ഹൈബ്രിഡ്, പ്ലഗ് ഇൻ ഹൈബ്രിഡ്, ഇലക്ട്രിക്; പുതിയ നിരോയുമായി കിയ എത്തുന്നു

Mail This Article
സ്പോർട്ടി എസ്‍യുവി നിരോയുടെ പുതിയ പതിപ്പുമായി കിയ എത്തുന്നു. ഡിസംബർ 5 സിയോൾ മൊബിലിറ്റി ഷോയിലെ ആദ്യ പദർശനത്തിന് മുന്നോടിയായി പുതിയ വാഹനത്തിന്റ ചിത്രങ്ങൾ കിയ പുറത്തുവിട്ടു. 2019ൽ പ്രദർശിപ്പിച്ച ഹബാനിരോ കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് പുതിയ വാഹനത്തിന്റെ ഡിസൈൻ.

റീഡിസൈൻ ചെയ്ത് കിയയുടെ ടൈഗർനോസ് ഗ്രില്ലാണ് നിരോയുടെ പ്രധാന ആകർഷണം. ഹുഡിലേക്ക് നീട്ടിയിട്ടുണ്ട് പുതിയ ഗ്രിൽ. അതിനു താഴെയായിട്ടാണ് ഡേടൈം റണ്ണിങ് ലാംപ് അടക്കമുള്ള ഹെഡ്‌ലാംപിന്റെ സ്ഥാനം. കൂടുതൽ സ്റ്റൈലിഷും ബോൾഡുമായ ഡിസൈനാണ് പുതിയ വാഹനത്തിന്.

മുൻ തലമുറയെ അപേക്ഷിച്ച് പൂർണമായും മാറ്റങ്ങൾ വന്ന ഉൾഭാഗമാണ് കാറിലുള്ളത്. കിയയുടെ എവി6 എന്ന ഇലക്ട്രിക് വാഹനത്തിനോട് സാമ്യമുള്ള ഡാഷ്ബോർഡ്. ഫ്ലോട്ടിങ് കൺസെപ്റ്റിലുള്ള ഡാഷ്ബോർഡാണ്. ഡീജിറ്റൽ ഡിസ്പ്ലെയാണ് മീറ്റർ കണ്‍സോളിന്. എഐഡി ഡിസ് പ്ലെയുടെ തുടർച്ചയെന്ന് തോന്നിപ്പിക്കുന്നതുപോലെ മനോഹരമാണ് ഇൻഫോടെയിൻമെന്റ് സിസ്റ്റം. മനോഹരമാണ് സ്റ്റിയറിങ് വീലുകളും.
ഹൈബ്രിഡ്, പ്ലഗ് ഇൻ ഹൈബ്രിഡ്, ഇലക്ട്രിക് എന്നീ എൻജിൻ വകഭേദങ്ങളിൽ വാഹനം വിപണിയിലെത്തും. 2023ൽ രാജ്യാന്തര വിപണിയിലും തുടർന്ന് ഇന്ത്യയിൽ വിപണിയിലും പുതിയ വാഹനം എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വകഭേദം മാത്രമാകും എത്തുക.
English Summary: Kia Niro debuts as hybrid, plug-in hybrid and fully electric SUV with bold looks