വിദേശ വ്യാപാരത്തിൽ യുഎഇയ്ക്ക് റെക്കോർഡ് നേട്ടം

Mail This Article
അബുദാബി ∙ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളുടെ (സെപ) പിൻബലത്തിൽ വിദേശ വ്യാപാരത്തിൽ യുഎഇക്ക് റെക്കോർഡ് നേട്ടം. 2024ൽ യുഎഇയുടെ വിദേശ വ്യാപാരം 3 ട്രില്യൻ ദിർഹം കടന്നു. ആഗോളതലത്തിൽ 2 ശതമാനം വ്യാപാര വളർച്ച രേഖപ്പെടുത്തിയപ്പോൾ യുഎഇ 14.6 % വളർച്ച നേടിയതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി യുഎഇ ഒപ്പുവച്ച സെപ കരാറാണ് കുതിപ്പിന് ആക്കംകൂട്ടിയത്. ഇതുമൂലം എണ്ണ ഇതര മേഖലയിൽൽ മാത്രം കഴിഞ്ഞ വർഷം 13,500 കോടി ദിർഹത്തിന്റെ വ്യാപാരം നടന്നു. മുൻ വർഷത്തെക്കാൾ 42% വർധന. നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും എണ്ണ ഇതര വിദേശ വ്യാപാരത്തിലും വൻ വളർച്ച രേഖപ്പെടുത്തി.
2031ഓടെ 4 ട്രില്യൻ ദിർഹത്തിന്റെ വിദേശ വ്യാപാരമാണ് യുഎഇ ലക്ഷ്യമിടുന്നത്. 53 വർഷത്തിനിടെ യുഎഇ സമ്പദ് വ്യവസ്ഥ 24 മടങ്ങ് വളർച്ച നേടി. ആഗോള സാമ്പത്തിക സ്ഥിതി അനിശ്ചിതത്വത്തിലായപ്പോഴും യുഎഇയുടെ മൊത്തം ആഭ്യന്തര ഉൽപാദനം, നേരിട്ടുള്ള വിദേശ നിക്ഷേപം, എണ്ണ ഇതര വിദേശ വ്യാപാരം എന്നിവ ശക്തിപ്പെട്ട് ആഗോള ശരാശരിയെ മറികടന്നതായി സഹമന്ത്രി ഡോ. താനി അൽ സയൂദി വ്യക്തമാക്കിയിരുന്നു. 2031ഓടെ യുഎഇയുടെ മൊത്തം ആഭ്യന്തര ഉൽപാദനം 3 ട്രില്യൻ ദിർഹമാക്കി ഉയർത്താനുള്ള നീക്കത്തിലാണെന്ന് മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി സൂചിപ്പിച്ചു.