ഒമാനിലെ ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Mail This Article
മസ്‌കത്ത് ∙ ഒമാനിലെ ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ അമിത് നാരംഗ് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. എംബസി ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നൂറു കണക്കിന് ആളുകള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിന സന്ദേശം അംബാസിഡര്‍ വായിച്ചു.
ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആലപിച്ച ദേശഭക്തി ഗാനം ചടങ്ങിന് കൊഴുപ്പേകി. ഒമാന്റെ വിവിധ ഭാഗങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ റിപബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടിയില്‍ അംബാസഡര്‍ അമിത് നാരംഗ് പതാക ഉയര്‍ത്തി.
ദേശഭക്തി ഗാനം, നൃത്തം തുടങ്ങി വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറി. രക്ഷിതാക്കള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ സ്‌കൂളുകളിലെ പരിപാടികളില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ വര്‍ണാഭമായ പരേഡുകളും മറ്റു റിപബ്ലിക് ദിന പരിപാടികളും വീക്ഷിക്കാന്‍ നിരവധി ആളുകള്‍ സന്നിഹിതരായിരുന്നു.