ADVERTISEMENT

ദീപാവലി ആഘോഷങ്ങൾക്കു ശുഭാരംഭം കുറിക്കുന്ന ധൻതേരസ്(അഥവാ ധനത്രയോദശി) നാളിൽ 500 ആസ്റ്റർ ഉടമസ്ഥർക്കു കൈമാരിയെന്ന് എം ജി മോട്ടോർ ഇന്ത്യ. സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമം മാറ്റമില്ലാതെ തുടരുന്നതിനിടയിലാണ് ഇടത്തരം സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ആസ്റ്ററി’ന്റെ ആദ്യ ബാച്ച് കൈമാറ്റം പൂർത്തിയാക്കിയതെന്നും ബ്രിട്ടീഷ് ബ്രാൻഡായ എം ജി മോട്ടോർ വെളിപ്പെടുത്തി. 

mg-astor-1

വർഷാവസാനത്തോടെ 5,000 ‘ആസ്റ്റർ’ ഉടമസ്ഥർക്കു കൈമാറാനാണ് എം ജി മോട്ടോർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി സെമികണ്ടക്ടർ ചിപ് ലഭ്യത മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ കമ്പനി. ഒക്ടോബർ 21നു ബുക്കിങ് ആരംഭിച്ച വേളയിൽ ഇക്കൊല്ലം അനുവദിച്ച 5,000 ‘ആസ്റ്റർ’ വെറും 20 മിനിറ്റിലാണു വിറ്റു പോയത്. ഇതോടെ ‘ആസ്റ്റർ’ എസ് യു വിക്കുള്ള 2022ലെ ബുക്കിങ്ങിനും എം ജി മോട്ടോർ തുടക്കം കുറിച്ചിട്ടുണ്ട്. 

പ്രാരംഭ വിലയായി 9.78 ലക്ഷം രൂപയെന്ന ആകർഷണത്തോടെയായിരുന്നു കഴിഞ്ഞ മാസം ആദ്യം ആസ്റ്ററിന്റെ അരങ്ങേറ്റം. ഒൻപതു വകഭേദങ്ങളിലായി, അഞ്ചു നിറങ്ങളിലാണ് ആസ്റ്റർ വിൽപ്പനയ്ക്കെത്തുന്നത്. ഇന്ത്യയ്ക്കായി എം ജി മോട്ടോർ അവതരിപ്പിക്കുന്ന അഞ്ചാമതു മോഡലായി ആസ്റ്ററിൽ നിർമിത ബുദ്ധി(എ ഐ)യുടെ സജീവ സാന്നിധ്യമുണ്ട്. ഇതു വഴി കാറിലെ സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കുമൊപ്പം ഡ്രൈവിങ് മികവും മെച്ചപ്പെടുത്താനാണു നിർമാതാക്കൾ ശ്രമിച്ചിരിക്കുന്നത്. 

mg-astor

രണ്ട് പെട്രോൾ എൻജിൻ സാധ്യതകളോടെയാണ് ആസ്റ്ററിന്റെ വരവ്; 1.5 ലീറ്ററും 1.3 ലീറ്ററ് ടർബോ യൂണിറ്റും. ശേഷിയേറിയ എൻജിൻ 110 പി എസ് കരുത്തും 144 എൻ എം ടോർക്കും സൃഷ്ടിക്കുമ്പോൾ ടർബോ എൻജിന് 140 പി എസ് വരെ കരുത്തും 220 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുണ്ട്.

ആസ്റ്റർ വകഭേദങ്ങളിലെല്ലാം 27 സുരക്ഷാ സംവിധാനങ്ങൾ എം ജി മോട്ടോർ ലഭ്യമാക്കിയിട്ടുണ്ട്. മുന്തിയ പതിപ്പിലാവട്ടെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും ഹിൽ ഡിസന്റ് കൺട്രോളും ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും നാലു വീലിനും ഡിസ്ക് ബ്രേക്കും ഹിൽ ഹോൾഡ് കൺട്രോളും ഐസോഫിക് ചൈൽഡ് ആങ്കറുമൊക്കെയായി സുരക്ഷാക്രമീകരണങ്ങളുടെ എണ്ണം 49 ആണ്. 

വാഹനത്തിലെ എഡിഎസ് സംവിധാനത്തിൽ അഡ്വാൻസ്ഡ് ക്രൂസ് കൺട്രോൾ, ഫേർവേഡ് കൊളീഷൻ വാണിങ്, ഓട്ടോ എമർജെൻസി ബ്രേക്കിങ്, ലെയ്ൻ കീപ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, സ്പീഡ് അസിസ്റ്റ് തുടങ്ങിയവയെല്ലാം ലഭ്യമാണ്. 

English Summary: MG Motor delivers more than 500 units of Astor SUV in a single day on Dhanteras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com