വേനൽ കനക്കുന്നു; കരുതൽ വേണം ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ
Mail This Article
ദോഹ∙ വേനൽ ആണ്. പുറത്ത് കനത്ത ചൂടും. വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കാര്യത്തിൽ അൽപം കൂടുതൽ കരുതലും ജാഗ്രതയും പുലർത്തിയാൽ തീ പിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാം.
വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഓഫിസുകളിലുമെല്ലാം വേനലിനെ മറികടക്കാൻ എയർകണ്ടിഷനുകൾ വെന്റിലേഷൻ ഫാനുകളുമെല്ലാം കൂടുതൽ ഉപയോഗിക്കുന്ന സമയമാണ്. എന്നാൽ ഇവയുടെ അമിത ഉപയോഗം ഇലക്ട്രിക്കൽ കണക്ഷന്റെ ഭാരം കൂട്ടുകയും തീപിടിത്തത്തിന് ഇടയാക്കുകയും ചെയ്യും.
മണിക്കൂറുകളോളം തുടർച്ചയായി ഇവ ഉപയോഗിക്കുന്നത് നിയന്ത്രിച്ചാൽ ഇത്തരം അപകടങ്ങളും ഒഴിവാകും. അവധിക്ക് നാട്ടിൽ പോകാൻ തയാറെടുക്കുന്നവർ വീട്ടിലെ എയർകണ്ടിഷനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും പാചക വാതക സിലിണ്ടറുകളും ഓഫ് ചെയ്യാനും മറക്കേണ്ട.
എല്ലാ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലും സേഫ്റ്റി, തീപിടിത്ത പ്രതിരോധ ഉപകരണങ്ങൾ എന്നിവ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ജീവനക്കാർക്ക് രക്ഷാപ്രവർത്തനങ്ങൾക്കുള്ള പരിശീലനവും വേണം.
ഇടനാഴികൾ, എമർജൻസി എക്‌സിറ്റുകൾ എന്നിവിടങ്ങളിൽ തടസ്സമുണ്ടാക്കുന്ന വസ്തുക്കൾ പാടില്ല. സ്ഥാപനങ്ങളിലെ എല്ലാ ഉപകരണങ്ങളുടെയും പ്രവർത്തന യൂണിറ്റുകളുടെയും അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കി പ്രവർത്തനക്ഷമത ഉറപ്പാക്കുകയും വേണം.
അറ്റകുറ്റപ്പണികൾ മറക്കേണ്ട
വീടുകളിലെ എയർകണ്ടിഷനുകൾ, വെന്റിലേഷൻ സംവിധാനങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികളും ശരിയായ രീതിയിൽ തന്നെ ചെയ്യണം. വീടുകളിലെ പ്രധാന ഉപകരണങ്ങൾ, അടുക്കളയിലെ പാചക വാതക സിലിണ്ടർ, ഇലക്ട്രിക് വയറുകൾ, എയർകണ്ടിഷൻ തുടങ്ങി തീപിടിത്തമുണ്ടാകാൻ സാധ്യതയുള്ള എല്ലാ ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനക്ഷമത ഉറപ്പാക്കണം. ഏതെങ്കിലും പാർട്‌സുകൾ മാറേണ്ടി വന്നാൽ ഡ്യൂപ്ലിക്കേറ്റിന് പിറകെ പോകാതെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഒറിജിനൽ തന്നെ വാങ്ങാൻ മറക്കേണ്ട.
അടുക്കളയിൽ വേണം കൂടുതൽ ശ്രദ്ധ
വേനൽക്കാലത്ത് കൂടുതൽ ശ്രദ്ധ വേണ്ടത് അടുക്കളയിലാണ്. പാചക വാതക സിലിണ്ടറുകൾക്ക് സമീപം തീപ്പെട്ടി, ലൈറ്റർ പോലുള്ളവവക്കരുത്. പാചക വാതകം ചോർന്നാൽ ഉടൻ വാതിലുകളും ജനലുകളും തുറന്നിടണം. വാതകം ചോർന്നെന്നു മനസ്സിലായാൽ എക്‌സ്‌ഹോസ്റ്റ് ഫാനോ മറ്റ് സ്വിച്ചുകളോ ഓൺ ചെയ്യരുത്. ചോർച്ച കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഉടൻ വീടിനു പുറത്തിറങ്ങി 999 എന്ന നമ്പറിൽ വിളിച്ച് സിവിൽ ഡിഫൻസിന്റെ സഹായം തേടാം. പാചകയെണ്ണ ഉപയോഗിക്കുമ്പോൾ പാനിലേക്ക് തീ പടർന്നാൽ വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണം. ഉടൻ തന്നെ ഫയർ ബ്ലാങ്കെറ്റ് അല്ലെങ്കിൽ കനമുള്ള അടപ്പു കൊണ്ടോ പാൻ മൂടി തീ കെടുത്തണം. മാലിന്യപ്പെട്ടിയിലാണ് തീ പിടിക്കുന്നതെങ്കിൽ പെട്ടി ഉടൻ നനഞ്ഞ തുണി കണ്ട് മൂടണം. അടുക്കളയിൽ നൈലോൺ മിശ്രിതമോ കനം കുറഞ്ഞതോ ആയ തുണികൾ ഉപയോഗിക്കരുത്. തീ പിടിക്കുന്ന സാധനങ്ങൾ സൂക്ഷിക്കുകയും ചെയ്യരുത്. എക്‌സ്‌ഹോസ്റ്റ് ഫാൻ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മാത്രമല്ല അടുക്കളയിൽ ഫയർ ബ്ലാങ്കറ്റും ഫയർ എക്സ്റ്റിൻ ഗ്യൂഷറും ഉണ്ടാകുകയും ഇവ ഉപയോഗിക്കാൻ അറിയുകയും വേണം. ഇവ ഉണ്ടെങ്കിൽ ചെറിയ തീപിടിത്തം തുടക്കത്തിലേ തടുക്കാം.
English Summary: Tips to prevent fire accidents during summer in Qatar.