ജവീൻ മാത്യൂ, വേദനിപ്പിക്കുന്ന ഒരു ഓർമ

Mail This Article
ജവീൻ മാത്യൂ, ഒരു പതിറ്റാണ്ടു മുമ്പാണ് ആ പേരു ഞാനാദ്യമായി കേൾക്കുന്നത്. ഒന്നു രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ പരിചയപ്പെട്ടു. മൂന്നാറിൽ റോയൽ എൻഫീൽഡ് നടത്തിയ ഒരു റൈഡ് ഇവന്റിലായിരുന്നു കൂടിക്കാഴ്ച. സംസാരിക്കാൻ തുടങ്ങിയപ്പോൾ ചിരപരിചിതരെപ്പോലെ തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും തുടങ്ങിയ ആ സൗഹൃദം എന്നും തമ്മിൽ കാണുന്ന മനുഷ്യരെക്കാൾ ആഴമുള്ളതായിരുന്നു. കോട്ടയം ടൗണിലെത്തിയാൽ ജവീൻചായനെ വിളിക്കണം എന്നത് എന്റെയൊരു ശീലമായി മാറി. അതിനൊരിക്കലും മാറ്റമുണ്ടായിട്ടുമില്ല.
ജീവിതത്തിൽ കയ്യെത്തിപ്പിടിക്കാൻ കഴിയുന്നതെന്തും സ്വന്തം പരിശ്രമത്താൽ നേടുന്നവർ അപൂർവ്വമാണ്. അങ്ങനെയൊരാളായിരുന്നു അദ്ദേഹം. റോയൽ എൻഫീൽഡ് പ്ലാറ്റ്ഫോമിൽ മുട്ടയുടെയും ചിലന്തിയുടെയുമൊക്കെ രൂപത്തിൽ വാഹനങ്ങൾ സൃഷ്ടിച്ച് വാഹനലോകത്തെ അമ്പരപ്പിച്ചവൻ, റോയൽ എൻഫീൽഡിന്റെ ആർ&ഡി ടീമിനു പോലും ഉപദേശങ്ങൾ കൊടുത്തയാൾ, ഇങ്ങനെയൊക്കെയാവും അഭിനവ വാഹനപ്രേമികൾ ജവീനെ ഓർത്തെടുക്കുക.

ചരിത്രം അതിനു പിന്നിലേക്കുമുണ്ട്. കോട്ടയത്താദ്യമായി മോട്ടോർസ്പോർട്ട്സ് ഇവന്റ് നടത്തിയതു മുതൽ റെയ്ഡ് ഡി ഹിമാലയ എന്ന ഹിമാലയൻ റാലിയിൽ ഭാഗഭാക്കായതു വരെയുള്ള ചരിത്രം മറ്റാർക്കാണുള്ളത്? മദ്രാസിലെ നവാബ് അലിയുടെ റസ്റ്റോറന്റിനു മുന്നിൽ അദ്ദേഹം പതിച്ച ജവീൻസ് എന്ന സ്റ്റിക്കർ കണ്ട് ആറുകൊല്ലം മുമ്പ് അമ്പരന്നു പോയൊരു ദിവസത്തെപ്പറ്റി ഞാനെഴുതിയിരുന്നു. 2018ലെ പ്രളയത്തിൽ ദുരിതത്തിലായവർക്കു താങ്ങായി ജവീനും സംഘവുമുണ്ടായിരുന്നു. വലിയൊരു ട്രക്ക് നിറയെ സാധനങ്ങളുമായി ദുരിതബാധിതരെത്തേടി അവർ വന്നു. പക്ഷേ അധികമാർക്കും അറിയാത്തൊരു കാര്യമുണ്ട്. ആ പ്രളയത്തിൽ ഏറ്റവുമധികം നഷ്ടം സംഭവിച്ചോരാളായിരുന്നു അദ്ദേഹമെന്നത്.
പാലായിലെ തന്റെ ഡീലർഷിപ്പിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരിക്കുന്ന സമയത്താണ് അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഈ മനുഷ്യൻ ദുരിതാശ്വാസപ്രവർത്തനവുമായി ഇറങ്ങിയത്. “മറ്റുള്ളവനെ സഹായിക്കാനുള്ള സാഹചര്യങ്ങൾ വരുമ്പോൾ അതു ചെയ്യണം.. ദൈവം നമുക്ക് അതിനുള്ള ചുറ്റുപാടുകൾ തന്നിരിക്കുന്നത് പിന്നെന്നാത്തിനാ..?” അന്ന് തിരുവല്ലയിൽ പെരുവഴിയിൽ വച്ച് സമാനമായ പ്രവർത്തനങ്ങളിലായിരുന്ന ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ എന്റെ ജീവിതത്തെ തന്നെ തൊട്ടവയായിരുന്നു. അന്ന് ട്രക്കിന്റെ പ്ലാറ്റ്ഫോമിൽ ചാരിനിന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു പിരിഞ്ഞു. പിന്നീട് പലപ്പോഴും ഞങ്ങൾ തമ്മിൽ കണ്ടും കാണാതെയും സംസാരിച്ചു. 2019ലെ പോപ്പുലർ റാലിയിൽ ഞങ്ങൾ ഒഫീഷ്യൽസായിരുന്നു. റഷ്യൻ നിർമിത വാഹനമായ ‘ഗ്യാസ്’ ആയിരുന്നു അദ്ദേഹത്തിന്റെ സന്തതസഹചാരി. പോപ്പുലർ റാലിക്കും പതിവു തെറ്റിച്ചില്ല. ഗ്യാസിൽ തന്നെ വന്നു. മടക്കയാത്രയ്ക്കിടെ പോലും റാലിയിൽ അപകടം സംഭവിച്ചൊരു വാഹനത്തെ കരകയറ്റാൻ സഹായിച്ചിട്ടാണ് അന്ന് വീട്ടിൽ പോയത്.

ഇനി ഏതാനും അപ്രിയസത്യങ്ങൾ കൂടിയുണ്ട്... ഇതു വായിക്കുമ്പോൾ പലർക്കും നെറ്റി വിയർത്തേക്കാം, പുരികങ്ങൾ ചുളിഞ്ഞേക്കാം. പക്ഷേ ഇതു ഞാൻ ഇപ്പോൾ പറഞ്ഞില്ലെങ്കിൽ എനിക്കൊരിക്കലും സമാധാനം കിട്ടില്ല സ്നേഹിക്കുന്നെങ്കിൽ ആത്മാർഥമായി സ്നേഹിക്കണമെന്ന തത്വത്തിൽ വിശ്വസിച്ചിരുന്ന ഒരാളായിരുന്നു ജവീൻ. സുഹൃത്തുക്കളിൽ പോലും ശരികേടു കണ്ടാൽ തിരുത്താൻ മടിച്ചിരുന്നില്ല. തന്റേതായ ശരികളിൽ വിശ്വസിച്ചിരുന്ന ഒരു മനുഷ്യൻ. സത്യം ഉള്ളത് പോലെ മുഖത്തു നോക്കി വെട്ടിത്തുറന്നു പറയും. അതുകൊണ്ടു തന്നെ പലർക്കും കണ്ണിലെ കരടായി മാറിയിരുന്നു. ജവീൻ മാത്യൂ എന്ന വ്യവസായിക്ക് കഴിഞ്ഞ ഏതാനും വർഷങ്ങൾ ഒരുപാട് തിരിച്ചടികൾ നേരിട്ട കാലഘട്ടമായിരുന്നു. അവസാന കാലഘട്ടത്തിൽ റോയൽ എൻഫീൽഡ് ഡീലർഷിപ്പ് ഇല്ലാതായിട്ടും തളർന്നു പോകാതെ സ്വന്തമായി സർവ്വീസ് സെന്ററുമായി മുന്നോട്ടു പോകാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
കഴിഞ്ഞ സെപ്റ്റംബറിൽ തന്റെ സർവ്വീസ് സെന്ററിൽ പണി തീർത്ത ഒരു ബൈക്ക് കൊടുക്കാനായി കോട്ടയത്തു നിന്നും ഓതറ വരെ വന്നത് അതേ വാഹനത്തിൽ തന്നെയായിരുന്നു, അതും മകൾക്കൊപ്പം. നേരം സന്ധ്യയായിരുന്നു. എന്നെ വിളിച്ചു. ഞാൻ ജീപ്പുമായി ചെല്ലുമ്പോൾ നെല്ലാട് കവലയിലുണ്ടായിരുന്നു രണ്ടാളും. “ഞങ്ങളെ തിരുവല്ല സ്റ്റാൻഡിലേക്കൊന്നു വിട്ടാ മതി..” ഞാനൊന്നും പറഞ്ഞില്ല. രണ്ടുപേരും ജീപ്പിൽ കയറി. വണ്ടി നേരെ കോട്ടയത്തേക്കു വിട്ടു. ചാലുകുന്നിലെ വീട്ടിലെത്തിയാണ് വണ്ടി നിന്നത്. ആ വീട്ടിൽ പല ഷെൽഫുകളിലായി നിരന്നിരിക്കുന്ന ചെറുകാറുകളും ബൈക്കുകളും കാണിച്ചുതന്ന് അദ്ദേഹം കൊച്ചുകുട്ടികളെപ്പോലെ വാചാലനായി. അന്നു വൈകിട്ട് ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്. അന്നു രാത്രി വികാരഭരിതനായി ജവീൻചായന്റെ കോൾ വന്നു.

“നിങ്ങളിന്നു ചെയ്തത് ഞാനൊരിക്കലും മറക്കില്ല..” വാക്കുകൾ മുറിഞ്ഞു.. “അതൊക്കെ മറന്നേക്ക്..” എന്നു ഞാനും പറഞ്ഞു. അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. ആഴ്ചയിലൊരിക്കലെങ്കിലും വിളിക്കും, മണിക്കൂറുകളോളം ചിലപ്പോൾ സംസാരിക്കും. തന്റെ കയ്യിലുള്ള ട്രയംഫ് റീസ്റ്റോർ ചെയ്യുമ്പോൾ അത് ഡോക്യുമെന്റ് ചെയ്യാൻ കൂടണമെന്നു പറഞ്ഞു. വർക്ക്ഷോപ്പിൽ പണിയെടുക്കാനും തയ്യാറെന്ന് ഞാനും പറഞ്ഞു.
ഇതിനിടെ എന്റെ വർക്ക്ഷോപ്പിൽ പണിയാൻ വന്ന ഒരു ബൈക്ക് വിദഗ്ദ്ധ പരിശോധനയ്ക്ക് അങ്ങോട്ട് അയക്കാൻ പറഞ്ഞു. ഇന്നലെ ഉച്ചയോടെ ഒരു പെട്ടിയോട്ടോയിൽ കയറ്റി ഞാൻ ആ വണ്ടി കോട്ടയത്തിനു വിട്ടു. ഇന്നലെ വൈകിട്ട് 6:54 നു ഞാൻ വിളിച്ചു. “സാധനം വന്നിട്ടുണ്ട്. ഞാനൊന്നു നോക്കിയിട്ട് പറയാം.. നാളെ ഇങ്ങോട്ടിറങ്ങ്..”
എന്നും പറഞ്ഞ് ഫോൺ വച്ചു. ഞാൻ വീട്ടിൽ വന്നു കിടന്നുറങ്ങി.. ജവീൻചായൻ തന്റെ സുഹൃത്തിനു വേണ്ടി റീസ്റ്റോർ ചെയ്ത മാച്ചിസ്മോ 500 വണ്ടിയുമായി റോഡിലേക്കിറങ്ങി. ആ വണ്ടിയെപ്പറ്റി വാതോരാതെ എന്നോട് വിശേഷം പറഞ്ഞിരുന്നു. അന്നു ഞാനറിഞ്ഞിരുന്നില്ല, അവസാനയാത്രയ്ക്ക് സ്വയം രഥം പണിതീർത്തതിന്റെ ഉന്മാദമായിരുന്നു ആ വാക്കുകളിലെന്ന്. ഇന്നു രാവിലെ ഞാനുണരുമ്പോൾ എനിക്കു നഷ്ടമായത് ഒരു സുഹൃത്തിനെയല്ല, ഒരു ജ്യേഷ്ഠനെയാണ്.. എന്തൊക്കെയോ ഇനിയുമെഴുതണമെന്നുണ്ട്. വയ്യ... വിട പ്രിയസഹോദരാ...
(സ്വതന്ത്ര ഓട്ടൊമൊബൈൽ പത്രപ്രവർത്തകനാണ് ലേഖകൻ)
English Summary: Javeen Mathew A Memoir