ADVERTISEMENT

കഴിഞ്ഞ മാസമാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഹാച്ച്ബാക്കായ സെലേറിയൊയുടെ രണ്ടാംതലമുറ അനാവരണം ചെയ്തത്. അരങ്ങേറ്റം കുറിച്ച് ആദ്യ മാസത്തിനുള്ളിൽ തന്നെ പതിനയ്യായിരത്തോളം ബുക്കിങ്ങാണു പുത്തൻ സെലേറിയൊ സ്വന്തമാക്കിയത്.  സെലേറിയൊയുടെ മുൻ മോഡലിനാവട്ടെ മാസം തോറും 5,000 - 6,000 ബുക്കിങ്ങാണു ലഭിച്ചിരുന്നത്. മികച്ച വരവേൽപ്പ് ലഭിച്ചതോടെ പുത്തൻ സെലേറിയൊ’യുടെ ചില വകഭേദങ്ങൾ സ്വന്തമാക്കാൻ 12 ആഴ്ച വരെ കാത്തിരിക്കേണ്ട സാഹചര്യവുമാണ്.

 

സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകൾക്കും മറ്റു ചില ഇലക്ട്രോണിക് ഘടങ്ങൾക്കും നേരിടുന്ന ക്ഷാമവും പുത്തൻ ‘സെലേറിയൊ’യുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ മാരുതി സുസുക്കിയുടെ മൊത്തം ഉൽപ്പാദനത്തിൽ 60% ഇടിവു നേരിട്ടിരുന്നു. ഒക്ടോബറിൽ ഉൽപ്പാദനത്തിലെ ഇടിവ് 40% ആയിരുന്നു. നവംബറിലാവട്ടെ സാധാരണ പ്രതിമാസ ഉൽപ്പാദനത്തെ അപേക്ഷിച്ച് 15 ശതമാനത്തോളം ഇടിവും നേരിട്ടു. 

 

ചിപ് ലഭ്യതയിൽ കാര്യമായ പുരോഗതി കൈവരിക്കാത്തതിനാൽ മാരുതി സുസുക്കി ഇന്ത്യയുടെ കാറുകൾ സ്വന്തമാക്കാൻ രണ്ടര ലക്ഷത്തോളം പേരാണു ബുക്കിങ് നടത്തി കാത്തിരിക്കുന്നത്.  പെട്രോൾ എൻജിനുള്ള മോഡലുകൾ ലഭിക്കാൻ ഒൻപതു മുതൽ 12 ആഴ്ച വരെ കാത്തിരിക്കണമെന്നതാണു സ്ഥിതി; സമ്മർദിത പ്രകൃതി വാതകം (സി എൻ ജി) ഇന്ധനമാക്കുന്ന കാറുകൾ ലഭിക്കാനുള്ള കാത്തിരിപ്പാവട്ടെ പതിനേഴും പതിനെട്ടും ആഴ്ചയാണ്.

 

മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഗീയർബോക്സ് സഹിതം എൽ എക്സ് ഐ, വി എക്സ് ഐ, സെഡ് എക്സ് ഐ, സെഡ് എക്സ് ഐ എന്നീ പതിപ്പുകളിൽ ഏഴു വകഭേദങ്ങളിലാണു പുത്തൻ ‘സെലേറിയൊ’ വിൽപ്പനയ്ക്കുള്ളത്. മാനുവൽ ട്രാൻസ്മിഷനോടെ അടിസ്ഥാന വകഭേദമായ എൽ എക്സ് ഐയ്ക്ക് 4.99 ലക്ഷം രൂപയാണു ഷോറൂം വില. മാനുവൽ ട്രാൻസ്മിഷനോടെ വി എക്സ് ഐ —  5.36 ലക്ഷം, സെഡ് എക്സ് ഐ-5.94 ലക്ഷം, സെഡ് എക്സ് ഐ പ്ലസ് - 6.44 ലക്ഷം എന്നിങ്ങനെയാണു മറ്റു വകഭേദങ്ങളുടെ ഷോറൂം വില. എ എം ടിയോടെ എത്തുന്ന വകഭേദങ്ങളുടെ ഷോറൂം വില ഇപ്രകാരമാണ്(ലക്ഷം രൂപയിൽ): വി എക്സ് ഐ - 6.13, സെഡ് എക്സ് ഐ - 6.44, സെഡ് എക്സ് ഐ പ്ലസ് - 6.94.

 

പുത്തൻ സെലേറിയൊയ്ക്കു കരുത്തേകുന്നത് ഐഡിൽ സ്റ്റാർട്/സ്റ്റോപ് സിസ്റ്റത്തോടെ എത്തുന്ന ഒരു ലീറ്റർ, മൂന്നു സിലിണ്ടർ, കെ 10 സി, ഡ്യുവൽജെറ്റ് പെട്രോൾ എൻജിനാണ്. 67 ബി എച്ച് പി വരെ കരുത്തും 89 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മുൻ മോഡലിലെ എൻജിന്റെ പ്രകടനത്തെ അപേക്ഷിച്ച് കരുത്ത് ഒരു ബി എച്ച് പി അധികവും ടോർക്ക് ഒരു എൻ എം കുറവുമാണ്. എ എം ടി ഗീയർബോക്സുള്ള ‘സെലേറിയൊ വി എക്സ് ഐ’യ്ക്ക് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത ലീറ്ററിന് 26.68 കിലോമീറ്ററാണ്. സെഡ് എക്സ് ഐ എ എം ടിക്ക് 26 കിലോമീറ്ററും സെഡ് എക്സ് ഐ പ്ലസ് എ എം ടിക്ക് 25.24 കിലോമീറ്ററും ഇന്ധനക്ഷമത പ്രതീക്ഷിക്കാം. ട്രാൻസ്മിഷൻ മാനുവൽ ഗീയർബോക്സാകുന്നതോടെ ഇന്ധനക്ഷമത ലീറ്ററിന് 24.97 കിലോമീറ്ററായി താഴും. 

 

English Summary: New Maruti Suzuki Celerio Bags 15,000 Bookings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com