ഒരു ഗ്രാമം മുഴുവൻ ഭയപ്പെടുന്ന ‘ഭീകരൻ’; അദ്ഭുതം ഒളിഞ്ഞിരിക്കുന്ന ആറാം വിരൽ!

Mail This Article
ഭൂമിയില്‍ മരം കയറുന്ന ജീവികളില്‍ ഏറ്റവും കുട്ടിത്തമുള്ള ജീവികളേതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം ലെമൂറുകള്‍ എന്ന്. കുറിയ ശരീരവും നിഷ്കളങ്കമായ മുഖവും കണ്ണുകളും എല്ലാം ലെമൂറുകളെ ഒറ്റ നോട്ടത്തില്‍ തന്നെ ആരുടേയും പ്രിയപ്പെട്ട മൃഗമാക്കി മാറ്റും. ലെമൂറുകളിലെ തന്നെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിരവധി പ്രത്യേകതകളുള്ള ഒന്നാണ് അയ് അയ് ലെമൂറുകള്‍. ഇവയുടെ ഏറ്റവും ഒടുവിലായി കണ്ടെത്തിയ പ്രത്യേകതയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന്.
ആറാം വിരല്‍
മനുഷ്യരുള്‍പ്പടെയുള്ള പ്രിമേറ്റ് വിഭാഗത്തില്‍ പെട്ട ജീവികളില്‍ ഓരോ കയ്യിലും കാലിലും അഞ്ച് വിരലുകള്‍ വീതമാണുണ്ടാകുക. മനുഷ്യരിലും കുരങ്ങന്‍മാരിലും വളരെ അപൂര്‍വമായി മാത്രം ഇതിലും കൂടുതല്‍ വിരലുകള്‍ ഉള്ളവരുണ്ട്. പക്ഷേ ഇത് ഒറ്റപ്പെട്ട വ്യക്തികളുടെ കാര്യമാണ് അല്ലാതെ ഒരു വിഭാഗത്തിന്‍റെ മുഴുവൻ പ്രത്യേകതയല്ല. എന്നാൽ അയ് അയ് ലെമൂറുകള്‍ മാത്രം ഇതില്‍ നിന്നു വ്യത്യസ്തരാണ്. ഈ ജീവിവര്‍ഗം മുഴുവന്‍ കൈകളില്‍ ആറ് വിരലുള്ളവയാണ്.
മഡഗാസ്കറില്‍ മാത്രം കാണപ്പെടുന്ന ഈ ലെമൂര്‍ വര്‍ഗം വ്യത്യസ്തമായ ശരീരഭാഗങ്ങള്‍ കൊണ്ട് മുന്‍പേ തന്നെ ശ്രദ്ധേയരാണ്. വവ്വാലിനെ ഓര്‍മിപ്പിക്കുന്ന മുഖവും, നഖങ്ങള്‍ക്കു തുല്യമായ വിരലുകളും, വലിയ ചെവിയും, വട്ടത്തില്‍ കറക്കാന്‍ കഴിയുന്ന നടുവിരലുമെല്ലാം ഈ ജീവികളുടെ ശാരീരക സവിശേഷതകളാണ്. ഇതിനു പുറമെയാണ് ഇപ്പോള്‍ ഒരു ആറാം വിരലു കൂടി ഇവയുടെ വ്യത്യസ്തമായ ശരീരഭാഗങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
പക്ഷേ അയ് അയ് ലെമൂറുകളെ ഇത്ര നാളും നിരീക്ഷിച്ചിട്ടും ഇത്തരം ഒരു വിരലിന്‍റെ സാന്നിധ്യം എന്തുകൊണ്ട് ഗവേഷകര്‍ തിരിച്ചറിഞ്ഞില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. അതേസമയം ഇതിന് വ്യക്തമായ ഉത്തരവുമുണ്ട്. ഒറ്റനോട്ടത്തില്‍ കാണാന്‍ സാധിക്കുന്നതിലും ചെറുതും കൈപ്പത്തിയോടു ചേര്‍ന്നിരിക്കുന്ന നിലയിലുമാണ് ഈ വിരലുള്ളത്. എന്നാൽ ഒരു സാധാരണ വിരലെന്ന പോലെ അനക്കാന്‍ കഴിയുന്ന ഈ ആറാം വിരലിന് സ്വന്തായി വിരലടയാളം വരെയുണ്ടെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

കണ്ടെത്തിയത് ത്രീഡി സ്കാനിങ്ങിലൂടെ
മഡഗാസ്കര്‍ അയ് അയ് ലെമൂറുകളുടെ കൈയിലെ ഈ വിരല്‍ ആദ്യം ഒരു മുഴ മാത്രമാണെന്നാണ് ഗവേഷകര്‍ കരുതിയത്. എന്നാല്‍ ഈ ശരീരഭാഗം അനക്കാനുള്ള കഴിവ് ലെമൂറുകള്‍ക്കുണ്ടെന്ന് മനസ്സിലായതോടെയാണ് ഇവയുടെ കൈ ത്രീഡി സ്കാനിങ്ങിനു വിധേയമാക്കാന്‍ ഗവേഷകര്‍ തീരുമാനിച്ചത്. ത്രീ ഡീ സ്കാനിങ്ങില്‍ ഈ ശരീരഭാഗത്തിന്‍റെ ഉള്ളിലുള്ള എല്ല് കണ്ടെത്തിയതോടെയാണ് ഇതിനെ വിരലായി തന്നെ സ്ഥിരീകരിച്ചത്. തുടര്‍ന്നുള്ള പഠനത്തിലാണ് വിരലടയാളം ഉള്‍പ്പടെയുള്ള പ്രത്യേകതകള്‍ തിരിച്ചറിഞ്ഞതും.
പല പ്രായത്തിലുള്ള ആണ്‍ ലെമൂറുകളെയും പെണ്‍ ലെമൂറുകളെയും ഗവേഷകര്‍ പഠനത്തിന്റെ ഭാഗമായി നിരീക്ഷണ വിധേയമാക്കി. ഇവയിലെല്ലാം ഈ ശാരീരക പ്രത്യേകത കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ആറ് വിരലുകള്‍ കൈകളിലുള്ള ഏക പ്രിമേറ്റ് വിഭാഗമായി അയ് അയ് ലെമൂറുകളെ സ്ഥിരീകരിച്ചത്.

ഒരു ഗ്രാമം മുഴുവൻ ഭയപ്പെടുന്ന ‘ഭീകരൻ’
ലോകത്ത് മഡഗാസ്കർ ദ്വീപ് സമൂഹങ്ങളോടു ചേർന്നു മാത്രം കാണപ്പെടുന്ന ജീവിയാണിത്. പൂർണ വളർച്ചയെത്തിയാൽ ഏകദേശം ഒന്നരക്കിലോ മാത്രമേ വരൂ ഭാരം. പക്ഷേ ഒരു മുഴുവൻ ഗ്രാമത്തെ തന്നെ ഒഴിപ്പിക്കാനുള്ള ശേഷിയുണ്ട് അയ് അയ് ലെമൂർ എന്ന ഈ ജീവിക്ക്. മാത്രവുമല്ല, മഡഗാസ്കറിലെ വീടുകളിലേക്കു മരണത്തെ ക്ഷണിച്ചു കൊണ്ടുവരുന്നത് ഈ ജീവിയാണ്. ഇതിനെ കാണുന്നതാകട്ടെ ദുഃശ്ശകുനവും. ഇത്രയും കാര്യങ്ങൾ പോരേ അയ് അതിനെ കണ്ടമാത്രയിൽ തല്ലിക്കൊല്ലുന്നതിന്. അതുതന്നെയാണു മഡഗാസ്കറിൽ സംഭവിക്കുന്നതും. പൂജയും മറ്റും നടത്തിയാൽ അയ് അയുടെ ശാപം മാറ്റാമെന്നാണ് ഒരു കൂട്ടർ വിശ്വസിക്കുന്നത്. എന്നാൽ ഇതിനെ കണ്ടാൽ ഗ്രാമം തന്നെ ഒഴിഞ്ഞു പോകണമെന്ന് വേറൊരു കൂട്ടർ. ഓരോ ദിവസവും രാത്രി ഗ്രാമങ്ങളിലെ വീടുകളിലേക്ക് എത്തിനോക്കുന്നതാണ് ഇതിന്റെ ‘പണി’യെന്നു വിശ്വസിക്കുന്നവരുമേറെ. കൈവിരലുകളിൽ നടുവിലത്തേതിനു നീളം കൂടുതലാണ്. അത് ഉറങ്ങുന്ന മനുഷ്യന്റെ ഹൃദയത്തിലേക്കിറക്കി ചോര കുടിക്കുമെന്നു വിശ്വസിക്കുന്നവരും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുണ്ടെന്നതാണു സത്യം.
അയ് അയുടെ കാര്യം തന്നെയെടുക്കാം മനുഷ്യരെക്കണ്ടാൽ ഓടിപ്പോകാതെ കണ്ണുതുറിച്ചു നോക്കി നിൽക്കുന്ന തരം ജീവിയാണിത്. ഇതുതന്നെയാണ് ഇവയ്ക്കു തിരിച്ചടിയായതും. കാഴ്ചയിൽ വല്ലാത്തൊരു രൂപവും തുറിച്ച നോട്ടവും നീണ്ട വിരലുമെല്ലാമായതോടെ അന്ധവിശ്വാസം അയ് അയ്ക്കു ചുറ്റും കൂടുകൂട്ടി. മഡഗാസ്കറിന്റെ വടക്കൻ ഭാഗങ്ങളിലുള്ളവർ ഈ ശാപത്തിൽ നിന്നു രക്ഷപ്പെടാൻ ഒരു വഴിയും കണ്ടെത്തിയിട്ടുണ്ട്. അയ് അയിനെ തല്ലിക്കൊന്ന് ഒരു കമ്പിൽ തൂക്കി വീടിനു മുന്നിൽ വയ്ക്കണം. അതോടെ ഗ്രാമത്തിന്റെ തന്നെ ശാപം ഒഴിഞ്ഞു പോകും.

കണ്ടാലുടനെ തല്ലിക്കൊല്ലുന്നതിനാൽ മഡഗാസ്കറിലെ സ്വാഭാവിക പരിസ്ഥിതിയിൽ ഇന്ന് വിരലിലെണ്ണാവുന്ന അയ് അയ്കളേയുള്ളൂ. യുഎസിലും മറ്റും ചില മൃഗശാലകളിൽ ഇവയെ സംരക്ഷിച്ചു വളർത്തുന്നുണ്ട്. എങ്കിൽപ്പോലും വംശനാശഭീഷണിയിൽ നിന്ന് ഇവ രക്ഷപ്പെട്ടിട്ടില്ല. പ്രകൃതിസംരക്ഷണത്തിനുള്ള രാജ്യാന്തര സംഘടന (ഐയുസിഎൻ) തയാറാക്കിയ, വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളുടെ പട്ടികയിൽ (റെഡ് ലിസ്റ്റ്) അയ് അയും ഉണ്ട്. സത്യത്തിൽ അയ് അയ് നീണ്ട വിരലുകൾ ഉപയോഗിക്കുന്നത് അതിന്റെ ഭക്ഷണം തേടാനാണ്. മരങ്ങളിലെ പ്രാണികളുടെയും മറ്റും ലാർവകളാണ് പ്രധാന ഭക്ഷണം. രാത്രികളിൽ തന്റെ നീളൻ വിരൽ കൊണ്ട് ഇവ മരത്തടികളിൽ തട്ടും. പൊള്ളയായ ഭാഗം കണ്ടെത്തി അതിലേക്ക് വിരലിറക്കും, ലഭിക്കുന്ന ലാർവകളെ തിന്നുകയും ചെയ്യും.
ലെമൂറുകളുടെ വിഭാഗത്തില്‍പ്പെട്ട ഇവ 20 വര്‍ഷം വരെ ജീവിക്കും. ചുണ്ടെലി വിഭാഗത്തിലാണോ അതോ പ്രൈമറ്റ് വിഭാഗത്തിലാണോ ഇവയെന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ്. ചുണ്ടെലികളെപ്പോലെ മുൻപല്ലുകൾ തുടർച്ചയായി വളര്‍ന്നു കൊണ്ടേയിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. മനുഷ്യന്മാരെ കണ്ടാൽ പേടിയില്ലെന്നു മാത്രമല്ല, അവരുടെ അടുത്തേക്കു വന്നു നോക്കി നിൽക്കാനും ഭയമില്ല. ഇതുകൊണ്ടെല്ലാമാണ് മനുഷ്യരും ഇവയെ കണ്ടയുടനെ തല്ലിക്കൊല്ലുന്നത്. പാവം ഈ ജീവികളാകട്ടെ വംശം നിലനിർത്താൻ തന്നെ പാടുപെടുകയാണ്!