വിധമുള്ള ഒരു താപനില നെപ്റ്റ്യൂണില്‍ ഉണ്ടാകാനും അത് കോടിക്കണക്കിന് വര്‍ഷങ്ങളായി തുടരാനുമുള്ള കാരണവുമാണ് ഇപ്പോള്‍ ഗവേഷകര്‍ അന്വേഷിക്കുന്നത്. 

English Summary: Diamond rain falls on Neptune and Uranus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com