വിനോദപ്രിയർക്കായി ദമാമിൽ പുതിയ നഗരം; ഗ്ലോബൽ സിറ്റിക്കൊപ്പം ആരോഗ്യചികിത്സാ കേന്ദ്രങ്ങളും വ്യവസായ വികസന പദ്ധതികളും

Mail This Article
ദമാം ∙ ടൂറിസത്തിനും വിനോദത്തിനുമായി കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ പുതിയ നഗരം ഒരുക്കുന്നു. ഗ്ലോബൽ സിറ്റി എന്ന് പേരിട്ടിരിക്കുന്ന 625000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ആഗോള നഗരപദ്ധതി കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റിയും തായ്‌ലൻഡ് കമ്പനികളുമായി ചേർന്നാണ് നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ചുള്ള നിർമാണ കരാർ തയാറായിക്കഴിഞ്ഞു. ആരോഗ്യചികിത്സാ കേന്ദ്രങ്ങളും വ്യവസായ വികസന പദ്ധതികളും നടപ്പാക്കുന്നതും ഇതിനോടൊപ്പം പ്രഖ്യാപിച്ചു.
പ്രവിശ്യാ ഗവർണർ നായിഫ് ബിൻ സൌദ് രാജകുമാരന്റെ അദ്ധ്യക്ഷതയിലാണ് കരാർ കൈമാറിയത്. ഇവിടെ വിനോദത്തിനുള്ള ലോകോത്തര തരത്തിലുള്ള എല്ലാ സൗകര്യങ്ങളുമാണ് ഒരുക്കുന്നത്. സൈഹാത്ത്- ദമാം കോർണിഷ് ഏരിയ കേന്ദ്രീകരിച്ചാണ് പുതിയ പദ്ധതി നിലവിൽ വരുന്നത്. പ്രാദേശിക നിക്ഷേപകരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് 600 ദശലക്ഷം റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതൊടൊപ്പം അൽകോബാറിൽ ആസക്തി, മാനസിക പുനരധിവാസ ആരോഗ്യചികിത്സാ പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നതിനും, വ്യവസായ നഗര വികസന പദ്ധതികളും നടപ്പിലാക്കുന്നതിനായി ആവിഷ്കരിച്ചിട്ടുണ്ട്.