യുകെയിൽ ഗ്യാസ്, വൈദ്യുതി എന്നിവയ്ക്ക് വില കുറഞ്ഞു; വർഷത്തിൽ ലാഭിക്കാവുന്നത് 426 പൗണ്ട്
Mail This Article
സോമർസെറ്റ്∙ യുകെയിൽ ഗ്യാസിന്റെയും വൈദ്യുതിയുടെയും തുക കുറഞ്ഞു തുടങ്ങി. മൊത്തവ്യാപാര വിലകൾ ഇടിഞ്ഞതിനെ തുടർന്ന് ഊർജ റെഗുലേറ്റർ ആയ ഒഫ്ഗെം വില പരിധി കുറച്ചതിനാൽ ഇന്ന് മുതൽ ശരാശരി ഗാർഹിക ഊർജ്ജ ബില്ലിൽ പ്രതിവർഷം 426 പൗണ്ട് കുറവുണ്ടാകും. എന്നിരുന്നാലും ഇത് ഊർജ പ്രതിസന്ധിക്ക് മുമ്പുള്ളതിന്‍റെ ഇരട്ടി തന്നെയാണ്. പുതിയ വിലപരിധി പ്രാബല്യത്തിൽ വന്ന ഉടനെ തന്നെ ജനങ്ങൾ ഇത് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ഇന്നലെ അർധരാത്രിക്ക് മുമ്പ് തന്നെ മീറ്റർ റീഡിംഗ് സമർപ്പിക്കാൻ ജനങ്ങളോട് സർക്കാർ നിർദ്ദേശിച്ചിരുന്നു.
Read also: 2022 ല്‍ ജര്‍മനിയിലെ കുടിയേറ്റം റെക്കോര്‍ഡിലെത്തി...
വ്യവസായ റെഗുലേറ്റർ ഊർജ വില പരിധി 3,280 പൗണ്ടിൽ നിന്ന് 2,074 പൗണ്ടായാണ് കുറച്ചിരിക്കുന്നത്. പകർച്ചവ്യാധിക്ക് ശേഷമുള്ള സാമ്പത്തിക മാന്ദ്യവും റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശവും മൂലം വൈദ്യുതി വില 2021 ഒക്ടോബറിൽ 1,271 പൗണ്ടിൽ നിന്ന് കുത്തനെ ഉയരുകയായിരുന്നു. പുതിയ വില ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. ഇംഗ്ലണ്ടിനെ കൂടാതെ യുകെയുടെ അംഗ രാജ്യങ്ങളായ വെയിൽസ്, സ്കോട്ലണ്ട് എന്നിവിടങ്ങളിലും വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കും.
ഗവൺമെന്റിന്റെ ഊർജ വില ഗ്യാരന്റി (ഇപിജി) ഉയർന്ന ഊർജ ബില്ലിൽ ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നായിരുന്നു. ഇപിജി ശരാശരി കുടുംബത്തിന്‍റെ വാർഷിക ഊർജ ചെലവ് 2,500 പൗണ്ട് ആയി പരിമിതപ്പെടുത്തിയിരുന്നു. ഒഫ്ഗെമിന്റെ പുതിയ വിലപരിധി ബിൽ തുക 2,500 പൗണ്ടിൽ നിന്ന് 2,074 പൗണ്ടിലേക്കാണ് കുറഞ്ഞിട്ടുള്ളത്. അതായത് തുകയിൽ ഏകദേശം 426 പൗണ്ട് ഇടിവ് ഉണ്ടാകും. ഊർജ വില പരിധി വിതരണക്കാർക്ക് ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും ഈടാക്കാവുന്ന തുകയുടെ പരിധി നിശ്ചയിക്കും.
English Summary: Gas and electricity prices fall in UK; A saving of £426 per year