ഗോവയിൽ ഐറിഷ് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

Mail This Article
ഡബ്ലിൻ/പനാജി∙ ഗോവയിൽ വിനോദ സഞ്ചാരത്തിന് എത്തിയ ഐറിഷ് യുവതിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഗോവൻ സ്വദേശി വികട് ഭഗത് (31) ആണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. 2017 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ പ്രതിക്ക് 23 വയസ്സായിരുന്നു പ്രായം.
2017 മാർച്ച് 14 ന് ഗോവയിലെ കനകോണ ഗ്രാമത്തിലെ വനപ്രദേശത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോവയിലെ മാർഗാവോ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ കഴിഞ്ഞ വെള്ളിയാഴ്ച വികട് ഭഗതിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു
രണ്ട് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. കൊലപാതകം, പീഡനം എന്നിവയ്ക്ക് ഓരോ ജീവപര്യന്തവും തെളിവ് നശിപ്പിച്ചതിന് രണ്ട് വർഷത്തെ അധിക തടവും വിധിച്ചു. ഈ ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. യുവതി കൊല്ലപ്പെട്ടതിന് ശേഷം ഏകദേശം ഏഴ് വർഷത്തെ നീണ്ട വിചാരണക്ക് ശേഷമാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.
അയർലൻഡിലെ ഡോണഗലിൽ നിന്നുള്ള യുവതി വിനോദ സഞ്ചാരത്തിനാണ് ഇന്ത്യയിലെത്തിയത്. യുവതിയുമായി വികട് ഭഗത് സൗഹൃദം സ്ഥാപിച്ചു. യുകെയിലെ ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റി മുൻ വിദ്യാർഥിനി ആയിരുന്നു. യുവതിയുടെ മൃതദേഹം അയർലൻഡിൽ എത്തിച്ചാണ് സംസ്കരിച്ചത്.