വിടാൻ ഒരുക്കമല്ല, വിൽപന വിലക്കണം: മഹീന്ദ്രയെ വീണ്ടും കോടതി കയറ്റി ജീപ്പ്

Mail This Article
റോക്സറിന്റെ പേരിൽ വീണ്ടും കോടതി കയറി മഹീന്ദ്ര. ജീപ്പ് റാംഗ്ലറിന്റെ രൂപകൽപനയെ അനുകരിച്ചാണ് റോക്സർ നിർമിച്ചതെന്ന് ആരോപിക്കുന്ന ഫിയറ്റ് ക്രൈസ്‌ലറിന് അനുകൂലമായ നിരീക്ഷണം നടത്തിയിരിക്കുകയാണ് ആറാമത് യുഎസ് സർക്യൂട്ട് കോർട്ട്. രൂപ മാറ്റം വരുത്തിയ, 2020 ന് ശേഷമുള്ള റോക്‌സറുകൾ ഉപഭോക്താവിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സാധ്യയില്ലെന്ന് കണ്ടെത്തിയ ഡിട്രോയ്റ്റ് ഫെഡറൽ കോടതി വിധിയെ ചോദ്യം ചെയ്ത്, റോക്സറിന്റെ വിൽപന നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം.
നേരത്തേ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽ (എഫ്സിഎ) നൽകിയ കേസിൽ, 2020 ന് മുമ്പുള്ള മോഡൽ റോക്സർ യുഎസ് വിപണിയിൽ വിൽക്കുന്നതിൽനിന്ന് മഹീന്ദ്രയെ കോടതി തടഞ്ഞിരുന്നു. തുടർന്ന് 2020ന് ശേഷം മുഖം മിനുക്കി എത്തിയ റോക്സർ, ജീപ്പുമായി സാമ്യം പുലർത്തുന്നില്ലെന്നും വിൽക്കാമെന്നും ഡിട്രോയ്റ്റ് കോടതി വിധിച്ചു. ഈ വിധി ചോദ്യം ചെയ്ത് എഫ്സിഎ നൽകിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ഡെട്രോയിറ്റ് ഫെഡറൽ കോടതിയെ എഫ്സിഎ സമീപിച്ചിരുന്നു. ഇത് നിരസിച്ചതിനെ തുടർന്നാണ് അപ്പീൽ നൽകിയത്. നേരത്തെ തന്നെ മഹീന്ദ്ര റോക്സറിന്റെ കാര്യത്തിൽ ഭൗതിക സ്വത്തവകാശ നിയമം ലംഘിച്ചിട്ടുണ്ടെന്നും അതു കൂടി സെയ്ഫ് ഡിസ്റ്റൻസ് അപ്പീൽ നിരസിക്കും മുമ്പ് പരിഗണിക്കാമായിരുന്നു എന്നാണ് കോടിയുടെ നിരീക്ഷണം. തുടർന്ന് കീഴ് കോടതിയോട് എഫ്സിഎയുടെ അപ്പീൽ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇന്ത്യൻ വിപണിയിലെ ഥാർ അടിസ്ഥാനമാക്കി യുഎസിനു വേണ്ടി മഹീന്ദ്ര വികസിപ്പിച്ച എസ്‌യുവിയാണ് റോക്സർ. റോഡിൽ ഓടിക്കാൻ അനുമതിയില്ലാത്ത സൈഡ് ബൈ സൈഡ് കാറ്റഗറിയിലാണ് മഹീന്ദ്ര റോക്സർ വിൽക്കുന്നത്. ഇന്ത്യയിൽനിന്നു കിറ്റ് ഇറക്കുമതി ചെയ്ത് മഹീന്ദ്ര ഓട്ടമോട്ടീവ് നോർത്ത് അമേരിക്കയാണു റോക്സർ അസംബ്ൾ ചെയ്യുന്നത്.
English Summary: Mahindra Roxor SUV in legal trouble again over design dispute