വായ്പയെടുത്ത് ജർമനിയിൽ പഠനം; എല്ലാം നഷ്ടമായപ്പോൾ ദുബായ്; 'അമേരിക്കൻ ഭാവി' സ്വപ്നം കാണുന്നവർ അറിയണം ഈ യുവാവിന്‍റെ അനുഭവം
Mail This Article
ദുബായ്∙ യൂറോപ്പിലും കാനഡയിലും അമേരിക്കയിലുമൊക്കെ ജോലിയും മികച്ച ഭാവിയും സ്വപ്നം കാണുന്നവർ ഈ യുവാവിന്‍റെ അനുഭവങ്ങൾ അറിയണം. തൃശൂർ സ്വദേശി അമർനാഥ്(24) ജർമനിയിൽ നിന്ന് എംബിഎ നേടിയ ശേഷമാണ് ദുബായിലെത്തിയത്. എന്തിനാണെന്നോ, ഒരു മികച്ച ജോലി തേടി. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും അമർനാഥിന്‍റെ വാക്കുകൾ അതിലൊന്നും വലിയ കാര്യമില്ലെന്ന് മനസ്സിലാക്കിത്തരും.
ബികോം ബിരുദം നേടിയ ശേഷം 2021 ലാണ് ജർമനയിൽ തുടർപഠനം നടത്തി അവിടെ തന്നെ ജോലിയെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ അമർനാഥ് ഉറച്ച തീരുമാനമെടുക്കുന്നത്. ഇതിനായുള്ള ശ്രമങ്ങളായി പിന്നെ. ആദ്യം ജർമൻ ഭാഷ പഠിക്കണം. വിദ്യാർഥികൾക്കാകുമ്പോൾ എ2 ലെവൽ ഭാഷാ പരീക്ഷ പാസ്സായാല്‍ മതി. എന്നാൽ, ഗവേഷണമാണ് ഉദ്ദേശ്യമെങ്കിൽ ബി2 ലെവലെങ്കിലും പാസ്സായിരിക്കണം. നേരിട്ട് ജോലിയാണ് ഉദ്ദേശ്യമെങ്കിൽ ബി1 സർട്ടിഫിക്കറ്റ് നിർബന്ധം.
ഒരു വര്‍ഷം മുതൽ രണ്ട് വർഷം വരെ കോഴ്സുകൾക്ക് കേരളത്തിൽ സൗകര്യമുണ്ട്. മിക്കയിടത്തും ക്രിസ്ത്യൻ പുരോഹിതരാണ് ക്ലാസെടുക്കുന്നത്. പത്തായിരം മുതൽ 11,000 രൂപ വരെയായിരുന്നു അന്ന് ബി1 ലെവൽ വരെ ഇത്തരം സ്ഥാപനങ്ങൾ ഈടാക്കിയിരുന്നത്. വിദ്യാർഥി വീസയ്ക്ക് 20,000 രൂപയായിരുന്നു നിരക്ക്. വിമാന ടിക്കറ്റ് നിരക്ക് മാറിക്കൊണ്ടിരിക്കും. ഇതെല്ലാം ശരിയാക്കി നൽകാൻ ഒട്ടേറെ ഏജൻസികളും കേരളത്തിലുണ്ട്.
വിദ്യാഭ്യാസ വായ്പയെടുത്ത് ജർമനിയിലേയ്ക്ക് പറക്കാനായിരുന്നു ഈ യുവാവിന്‍റെ ശ്രമം. നാട്ടിലെ സ്വകാര്യ ബാങ്കിൽ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്തു. 14–16 വർഷത്തിനുള്ളിൽ അതടച്ചുതീർത്താൽ മതി. വായ്പയുടെ 48% മാത്രമേ കേരളത്തിലേ മിക്ക ബാങ്കുകളും തരികയുള്ളൂ. ബാക്കി 52% പണം നമ്മൾ കണ്ടെത്തണം. വായ്പാ തുക ബാങ്കിൽ ബ്ലോക്ക് എമൗണ്ടായി നിക്ഷേപിച്ചു. ഈ തുക തീരുംവരെ കോളജ് ഫീസിനും മറ്റും വിനിയോഗിക്കാം.
∙ കോളജിനെക്കുറിച്ച് ശരിയായ ധാരണയില്ലാത്തത് കുഴപ്പമായി
കൊച്ചി–ഖത്തർ വഴി ജർമനിയിലെത്തിയ അമർനാഥ് മ്യൂണിക്കിലെ കോളജായിരുന്നു തിരഞ്ഞെടുത്തിരുന്നത്. അവിടെയിറങ്ങിയപ്പോൾ ഇനിയെന്താണ് ചെയ്യേണ്ടതെന്ന് യാതൊരു ഐഡിയയുമില്ലായിരുന്നു. കോളജിന്‍റെ ഇ–മെയിൽ മാത്രമായിരുന്നു കൈവശമുണ്ടായിരുന്നത്. എന്നാൽ, പിന്നീട് ജര്‍മനിയിലുള്ള മലയാളി വിദ്യാർഥികളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ കഴിഞ്ഞതോടെ താത്കാലികമായി ഒരു താമസയിടം സംഘടിപ്പിക്കാൻ സാധിച്ചു.
സ്വകാര്യ കോളജിലായിരുന്നു അമർനാഥ് പഠനം തുടങ്ങിയത്. ഗവ.കോളജിൽ കിട്ടാൻ നാട്ടിൽ നിന്ന് ബി1 ലെവൽ എങ്കിലും പഠിക്കണമായിരുന്നു. ഒന്നര വർഷത്തെ മാസ്റ്റേഴ്സ് ഇൻ ഇന്‍റർനാഷനൽ മാനേജ്മെന്‍റ് കോഴ്സിനാണ് ചേർന്നത്. ഏജൻസി തന്ന പട്ടികയിൽ നിന്ന് ഏറെ ആലോചനകൾക്ക് ശേഷം തിരഞ്ഞെടുത്ത കോളജായിരുന്നുവെങ്കിലും വളരെ മോശം അധ്യാപനവും സാഹചര്യവുമായിരുന്നു അവിടെ. അതുകൊണ്ട് തന്നെ കോളജ് മാറുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ.
ഒടുവിൽ 14,000 യൂറോ ഫീസിൽ ബെർലിനിലെ ഒരു കോളജിലേക്ക് ചേക്കാറാൻ സാധിച്ചതിനാൽ ഗ്ലോബൽ എംബിഎ കോഴ്സ് പഠിക്കാൻ സാധിച്ചു. പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഫീസ് മുഴുവനുമടയ്ക്കാൻ സാധിക്കാതെ വന്നപ്പോൾ അധികൃതർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചു. ഇനിയും അവിടെ നിന്നാൽ ജീവിതം ആകെ കുഴഞ്ഞുമറിയും എന്ന് മനസിലായപ്പോഴാണ് ദുബായിൽ ജോലി സമ്പാദിച്ച് സർട്ടിഫിക്കറ്റ് സ്വന്തമാക്കാനും ബാങ്ക് വായ്പ തിരിച്ചടക്കാനുമാകുമെന്ന പ്രതീക്ഷയോടെ നാട്ടിലേക്ക് തിരിച്ചത്.
∙ പാർട് ടൈം ജോലി പ്രയാസം
ജർമനിയടക്കം യൂറോപ്പിലുള്ള വിദ്യാർഥികൾ ഭൂരിഭാഗവും ഇടവേളകളിൽ പാർട് ടൈം ജോലി ചെയ്ത് പണം കണ്ടെത്തി കോഴ്സ് പൂർത്തിയാക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് അവിടെ ചെല്ലുന്നത്. മണിക്കൂറിൽ 15 യൂറോ വരെ കിട്ടുന്ന റസ്റ്ററന്‍റ് അടുക്കള, ബർഗർഷോപ്പ് ജീവനക്കാരൻ എന്ന തസ്തികയിൽ ജോലി ലഭിച്ചേക്കാം. എന്നാൽ പലർക്കും പലതരം പ്രശ്നങ്ങളാൽ ജോലി തുടരാൻ സാധിക്കാറില്ല. പലപ്പോഴും താമസ സ്ഥലവും ജോലി സ്ഥലവും വളരെ അകലേയായിട്ടു വരുമ്പോൾ, മഞ്ഞുകാലത്തൊക്കെ സൈക്കിൾ, കാൽനട യാത്രയ്ക്കൊക്കെ ദുരിതമേറും.
∙ വിഷാദവും ആത്മഹത്യകളും
മറ്റു പല പ്രശ്നങ്ങളും യൂറോപ്പിലെ മലയാളി വിദ്യാർഥികൾ നേരിടുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട വിഷയം വിഷാദമാണ്. പലതരം പ്രതിസന്ധികളിൽപ്പെട്ട് വിഷാദത്തിൽ അകപ്പെട്ട് സ്വയം ജീവനൊടുക്കുന്ന സംഭവങ്ങൾ ഒട്ടേറെ. എന്നാൽ, വൻ ചെലവ് കാരണം അവരുടെ മൃതദേഹം പോലും കേരളത്തിലെത്തിക്കാൻ പറ്റാതെ വന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ യൂറോപ്പിൽ നിന്ന് തിരിച്ചു വരാനാഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ വളരെയേറെയാണ്. പക്ഷേ, അവിടുത്തെ ബാങ്കിൽ നിന്നൊക്കെ വായ്പയെടുത്തിട്ടുള്ളതിനാൽ പലർക്കും അതിനും സാധിക്കാതെ വരുന്നു.
∙ യൂറോപ്പിലേക്ക് വിമാനം കയറുന്നതിന് മുൻപ്
യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തേക്ക് പഠനത്തിനോ ജോലിക്കോ വിമാനം കയറുന്നതിന് മുൻപ് ഒട്ടേറെ കാര്യങ്ങൾ നാട്ടിൽ നിന്നു തന്നെ ചെയ്തുതീർക്കേണ്ടതുണ്ടെന്ന് അമർനാഥ് പറയുന്നു. അതിൽ ഏറ്റവും പ്രധാന താമസ സ്ഥലം മുൻപേ കണ്ടെത്തുക എന്നതാണ്. ആറ് മാസം മുൻപെങ്കിലും ഷെയറിങ് റൂം കണ്ടെത്തി ബുക്ക് ചെയ്താലേ പോയിക്കഴിഞ്ഞാൽ അത്രയെങ്കിലും ആശ്വാസം ലഭിക്കുകയുള്ളൂ. നഴ്സിങ് മേഖലയിലേയ്ക്കാണ് ഭൂരിഭാഗം മലയാളികളും യൂറോപ്പിലേയ്ക്ക് ചേക്കേറുന്നത്. ഇവർക്ക് തന്നെയാണ് അവിടെ സാധ്യതകൾ കൂടുതലും. എന്നാൽ, അനുമതിയില്ലാതെ ഹോം നഴ്സ് ആയി ജോലി ചെയ്താൽ അധികൃതരുടെ പിടിവീഴുമെന്നുമോർക്കുക.
∙ നിത്യച്ചെലവിനും ദുരിതം തന്നെ
അമർനാഥിന്‍റെ ജർമനിയിലെ മുറിയിൽ അഞ്ചുപേരാണ് താമസിച്ചത്. സ്വന്തമായി പാചകം ചെയ്യുന്ന ഒരു വിദ്യാർഥിക്ക് ചുരുങ്ങിയത് പ്രതിമാസം100 യൂറോ എങ്കിലും ചെലവിന് വേണ്ടിവരുന്നു. അല്ലാത്തവർ അവരവരുടെ ജീവിത രീതിക്കനുസരിച്ച് ചെലവ് കൂടും. അമർനാഥിന് പാചകം അറിയാമെന്നതിനാൽ അക്കാര്യത്തിൽ ചെലവ് ചുരുങ്ങി. പാൽ, മുട്ട, ചിക്കൻ എന്നിവയ്ക്കെല്ലാം കുറഞ്ഞ വിലയായിരുന്നു അന്ന്.
എങ്കിലും എത്ര സൂക്ഷ്മതയോടെ ചെലവ് കൈകാര്യം ചെയ്തിട്ടും അമർനാഥിന്‍റെ ബജറ്റ് താളംതെറ്റി. മൂന്ന് മാസം വാടക നല്‍കിയില്ലെങ്കിൽ താമസ സ്ഥലത്ത് നിന്ന് തന്നെ പുറത്താകും. യുകെയിലും അയർലൻഡിലുമാണ് താമസ സ്ഥലം കിട്ടാൻ ഏറെ ബുദ്ധിമുട്ട് എങ്കിലും മറ്റെല്ലായിടത്തും ഈ കാര്യത്തിൽ സമ്മർദമുണ്ടാകാറുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ ഈ യുവാവിന് ബാങ്കിൽ നിന്ന് രണ്ടാമത് വായ്പ ലഭിക്കുകയും പ്രയാസമായിരുന്നു. നാട്ടിലുള്ള കുടുംബത്തെ ബുദ്ധിമുട്ടിക്കാനും തോന്നിയില്ല. അങ്ങനെയാണ് സർട്ടിഫിക്കറ്റ് വാങ്ങാതെ മടക്കയാത്ര നടത്തിയത്.
∙ ജർമൻ ടു കേരളം ടു ദുബായ്; പ്രതീക്ഷയുടെ മരുഭൂമി
ഈ വർഷം ഏപ്രിലിൽ നാട്ടിലെത്തിയ അമർനാഥ് രണ്ട് മാസം അവിടെ ചെലവഴിച്ച ശേഷം ജൂൺ 12ന് ദുബായിലെത്തി. മലയാളം, ഇംഗ്ലീഷ്, ജർമൻ ഭാഷകൾ നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന ഈ യുവാവ് മാർക്കറ്റിങ്, ഫിനാൻസ്, സെയിൽസ് എന്നീ മേഖലകളിൽ തനിക്ക് തിളങ്ങാനാകുമെന്ന ആത്മവിശ്വാസത്തോടെയാണ് ദുബായില്‍ ജോലി അന്വേഷിക്കുന്നത്.
ഒരു യുദ്ധം കഴിഞ്ഞ് വന്ന പോലത്തെ ആശ്വാസമാണ് യുഎഇയിലെത്തിയപ്പോൾ തോന്നുന്നതെന്ന് അമർനാഥ് പറയുന്നു. എല്ലായിടത്തും മലയാളികളെ കാണാം. ഇന്ത്യക്കാരടക്കം മറ്റു രാജ്യക്കാരെല്ലാവരും വളരെ സൗഹാർദപരവും സഹായമനസ്ഥിതിയാലെയുമാണ് ഇടപെഴകുന്നത്. ഇത് മറ്റെവിടെയും കാണാത്ത സുന്ദരമായ അനുഭവം. എങ്കിലും ബന്ധുക്കളും പരിചയക്കാരും കുറവായതിനാൽ നല്ലൊരു ജോലി കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. മലയാളികളുടേതടക്കം ഒട്ടേറെ ഇന്ത്യക്കാരുടെ കമ്പനികളുള്ളതിനാൽ ആരെങ്കിലും കൈ പിടിച്ചുയർത്താതിരിക്കില്ല എന്നാണ് പ്രതീക്ഷ. ഫോൺ:+971 58 305 4371.
English Summary: Amarnath's life story