തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കാസർകോട് ബിജെപി പ്രവര്‍ത്തകര്‍ മസ്ജിദിനു മുന്നിൽ ജയ് ശ്രീറാം വിളിച്ചോ? സത്യമിതാണ് |Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
മൂന്നാമതും ബിജെപി അധികാരത്തിലെത്തിയതിന്റെ വിജയാഹ്ളാദം രാജ്യമെമ്പാടും ബിജെപി പ്രവർത്തകർ നടത്തുന്നുണ്ട്. കേരളത്തിലും സീറ്റ് നേടാൻ സാധിച്ചതിന്റെ വിജയാഘോഷവും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കാസർകോട് ജില്ലയിലെ ഒരു മസ്ജിദിനു മുന്നിലെത്തി ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചാരത്തിലുണ്ട്. ഒരു മസ്ജിദിനു മുന്നില്‍ ആളുകൾ പടക്കം പൊട്ടിക്കുന്നതും കാവി നിറത്തിലുള്ള ഷാളുകള്‍ ഉയര്‍ത്തിക്കൊണ്ട് ജയ് ശ്രീറാം വിളിക്കുന്നതും വിഡയോയില്‍ കാണാം. കേരളത്തില്‍ ഒരു സീറ്റ് കിട്ടിയപ്പോള്‍ ഇതാണ് അവസ്ഥയെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. "നോര്‍ത്ത് ഇന്ത്യയില്‍ മാത്രം കണ്ടു വരുന്ന കലാരൂപം ദാ ഇവിടെ നമ്മുടെ കാസര്‍കോട് തുടങ്ങി പള്ളിക്കു മുന്‍പില്‍ ആണ്. സംഘികള്‍ ആണ്. ഒരൊറ്റ സീറ്റു കിട്ടിയപ്പോള്‍ ഇതാണ് അവസ്ഥ" എന്നുള്ള പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം
എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ വിഡിയോ കാസര്‍ഗോഡ് നിന്നുള്ളതല്ല, കര്‍ണാടകയിലെ കരോപ്പടി ഗ്രാമത്തിലുള്ള ഗുണ്ടമജിലു മസ്ജിദിന് മുന്നില്‍ നിന്ന് പകര്‍ത്തിയതാണ്.
∙ അന്വേഷണം
പ്രചരിക്കുന്ന വിഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശം ഉള്‍പ്പെടുന്ന വാര്‍ത്ത 2024 ജൂണ്‍ 9ന് കന്നഡ മാധ്യമമായ Naanugauri.com പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്തി. ഈ റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണ കന്നഡയിലെ കരോപ്പടി ഗ്രാമത്തിലുള്ള ഗുണ്ടമജ്‌ലു മസ്ജിദിനു മുന്നില്‍ നിന്നുള്ള വിഡിയോയാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബ്രിജേഷ് ചൗട്ട വിജയിച്ചതിന് പിന്നാലെ കരോപ്പടി ഗ്രാമത്തിലെ ബിജെപി പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കുന്ന ദൃശ്യമാണിത്. ബ്രിജേഷ് ചൗട്ട, ജയ് ശ്രീറാം, ജയ് മോദി എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടായിരുന്നു മസ്ജിദിനു മുന്നില്‍ പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. ബിജെപിക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടുകൊണ്ട് എസ‌്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ സാദത്ത് ബജാത്തുര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയെന്നും വാര്‍ത്തയിലുണ്ട്.
കരോപ്പടിയിലെ ഗുണ്ടമജ്‌ലു പള്ളിക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതായി പരാമര്‍ശിച്ചുകൊണ്ട് സമാനമായ വാര്‍ത്ത മറ്റ് മാധ്യമങ്ങളും നല്‍കിയിരുന്നു. വൈറല്‍ വിഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടുത്തി വാര്‍ത്താ ഭാരതി കന്നഡയുടെ ഔദ്യോഗിക X പേജില്‍ പങ്കുവച്ച പോസ്റ്റ് കാണാം.
കാസർകോട് ജില്ലയില്‍ ബിജെപിയുടെ വിജയാഘോഷത്തിനിടെ മുസ്‌ലിം പള്ളിയ്ക്കു മുന്നില്‍ ഇത്തരമൊരു സംഭവം ഉണ്ടായതായി റിപ്പോര്‍ട്ടുകളുമില്ല. അതേസമയം, താമരശേരിയില്‍ മുസ്‌ലിം പള്ളിക്കകത്ത് കയറി ജയ് ശ്രീറാം വിളിച്ച കാരാടി ആലിക്കുന്നുമ്മല്‍ അഭിജയ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാലിത് ബിജെപിയുടെ വിജയാഹ്ളാദത്തിനിടെ നടന്ന സംഭവമായിരുന്നില്ല.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചാരത്തിലുള്ള വിഡിയോ കാസർകോട് ജില്ലയില്‍ നടന്ന സംഭവത്തിന്റേതല്ലെന്നും ജൂണ്‍ എട്ടിന് കര്‍ണാടകയിലെ കരോപ്പടിയിലുള്ള ഗുണ്ടമജ്‌ലു മസ്ജിദിനു മുന്നില്‍ ബിജെപിക്കാര്‍ നടത്തിയ ആഹ്ളാദ പ്രകടനമായിരുന്നുവെന്നും വ്യക്തമായി.
∙വസ്തുത
പ്രചാരത്തിലുള്ള വിഡിയോ കാസർകോട് ജില്ലയില്‍ നിന്നുള്ളതല്ല. ജൂണ്‍ എട്ടിന് കര്‍ണാടകയിലെ കരോപ്പടിയിലുള്ള ഗുണ്ടമജ്‌ലു മസ്ജിദിനു മുന്നില്‍ ബിജെപിക്കാര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന്റെ ദൃശ്യമാണിത്.
English Summary :This is a scene of a joyful demonstration by BJP members in front of the Gundamajlu Masjid in Karopadi, Karnataka