സൗദി പ്രവാസികൾക്ക് ആശ്വാസം; വാട്ടർ കണക്ഷൻ ഫീസ് ഇനി തവണകളായി അടയ്ക്കാം, എങ്ങനെ? കൂടുതലറിയാം
![nwc-launched-installment-payment-of-fees-for-household-water-and-sewage-connectionsss nwc-launched-installment-payment-of-fees-for-household-water-and-sewage-connectionsss](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2025/1/28/nwc-launched-installment-payment-of-fees-for-household-water-and-sewage-connectionsss.jpg?w=1120&h=583)
Mail This Article
റിയാദ് ∙ രാജ്യത്തെ ഗാർഹിക ജല, മലിനജല കണക്ഷനുകളുടെ ഫീസ് ഇനി തവണകളായി അടയ്ക്കാം. സൗദി ദേശീയ വാട്ടർ കമ്പനി (എൻഡബ്ല്യൂസി)യാണ് ഉപഭോക്താക്കൾക്കായി പുതിയ ഇൻസ്റ്റാൾമെന്റ് പെയ്മെന്റ് പ്രോഗ്രാമിന് തുടക്കമിട്ടത്. ഏറ്റവും എളുപ്പമുള്ള പെയ്മെന്റ് സംവിധാനം ലക്ഷ്യമിട്ടാണിത്.
ജല സേവനങ്ങൾക്കുള്ള കണക്ഷൻ ഫീസുകൾക്ക് പുറമെ പ്രതിമാസ ബില്ലുകളുടെ ഭാഗിക പെയ്മെന്റ് സേവനവും അനുവദിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലുമുള്ള സർവീസ് ഉറപ്പാക്കാൻ ഈ പ്രോഗ്രാമിന് കഴിയും. പുതിയ തീരുമാനം പ്രവാസി താമസക്കാർക്ക് വലിയ ആശ്വാസമാകും.
തവണകളായി എങ്ങനെ അടയ്ക്കാം
∙കണക്ഷൻ ഫീസുകൾ തവണകളായി അടയ്ക്കാൻ 2 ഓപ്ഷനുകളാണുള്ളത്. ഉപഭോക്താക്കൾക്ക് എൻഡബ്ല്യുസിയിൽ നേരിട്ട് അടയ്ക്കാം അല്ലെങ്കിൽ കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന സൗദി ഇൻവെസ്റ്റ്മെന്റ് ബാങ്ക്, എമിറേറ്റ്സ് എൻബിഡി, അൽ ജസീറ, റിയാദ്, അൽ അവ്വൽ, അൽ റജ്ഹി എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് മുഖേനയും ഫീസ് തവണകളായി തന്നെ അടയ്ക്കാം.
∙ 200 സൗദി റിയാൽ മുതൽ പ്രതിമാസ തവണകളായി അടയ്ക്കാം. കണക്ഷന്റെ ആദ്യത്തെ പെയ്മെന്റ് ആയ 3,500 സൗദി റിയാൽ കൂടാതെയാണിത്. മുഴുവൻ ബിൽ തുകയും അടച്ചു തീരുന്നതു വരെയാണിതെങ്കിലും എത്രനാൾ കൊണ്ട് തവണകളായി അടച്ചു തീർക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
∙ബാങ്കുകൾ മുഖേനയാണ് തവണകളായി പെയ്മെന്റ് അടയ്ക്കുന്നതെങ്കിൽ ബാങ്കുകളുടെ പ്ലാൻ അനുസരിച്ചായിരിക്കുമിത്. ഇൻസ്റ്റാൾമെന്റ് അടയ്ക്കുന്നതിനുള്ള ബാങ്കുകളുടെ ഡിജിറ്റൽ ചാനലുകളിൽ ഇതു സംബന്ധിച്ച വ്യവസ്ഥകൾ വ്യക്തമാക്കിയിട്ടുണ്ട്.