‘മറ്റൊരു ലോകത്ത് കാണാം’; കെന്റിലെ കൊലപാതകത്തിൽ നിർണായക ഫോൺ വിളി, പ്രതിയുടെ മൃതദേഹം കണ്ടെത്താൻ തിരച്ചിൽ ഊർജിതം

Mail This Article
കെന്റ് ∙ കെന്റിൽ വാലന്റൈന്‍സ് ഡേയിൽ നടന്ന കൊലപാതകത്തിൽ പ്രതി സുഹൃത്തിനെ വിളിച്ച് കുറ്റംസമ്മതം നടത്തിയതായി റിപ്പോർട്ട്. എഡ്വാര്‍ഡ് സ്മിത്ത് ഭാര്യയായ ലിസ സ്മിത്തിനെ വെടിവെച്ച് കൊന്നതിന് ശേഷം സുഹൃത്തായ ലെസ്‌ലിയെ വിളിച്ച് കുറ്റംസമ്മതം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
"ലിസ മരിച്ചുപോയി. എനിക്ക് ജീവിക്കാൻ കഴിയില്ല - നാം എല്ലാം ഒത്തൊരുമിച്ചാണ് പോയത്. മറ്റൊരുലോകത്ത് കാണാം" എന്നായിരുന്നു എഡ്വാര്‍ഡിന്റെ അവസാന വാക്കുകള്‍. ഈ വിളിക്ക് ശേഷം എഡ്വാര്‍ഡ് പാലത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയെന്നാണ് റിപ്പോർട്ടുകൾ. കൃത്യം നടത്തിയ ശേഷം കാറിൽ അൽപം നേരം സഞ്ചരിച്ച എഡ്വാര്‍ഡ് ക്വീൻ എലിസബത്ത് II പാലത്തിൽ എത്തി.
അവിടെ നിന്ന് നദിയിലേക്ക് ചാടുന്നതിന് മുൻപാണ് സുഹൃത്തിനെ വിളിച്ചതെന്നാണ് വിവരം. എഡ്വാര്‍ഡ് സഞ്ചരിച്ചതായി കരുതുന്ന കാറിൽ നിന്ന് തോക്ക് പൊലീസ് കണ്ടെത്തി. ലിസയ്ക്കും എഡ്വാര്‍ഡിനും രണ്ടുമക്കളാണുള്ളത്. എഡ്വാര്‍ഡിന്റെ മൃതദേഹം കണ്ടെത്താൻ ശ്രമം നടത്തുകയാണെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ഡേവ് ഹൈഹാം വ്യക്തമാക്കി.