ADVERTISEMENT

രാജ്യത്തെ ആദ്യത്തെ ആസ്റ്റൺ മാർട്ടിൻ DB 12 സ്വന്തമാക്കിയിരിക്കുകയാണ് സൊമാറ്റോ സി ഇ ഒ ദീപീന്ദർ ഗോയൽ. പോർഷെ 911 ടർബോ എസ്, ഫെറാരി റോമ, ലംബോർഗിനി ഉറൂസ് എന്നിങ്ങനെ സൂപ്പർ കാറുകളുടെ ഒരു നിര തന്നെ ദീപീന്ദർ ഗോയലിനു സ്വന്തമായുണ്ട്. ആ പട്ടികയിലേക്കെത്തിയ ഒടുവിലത്തെ താരമാണ് ആസ്റ്റൺ മാർട്ടിൻ DB 12. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്‌ ബ്രിട്ടീഷ് സൂപ്പർ കാർ നിർമാതാക്കളായ ആസ്റ്റൺ മാർട്ടിൻ തങ്ങളുടെ GT സൂപ്പർ  കാറായ DB 12 ഇന്ത്യയിൽ അവതരിപ്പിച്ചത്. 4 .59 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. 

ദീപീന്ദർ ഗോയൽ സ്വന്തമാക്കിയ പുതുവാഹനത്തിന്റെ ചിത്രങ്ങൾ, ''രാജ്യത്തെ ആദ്യത്തെ ആസ്റ്റൺ മാർട്ടിൻ DB 12'' എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ആസ്റ്റൺമാർട്ടിൻ ന്യൂഡൽഹി വഴി ഡെലിവറി നടത്തിയ വാഹനത്തിന്റെ നിറം, സാറ്റിൻ ആസ്റ്റൺ മാർട്ടിൻ റേസിങ് ഗ്രീൻ ആണ്. ഡയമണ്ട് കട്ട് ഫിനിഷുള്ള 21 ഇഞ്ച് അലോയ് വീലുകളാണ് ഗോയൽ കാറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വാഹനത്തിന്റെ മറ്റു വിശദാംശങ്ങളൊന്നും തന്നെയും അറിവായിട്ടില്ല. 

ആസ്റ്റൺ മാർട്ടിന്റെ ജനപ്രിയ മോഡലായ  DB 11 GT സൂപ്പർ കാറിന്റെ പിൻഗാമിയാണ്  DB 12. എന്നാൽ പുതുവാഹനത്തിൽ എൺപതു ശതമാനത്തോളം മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നു കമ്പനി അവകാശപ്പെടുന്നു. വാഹനത്തിന്റെ എക്സ്റ്റീരിയറിലും ഈ പുതുമ  കാണുവാൻ കഴിയും. മുൻ ഗ്രില്ലിൽ വരുത്തിയിരിക്കുന്ന പുതു ഡിസൈൻ തന്നെയാണ് DB 12 ലെ ഹൈലൈറ്റ്. കൂടാതെ ത്രീ പീസ് സജ്ജീകരണത്തോടെയുള്ള പുതിയ രീതിയിലുള്ള ഹെഡ് ലാമ്പുകളുമുണ്ട്. ആദ്യകാഴ്ചയിൽ തന്നെ ആകർഷണം തോന്നുന്ന തരത്തിലുള്ളതാണ് മുൻബമ്പറുകൾ. പുതുമകൾ വേണ്ടുവോളമുണ്ടെങ്കിലും DB 11 നോട് സാമ്യം തോന്നുന്ന നിരവധി ഘടകങ്ങൾ DB 12 ലും കാണുവാൻ കഴിയും.

വാഹനത്തിന്റെ ഇന്റീരിയറിൽ പുതുമാറ്റങ്ങൾ നിരവധിയുണ്ട്. 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റമുള്ള ഡ്യൂവൽ ടോൺ ലെതർ ഇന്റീരിയറാണ് അതിൽ എടുത്തു പറയേണ്ടത്. പുതിയ ഡിസൈനിൽ ഉള്ളതാണ് സെന്റർ കൺസോൾ, നിരവധി ഫിസിക്കൽ ബട്ടണുകളുമുണ്ട്. കൂടാതെ, ഡിജിറ്റൽ  ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററും. വാഹനത്തിന്റെ പവർ ട്രെയിൻ വശം നോക്കുകയാണെങ്കിൽ DB 12 ൽ മെഴ്‌സിഡീസ് ബെൻസ് സോഴ്സ്ഡ് എൻജിനാണുള്ളത്. 4 .0 ലീറ്റർ ട്വിൻ - ടർബോ ചാർജ്ഡ് വി 8 എഞ്ചിൻ 680 പി എസ് കരുത്തും 800 എൻ എം ഉൽപ്പാദിപ്പിക്കും. 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനും ഇതിനൊപ്പം ചേരുന്നു. വാഹനത്തിന്റെ പ്രകടനത്തിന്റെ കാര്യത്തിലേക്കു വരുമ്പോൾ DB 12 നു പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 3 .5 സെക്കൻഡ് മാത്രം മതിയാകും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com