പലിശനിരക്ക് അഞ്ചു ശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
Mail This Article
ലണ്ടൻ ∙ രാജ്യത്തെ ബേസിക് പലിശ നിരക്ക് തൽകാലം അഞ്ചുശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നു രാവിലെ ചേർന്ന ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് തൽകാലം പലിശ നിരക്ക് കുറയ്ക്കേണ്ടതില്ല എന്നു തീരുമാനിച്ചത്. ഒൻപതംഗ കമ്മിറ്റിയിലെ എട്ടുപേരും പലിശ അതേപടി നിലനിർത്തണം എന്ന അഭിപ്രായക്കാരായിരുന്നു.
ഒരാൾ മാത്രമാണ് കുറയ്ക്കണമെന്ന നിലപാട് എടുത്തത്. വരുന്ന മാസങ്ങളിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു നിൽക്കുന്ന സാഹചര്യം ഉണ്ടായാൽ പലിശ കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബാങ്ക് ഗവർൺർ ആൻഡ്രൂ ബെയ്ലി വ്യക്തമാക്കി. കഴിഞ്ഞ മാസം ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം നാലു വർഷത്തിനുശേഷം ആദ്യമായി കാൽശതമാനം പലിശ നിരക്ക് കുറച്ചിരുന്നു.
ഇതേത്തുടർന്ന് മോർഗേജ് റേറ്റുകളിൽ ഉൾപ്പെടെ എല്ലാ പലിശ നിരക്കിലും വ്യക്തമായ കുറവുണ്ടായി. വരും മാസങ്ങളിലും സമാനമായ രീതിയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് പടിപടിയായി കുറയ്ക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ കഴിഞ്ഞമാസം പണപ്പെരുപ്പ നിരക്കിലുണ്ടായ നേരിയ വർധന ഇന്നത്തെ സിറ്റിങ്ങിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചു.
എങ്കിലും പണപ്പെരുപ്പ നിരക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയ്ക്ക് നിലനിർത്താനായാൽ ഈ വർഷം അവസാനത്തോടെ ബേസിക് പലിശനിരക്ക് നാലു ശതമാനത്തിന് അടുത്തേക്ക് എത്തിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇതോടെ മോർഗേജ് പലിശനിരക്കുകളും ആനുപാതികമായി കുറയും.
നേരത്തെ പണപ്പെരുപ്പ നിരക്ക് രണ്ടുശതമാനത്തിൽ എത്തിയിട്ട് മാസങ്ങളായിട്ടും പലിശനിരക്ക് കുറയ്ക്കാത്ത ബാങ്ക് ഓഫി ഇംഗ്ലണ്ടിന്റെ നിലപാട് ശക്തമായ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഒടുവിൽ പൊതു തിരഞ്ഞെടുപ്പിനുശേഷം പുതിയ സർക്കാർ അധികാരത്തിൽ വന്നുകഴിഞ്ഞാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കാൽ ശതമാനം പലിശ കുറച്ച് ശുഭസൂചന നൽകിയത്.
കോവിഡിന്റെയും യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് മൂന്നുവർഷത്തിനിടെ ആദ്യമായാണ് തുടർച്ചയായി അഞ്ചുമാസക്കാലം രണ്ടു ശതമാനത്തിനടുത്തു തുടരുന്നത്. 2022 ഒക്ടോബറിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 40 വർഷത്തെ റെക്കാർഡ് ഭേദിച്ച് 11.1 ശതമാനത്തിൽ എത്തിയത്.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് പണപ്പെരുപ്പ നിരക്ക് എല്ലാ സീമകളും ലംഘിച്ച് മുന്നേറാൻ കാരണമായത്. ഇതിനെ നേരിടാൻ ഘട്ടം ഘട്ടമായി പലിശനിരക്ക് ഉയർത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനത്തിലായിരുന്ന ദേശീയ പലിശ നിരക്ക് 5.25 എന്ന നിരക്കിൽ എത്തിച്ചു. ഇതോടെ മോർഗേജിലും മറ്റു വായ്പകളിലും പലിശനൽകി വലയുന്ന സ്ഥിതിയിലായി ബ്രിട്ടനിലെ ജനങ്ങൾ.