‘പൊടുന്നനെ അപ്രത്യക്ഷമായ അപൂർവ കാർ’; ചരിത്രത്തിൽ ഇടംപിടിക്കാനൊരു ലേലം
Mail This Article
ദുബായില്‍ ആര്‍എം സോത്ത്ബേ ലേലത്തിനെത്തിച്ചതായിരുന്നു ബുഗാട്ടി ടൈപ്പ് 57എസ്സി അറ്റ്ലാന്റിക് റിക്രിയേഷന്‍ എന്ന കാര്‍. കാറുകളുടെ ചരിത്രത്തിലെ തന്നെ അപൂര്‍വമായ ഒരു സംഭവത്തിലേക്കു നീളുന്ന സൂചനകള്‍ ഈ കാറിലുണ്ട്. ഇതുവരെ നിര്മിക്കപ്പെട്ടതില് വച്ച് ഏറ്റവും ശ്രദ്ധേയവും അപൂര്‍വവുമായ കാറുകളിലൊന്നായിരുന്നു ടൈപ്പ് 57 എസ്സി അറ്റ്ലാന്റിക്ക്. ഈ കാറിന് ട്രിബ്യൂട്ടായി നിർമിച്ചതാണ് ബുഗാട്ടി ടൈപ്പ് 57എസ്സി അറ്റ്ലാന്റിക് റിക്രിയേഷന്‍. ലോകത്തിലെ ഏറ്റവും വിലയേറിയ കാറുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ കാര്‍ ഒരു ദിവസം പൊടുന്നനെ അപ്രത്യക്ഷമാവുകയായിരുന്നു.
ബുഗാട്ടി സ്ഥാപകനായ എറ്റോരെ ബുഗാട്ടി 1936നും 1938നും ഇടയില്‍ നാലു മാസ്റ്റര്‍ പീസ് കാറുകള്‍ നിര്‍മിച്ചു. രൂപകല്പനയിലും എന്‍ജിനീയേറിങ് മികവിലും മികച്ചു നിന്ന കാറുകളായിരുന്നു ഇവ. എറ്റോരെയുടെ മകനായ ഷോണ്‍ ബുഗാട്ടിയാണ് യഥാര്‍ഥ അറ്റ്ലാന്റിക് കാറുകളുടെ ബോഡി നിര്‍മിച്ചത്. വിഖ്യാതമായ ആര്‍ട്ട് ഡെക്കോ സ്റ്റൈലില്‍ നിര്‍മിച്ച ഈ കാറിന്റെ രൂപം അന്നും ഇന്നും അമ്പരപ്പിക്കുന്നത്രയും വ്യത്യസ്തമാണ്.
മഗ്നീഷ്യം ഉപയോഗിച്ച് ബോഡി നിര്‍മിക്കാനായിരുന്നു ഷോണിന്റെ ആഗ്രഹം. എന്നാല്‍ മഗ്നീഷ്യം ലഭിക്കാനുള്ള പരിമിതികള്‍ അലൂമിനിയത്തിലേക്ക് എത്തിച്ചു. രണ്ടു പേര്‍ക്കു യാത്ര ചെയ്യാന്‍ സാധിക്കുന്ന ഈ കാര്‍ മെലിഞ്ഞു നീണ്ട രൂപം കൊണ്ടു മാത്രമല്ല പ്രകടനം കൊണ്ടും അമ്പരപ്പിച്ചു. ഈ നാലു കാറുകളില്‍ ഒന്നാണ് തിരോധാനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത്.
57453 ചേസിസ് നമ്പറുള്ള അറ്റ്ലാന്റിസായിരുന്നു അപ്രത്യക്ഷമായത്. 1938ലായിരുന്നു ഈ കാര്‍ കാണാതായത്. പിന്നീടിന്നു വരെ ഈ ബുഗാട്ടി ടൈപ്പ് 57 എസ്സി അറ്റ്ലാന്റികിന്റെ പൊടിപോലും കണ്ടെത്താനായിട്ടില്ല. പല തരത്തിലുള്ള പ്രചാരണങ്ങളും ഇതേപ്പറ്റി പിന്നീടുണ്ടായി. യുദ്ധകാലത്ത് കടത്തികൊണ്ടുപോയെന്നും സ്വകാര്യ വ്യക്തികള്‍ അവരുടെ സ്ഥലങ്ങളില്‍ കുഴിച്ചിട്ടുവെന്നും വരെ കഥകള്‍ പ്രചരിച്ചു. എന്നാല്‍ ഒന്നു പോലും തെളിയിക്കാന്‍ ഇതുവരെ സാധിച്ചില്ല.
എറ്റോരെ ബുഗാട്ടിയും മകനും ചേര്‍ന്നു നിര്‍മിച്ച നാലേ നാലു കാറുകളെന്ന അപൂര്‍വതക്കൊപ്പം അതിലൊന്നിന്റെ തിരോധാനവും പിന്നീട് പലപ്പോഴും അറ്റ്ലാന്റികിന്റെ പുനര്‍നിര്‍മാണത്തിലേക്കു വഴി തെളിച്ചു. 1992ല്‍ ബുഗാട്ടി ടൈപ്പ് 57 ഗാലിബീര് ചേസിസില്‍ നിര്‍മിച്ച 'ലാ വൊയ്റ്റിയൂര് നോയിര്‍' എന്ന പേരിലും അറ്റ്ലാന്റിക്കിനെ പുനര്‍ നിര്‍മിച്ചതും വാഹന പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത്തവണ ഏറിക് കോക്സാണ് ബുഗാട്ടിയുടെ ഈ അത്യപൂര്‍വ വാഹനം പുനര്‍നിര്‍മിച്ചിരിക്കുന്നത്.