നിരത്തിൽ ഭീതി പടർത്തുന്ന ഡ്രൈവിങ്, വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് എസ്യുവി–വിഡിയോ

Mail This Article
പൊതുനിരത്തുകളിൽ അശ്രദ്ധയോടെ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതും അപകടങ്ങൾ സൃഷ്ടിക്കുന്നതും ചിലർക്ക് ഒരു ഹരമാണ്. അത്തരമൊരു വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്ത് എത്തിയിരുന്നു. മഹീന്ദ്ര ഥാറിലെത്തിയ ഒരാൾ നിരത്തിൽ ഭീതി പടർത്തി, നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചിലർക്കെല്ലാം പരിക്കുകൾ ഏൽപ്പിക്കുകയും ചെയ്തു. അപകടം സൃഷ്ടിച്ചതിനു ശേഷം യാതൊരു കൂസലുമില്ലാതെ, വാഹനമൊന്നു നിർത്തുക പോലും ചെയ്യാതെ ഓടിച്ചു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ധാരാളം ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന വഴിയിലൂടെ റോങ്ങ് സൈഡിൽ കയറി വന്ന ഥാർ, കാറിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലും ഇടിച്ചു. അതിനൊപ്പമുണ്ടായിരുന്ന ആളുകൾക്കും അപകടത്തിൽ പരിക്കുകളുണ്ട്. ഇത്രയും അപകടങ്ങൾ സൃഷ്ടിച്ചെങ്കിലും വാഹനമോന്നു നിർത്താനോ എന്താണ് സംഭവിച്ചതെന്നു നോക്കാനോ നിൽക്കാതെ ഥാർ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തു ഓടിച്ചു പോകുകയാണ്.
യാതൊരു ശ്രദ്ധയുമില്ലാതെ വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ ആരും തന്നെ പരാതിപ്പെട്ടിട്ടില്ല എന്നാണ് റിപോർട്ടുകൾ. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുമെന്നും നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലുമാണ് നെറ്റിസൺസ്.