ADVERTISEMENT

അംബാസിഡർ, പ്രീമിയർ പത്മിനി, മാരുതി, ഇൻഡിക്ക വിരലിൽ എണ്ണാവുന്ന വാഹനങ്ങൾ മാത്രമുണ്ടായിരുന്നൊന്നു കാലമുണ്ടായിരുന്നു ഇന്ത്യൻ കാര്‍ വിപണിക്ക്. ഇന്നത്തെപോലെ മെഴ്സീഡിസ് ബെൻസും ബിഎംഡബ്ല്യുവും ഔഡിയുമൊക്കെ സാധാരണ കാഴ്ചയായി മാറുന്നതിനു മുമ്പുള്ള കാലത്ത് ഇന്ത്യൻ നിരത്തുകളെ അടക്കിവാണിരുന്നത് അവരായിരുന്നു. പുതിയ വാഹനങ്ങളിറങ്ങിയെങ്കിലും നമ്മുടെ മനസിലെ ആദ്യ കാറുകൾ ഇവയായിരിക്കും.

∙ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അംബാസഡർ (1958–2014) 56 വർഷം

ഇരുപതിലധികം (അച്ചടി) ഭാഷകളും, അതിലേറെ സംസാരഭാഷകളും ‌ഉള്ള ഇന്ത്യ തികച്ചും ഒരു വൈവിധ്യങ്ങളുടെ രാജ്യമാണ്. എന്നാൽ നാനാത്വത്തിലെ ഏകത്വം പോലെ ഇന്ത്യക്കാരെ മുഴുവൻ കൂട്ടിചേർക്കുന്ന ഒരു കണ്ണിയായിരുന്നു ഹിന്ദുസ്ഥാൻ അംബാസഡർ. നിർമാണം നിർത്തിയെങ്കിലും ഇന്നും ജനപ്രിയതയിൽ ഏറെ മുന്നിലാണ് ഈ കാർ. ഏകദേശം ആറു പതിറ്റാണ്ടോളം, കൃത്യമായി പറഞ്ഞാല്‍ 56 വർഷം, ഇന്ത്യൻ നിരത്തുകളിൽ അടക്കിവാണതിനു ശേഷമാണ് അംബാസിഡർ വിടവാങ്ങുന്നത്. അത്യാകർഷക രൂപകൽപനയോ, മെച്ചപ്പെട്ട സാങ്കേതികവിദ്യയോ അവകാശപ്പെടാനില്ലാത്ത ഈ കൊച്ചു സുന്ദരൻ ജനഹൃദയങ്ങളെ കീഴടക്കിയതെങ്ങനെയെന്നത് ഇന്നും തികച്ചുമൊരത്‍ഭുതമാണ്.

കുണ്ട‌ും കുഴിയും നിറഞ്ഞ ഇന്ത്യൻ റോഡിലും മികച്ച നിയന്ത്രണം നൽകിയിരുന്നു എന്നതാണ് അംബാസിഡറിനെ പ്രമുഖരുടെ പോലും പ്രിയവാഹനമായി മാറ്റിയത്. ഏതൊരാൾക്കും അനായാസം കൈകാര്യം ചെയ്യാവുന്നത്ര സിംപിളാണ് കാറിന്റെ ഇലക്ട്രോണിക്സ്. ഒരു സ്പാനറും, സ്ക്രൂഡ്രൈവറും ചെറിയൊരു ചുറ്റികയും മതി അംബാസിഡറിന്റെ കേടുപാടുകൾ നീക്കാനെന്നുപോലും പറയപ്പെട്ടിരുന്നത് ഇതു മൂലമാണ്.

1980-കൾ വരെ നിരത്തിൽ അംബാസിഡറിനു കാര്യമായ എതിരാളികൾ ഉണ്ടായിരുന്നില്ല. പ്രീമിയർ പദ്മിനി എന്ന പേരിലറിയപ്പെട്ട ഫിയറ്റ് 1100, ഫിയറ്റ് 124 (പ്രീമിയർ 118 എൻ ഇ) മോഡലുകളാണ് ആദ്യമായെത്തിയ എതിരാളികൾ. എന്നാൽ ശക്തമായ തിരിച്ചടി നേരിട്ടത് 1983 ൽ മാരുതി 800 പുറത്തിറങ്ങിയതോടെയാണ്. മികച്ച ഇന്ധനക്ഷമതയും അന്നു ലഭ്യമായ ഏറ്റവും നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന മാരുതി 800 വന്നതോടെ അംബാസിഡറിന്റെ ജനപ്രീതിയിൽ കാര്യമായ കുറവുണ്ടായി. 1990 കളുടെ ആരംഭം മുതൽ ടൊയോട്ട, മിറ്റ്സുബിഷി, ഹ്യൂണ്ടേയ് തുടങ്ങിയ കമ്പനികളും ഇന്ത്യയിൽ സാന്നിധ്യമുറപ്പിച്ചതോടെ വിപണിയിൽ അംബാസിഡറിനു ശക്തമായ തിരിച്ചടി നേരിട്ടു തുടങ്ങി. എന്നാൽ പുതുതലമുറ കാറുകളുടെ കുത്തൊഴുക്കിൽ അമ്പിക്ക് കാലിടറി. മാറ്റങ്ങൾ വരുത്തുവാൻ ശ്രമുണ്ടായി എങ്കിലും അംബാസിഡറിനെ രക്ഷിക്കാനായില്ല. ഒരു കാലത്തു ആഡംബരത്തിന്റെയും പ്രൗഡിയുടെയും പ്രതീകമായി നിലകൊണ്ട അംബാസിഡർ ഇന്നും ഏറെപ്പേരുടെ പ്രിയപ്പെട്ട വാഹനം തന്നെ. എന്നാൽ ഈ പ്രിയം എല്ലാവരുടെയും നൊസ്റ്റാൽജിയയിൽ മാത്രം ഒതുങ്ങുന്നു എന്നതാണ് സത്യം.

∙ പ്രീമിയർ പത്മിനി (1964-1998) 34 വർഷം

കാർ പ്രേമികളുടെ ഇഷ്ട വാഹനമായിരുന്നു ഒരുകാലത്ത് പത്മിനി. അംബാസഡർ കണ്ടു മടുത്തവർക്കുള്ള ഏക ബദലും ഇതു മാത്രമായിരുന്നു. ഫിയറ്റിന്റെ 1100 ഇന്ത്യയിലെത്തിയ കാർ 70 കളിലാണ് പ്രീമിയർ പത്മിനിയാകുന്നത്. ചെറിയ ഭംഗിയുള്ള രൂപവും ഡ്രൈവ് ചെയ്യാനുള്ള ചെയ്യാനുള്ള സുഖവും പത്മിനിയെ ഇന്ത്യക്കാരുടെ പ്രിയകാറാക്കി മാറ്റി. 1973 മുതൽ 1998 വരെ ഇന്ത്യയിൽ നിർമിച്ചിരുന്ന പത്മിനിയായിരുന്നു മുംബൈ നഗരത്തിലെ ടാക്സി കാറുകളിൽ ഭൂരിഭാഗവും. പോരെങ്കിൽ തമിഴ് സൂപ്പർതാരം രജനികാന്തിനെ പോലുള്ള പ്രശസ്തരും പ്രീമിയർ പത്മിനി സ്വന്തമാക്കിയിരുന്നു. എൺപതുകളുടെ മധ്യത്തിൽ മാരുതി പടയോട്ടം തുടങ്ങിയതോടെ പത്മിനിയുടെ കഷ്ടകാലവും ആരംഭിച്ചു. പിന്നീട് ലതർസീറ്റുകളും എയർകണ്ടീഷനുമൊക്കെയായി പുറത്തിറക്കിയെങ്കിലും ക്ലച്ചുപിടിക്കാനായില്ല. ക്രമേണ ജനപിന്തുണ നഷ്ടപ്പെട്ട പദ്മിനി വിസ്മൃതിയിലായി.

∙ മാരുതി 800 (1983–2014) 31 വർഷം

ജർമനിക്ക് ഫോക്സ്‍വാഗൻ ബീറ്റിൽ പോലെ, ബ്രിട്ടന് മിനി കൂപ്പർപോലെ ഇന്ത്യയിലെ ജനങ്ങളുടെ കാറാണ് മാരുതി 800. ജപ്പാനിലെ സുസുക്കി മോട്ടോർസ് കമ്പനിയും നമ്മുടെ സർക്കാരും തമ്മിലുള്ള ഒരു സം‌യുക്ത സം‌രംഭമായാണ് ആദ്യ കാർ ഇറങ്ങിയത്. 1983ൽ പുറത്തിറങ്ങിയ മാരുതി വളരെ പെട്ടെന്നു തന്നെ ജനകീയ കാറായി മാറി. ഒരു പക്ഷേ ഇന്ത്യൻ വാഹന ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വിൽക്കപ്പെട്ട കാർ മാരുതി 800 ആവും. അംബാസഡറും പത്മിനിയും പോലുള്ള എതിരാളികളുടെ വംശനാശം വരുത്തി മുന്നേറിയ മാരുതിയുടെ ജനപ്രീതി ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കു കുതിച്ചു. ഇന്ത്യയ്ക്ക് ചക്രങ്ങൾ സമ്മാനിച്ച കാർ എന്ന ബഹുമതി മാരുതിക്ക് അവകാശപ്പെട്ടതാണ്.

വിൽപനയ്ക്കെത്തി പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇന്ത്യൻ നിരത്തിൽ മാരുതി 800 കാറുകൾക്കു പഞ്ഞമില്ല. പോരെങ്കിൽ ഈ വിശാല രാജ്യത്തെ മെക്കാനിക്കുകൾ പലരും തൊഴിൽ പഠിച്ചതും ഈ കാറിലാണ്. പുതുക്കിയ മലിനീകരണ മാനദണ്ഡങ്ങൾക്കനുസരിച്ച് (യൂറോ-4) മാരുതി 800-ന്റെ എൻജിനിൽ പരിഷ്കാരങ്ങൾ വരുത്താത്തതായിരുന്നു മാരുതി 800ന്റെ പിൻവലിയലിനു കാരണം. നിർമാണം അവസാനിപ്പിച്ച് വർഷങ്ങൾ പലതായി എങ്കിലും ഇന്നും നമ്മുടെ നിരത്തുകളിലെ സജീവ സാന്നിധ്യമാണ് 800.

∙ ടാറ്റ ഇൻഡിക്ക (1998–2018) 20 വർഷം

കാർ വിപണിയിൽ ടാറ്റയ്ക്ക് മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത കാറാണ് ടാറ്റ ഇൻഡിക്ക. അംബാസഡറിലെ സ്ഥല സൗകര്യവും മാരുതി സെന്നിന്റെ വലുപ്പവും മാരുതി 800–നോട് അടുത്തുനിൽക്കുന്ന വിലയുമായെത്തി ഇന്ത്യൻ വിപണിയിൽ ചലനം സൃഷ്ടിച്ചു ടാറ്റ ഇൻഡിക്ക. പൂർണമായും ഇന്ത്യയിൽ നിർമിക്കപ്പെട്ട ആദ്യ കാറെന്നു വിശേഷിപ്പിക്കപ്പെട്ട ഇൻഡിക്ക ഒരുകാലത്ത് വിപണിയിലെ മുൻനിര വാഹനങ്ങളിലൊന്നായിരുന്നു. 1991ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി ചുമതലയേറ്റ രത്തൻ ടാറ്റയുടെ ആശയവും ആവേശവുമായിരുന്നു ഇൻഡിക്ക. മാരുതിക്കു പിന്നാലെ ഏതാനും വിദേശ കമ്പനികൾകൂടി ഇന്ത്യൻ വിപണിയിലെത്തിയ കാലത്താണ് അദ്ദേഹം ചെറുതെങ്കിലും സ്ഥല സൗകര്യമുള്ള കാർ എന്ന ആശയം മുന്നോട്ടുവച്ചത്. പൂർണമായും ഇന്ത്യൻ ആകണം എന്ന നിർബന്ധവുമുണ്ടായിരുന്നു. ഇൻഡിക്ക എന്ന പേരുതന്നെ ഇന്ത്യൻ കാർ എന്നതിന്റെ ചുരുക്കമായിരുന്നു.

ആദ്യമായി ഡീസൽ എൻജിനുമായെത്തിയ ചെറുകാറും ഇൻഡിക്കയാണ്. 1998ലെ ഡൽഹി ഓട്ടോ എക്സ്പോയിൽ താരമായി അവതരിച്ച ഇൻഡിക്ക അക്കൊല്ലം ഡിസംബറിൽ വിപണിയിലെത്തി. ആകർഷക രൂപവും മാരുതി 800–നെക്കാൾ കുറഞ്ഞ വിലയുമൊക്കെയായെത്തിയ ഇൻഡിക്ക വിപണിയെ കാര്യമായി ആകർഷിച്ചു. പുതുതലമുറ കാറുകളുടെ മോഡേൺ വിപണിയിൽ അൽപം ക്ഷീണമുണ്ടായെങ്കിലും ടാക്സി വിപണിയുടെ പ്രിയവാഹനമായി ഇൻഡിക്ക മാറി. ഇൻഡിക്കയുടെ സെഡാൻ രൂപമായി ടാറ്റ പിന്നീട് ഇൻഡിഗോ വിപണിയിലെത്തിച്ചു. നാലു മീറ്ററിൽത്താഴെ നീളമുള്ള കാറുകൾക്ക് നികുതി കുറവ് എന്ന വ്യവസ്ഥ വന്നപ്പോൾ ഇൻഡിഗോയുടെ നീളം വെട്ടിക്കുറച്ച് ടാറ്റ ഇന്ത്യയിലെ ആദ്യ കോംപാക്ട് സെഡാൻ ആയ ഇൻഡിഗോ സിഎസ് അവതരിപ്പിച്ചു. ടാറ്റ പുതു തലമുറ വാഹനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ശ്രമിച്ചതും വിപണിയില്‍ വലിയ ആവശ്യക്കാര്‍ കുറഞ്ഞതും ഇൻഡിക്കയുടെ അന്ത്യത്തിന് ഇടം കണ്ടു.

∙ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് കോണ്ടെസ (1984–2004) 20 വർഷം

ഒരുക്കാലത്ത് കോണ്ടസയായിരുന്നു കുലീനൻ. ഓട്ടക്കീശയും വില്ലനോടുള്ള പ്രതികാരദാഹവുമായി നാടുവിട്ടുപോയി, പണക്കാരനായി തിരിച്ചെത്തുന്ന നായകനും പ്രതാപിയായ വില്ലനും മുതലാളിയുമൊക്കെ വെള്ളിത്തിരയിൽ വന്നിറങ്ങിയതു കോണ്ടസയിലായിരുന്നു. ഉച്ചിയിൽ ചുവന്ന ലൈറ്റും കത്തിച്ചു നമ്മുടെ മന്ത്രിമാർ കാറ്റിനും മുമ്പേ പറക്കാൻ കൂട്ടുപിടിച്ചതും പണക്കാരും ബിസിനസുകാരുമൊക്കെ അന്തസ്സിന്റെ അടയാളമായി കൊണ്ടുനടന്നതും കോണ്ടസയായിരുന്നു. 1958 മുതൽ കമ്പനിയുടെ മുഖമുദ്രയായി മാറിയ അംബാസിഡറിനെ കൂടാതെ ഒരു കാര്‍ കൂടി വേണമെന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചിന്തയില്‍ നിന്നാണ് കോണ്ടസയുടെ ജനനം. 1976 മുതല്‍ 1978 സ്‌കോട്ടിഷ് കമ്പനിയായ വോക്‌സ്‌ഹെല്‍ പുറത്തിറക്കിയ വിക്ടര്‍ വി എക്‌സിന്റെ മാതൃകയിലുള്ളതായിരുന്നു കോണ്ടസ.

എച്ച്എം 1984 ല്‍ കോണ്ടസയെ നിരത്തിലെത്തിച്ചു. അംബാസിഡറും പ്രീമിയര്‍ പത്മിനിയും ഉൾപ്പെടെ കുറച്ചു കാറുകൾ മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ നിരത്തിലെ ആദ്യകാല ലക്ഷ്വറി കാറുകളിലൊന്നായി കോണ്ടസ. ലക്ഷ്വറി കാറുകള്‍ അധികമില്ലാതിരുന്ന കാലത്ത് അത് ആഡംബരത്തിനു പുതിയ മാനങ്ങള്‍ നല്‍കി. തുടക്കത്തില്‍ 50 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ എന്‍ജിനായിരുന്നു കാറില്‍. നാല് സ്പീഡ് ഗിയര്‍ബോക്‌സുള്ള കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്ററും. ഏകദേശം 83500 രൂപയായിരുന്നു പുറത്തിറങ്ങിയ കാലത്ത് ഈ ലക്ഷ്വറി മസില്‍ കാറിന്റെ വില.

തൊണ്ണൂറുകളുടെ അവസാനത്തിൽ വിദേശ ആഡംബര കാറുകൾ ഇന്ത്യയിലേക്കെത്തിയതോടെയാണ് കോണ്ടസയുടെ പ്രതാപകാലത്തിന് അവസാനമായത്. ലക്ഷ്വറിക്കു പുതിയ നിർവചനങ്ങൾ നൽകിക്കൊണ്ട് വിദേശ നിർമാതാക്കളും അവരുടെ പുതിയ നിര കാറുകളും ഇന്ത്യൻ നിരത്തുകളും കാർപ്രേമികളുടെ മനസ്സും കയ്യടക്കിയപ്പോൾ കോണ്ടസ പിന്നിലായിപ്പോയി. ഒരൊറ്റപ്പാട്ടു തീരുമ്പോഴേക്കും കോടീശ്വരന്മാരാകുന്ന നായകന്മാരും അകമ്പടിക്കാറുകളുടെ വ്യൂഹത്തിൽ വന്നിറങ്ങുന്ന അധോലോക രാജാക്കന്മാരും വെള്ളിത്തിരയിൽ കോണ്ടസയെ കയ്യൊഴിഞ്ഞുകളഞ്ഞു.

മന്ത്രിമാരും വമ്പൻ പണക്കാരും അന്തസിനും സുരക്ഷയ്ക്കുമായി സ്കോഡയും മെഴ്സിഡീസും ഔഡിയും ബിഎംഡബ്ല്യുവുമൊക്കെ ശീലമാക്കി. എങ്കിലും ഗൃഹാതുരതയുടെ ഓരത്തൊരിടത്ത് ഓരോ വാഹനപ്രേമിയും ആ നീളൻ കാർ പാർക്ക് ചെയ്തിട്ടുണ്ട്; മൺമറഞ്ഞൊരു രാജാവിന്റെ കുലീനമയ ഓർമ പോലെ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com