വാർഷികാഘോഷം: ഗ്രാൻഡ് മോസ്കിൽ 24 മണിക്കൂറും പ്രവേശനം
Mail This Article
അബുദാബി ∙ യുഎഇയിലെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ 16ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവേശനം അനുവദിക്കുന്നു. രാത്രി യാത്ര എന്നാണർഥം വരുന്ന സൂറ എന്ന പേരിൽ രാത്രികാല സാംസ്കാരിക പര്യടനവും ആരംഭിച്ചു.
ട്രാൻസിറ്റ് വിമാനങ്ങളിൽ എത്തുന്നവർക്കും കുറഞ്ഞ സമയത്തിനകം പള്ളി സന്ദർശിക്കാൻ സാധിക്കും. ഇങ്ങനെ എത്തുന്നവർ വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യണം. ശാന്തമായ അന്തരീക്ഷത്തിൽ മസ്ജിദിന്റെ രാത്രി ഭംഗി ആസ്വദിക്കാം. മതസൗഹാർദത്തിന്റെ ഉദാഹരണമായ ഷെയ്ഖ് സായിദ് മോസ്കിന്റെ ചരിത്രവും മനോഹാരിതയും നേരിട്ട് ആസ്വദിച്ചത് ജാതിമത ഭേദമന്യെ 6.7 കോടി പേർ. 16 വർഷത്തിനിടെയാണ് ഇത്രയും സന്ദർശകർ എത്തിയത്.
സഹിഷ്ണുത, സഹവർത്തിത്വം, സാംസ്കാരികം, ഇസ്‌ലാമിക, അറബ് പൈതൃകങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രമെന്ന നിലയിൽ മോസ്കിന്റെ പ്രാധാന്യമേറിയതായി ഡയറക്ടർ ജനറൽ ഡോ. യൂസഫ് അൽ ഒബൈദലി പറഞ്ഞു. ഇസ്‍ലാമിക വാസ്തുശിൽപകല സമ്മേളിക്കുന്ന ഈ പള്ളി വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. യുഎഇയുടെ പ്രഥമ പ്രസിഡന്റ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നാമത്തിലാണ് മസ്ജിദ് അറിയപ്പെടുന്നത്.
പള്ളിയുടെ ചരിത്ര പശ്ചാത്തലവും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും സന്ദർശകർക്കു വിശദീകരിക്കുന്ന പ്രത്യേക സെഷനുകളുമുണ്ട്. 1100 ദേശീയ, രാജ്യാന്തര മാധ്യമങ്ങൾ മസ്ജിദിന്റെ വിശേഷങ്ങൾ എത്തിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ കാർപെറ്റ്, ഏറ്റവും വലിയ തൂക്കുവിളക്ക് എന്നിവയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് അടക്കം ഒട്ടേറെ അവാർഡുകളും നേടിയിട്ടുണ്ട്.
മധ്യപൂർവദേശത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാണ് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്. ലോകത്തെ മികച്ച 25 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാലാമത്തേതും സാംസ്‌കാരികവും ചരിത്രപരവുമായ മികച്ച 25 ലാൻഡ്‌മാർക്കുകളിൽ ഒമ്പതാം സ്ഥാനവുമുണ്ട്. ആഗോള കത്തോലിക്കാ സഭാ മേധാവി ഫ്രാൻസിസ് മാർപാപ്പ, ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയ്യിബ്, ചാൾസ് രാജാവ് തുടങ്ങി ഒട്ടേറെ പ്രമുഖരും രാഷ്ട്രത്തലവന്മാരും പള്ളി സന്ദർശിച്ചിട്ടുണ്ട്.