ആരോഗ്യ ഇൻഷുറൻസ്: 'ലാഭം കുറഞ്ഞു പ്രീമിയം കൂട്ടി'; 9 മാസത്തിനിടെ നൽകിയത് 1650 കോടിയുടെ ക്ലെയിം

Mail This Article
അബുദാബി ∙ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകളിൽ വൻ വർധന. 2024ലെ ആദ്യ 9 മാസത്തിനിടെ യുഎഇയിൽ 1650 കോടി ദിർഹത്തിന്റെ തുകയാണ് നൽകിയത്. 6 വർഷത്തിനിടയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമാണിതെന്ന് സെൻട്രൽ ബാങ്ക് വെളിപ്പെടുത്തി.
2023ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് 210 കോടി ദിർഹത്തിന്റെ വർധനയുണ്ട്. ഉയർന്ന അളവിലുള്ള ക്ലെയിമുകൾ കാരണം ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ, മോട്ടർ ഇൻഷുറൻസ് പ്രീമിയവും രോഗിയുടെ കോ-പേയ്മെന്റ് 20-30 ശതമാനമായും വർധിപ്പിച്ചു. ലാഭം കുറഞ്ഞതാണ് പ്രീമിയം കൂട്ടാൻ കാരണം. വർഷങ്ങളായി ഇൻഷൂർ ചെയ്തിട്ടുള്ള പലരും പ്രായമാകുന്നതോടെ ചികിത്സ തേടുന്നതും ക്ലെയിം ഉയരാൻ കാരണമായി. യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. ജീവനക്കാർക്കുള്ള ഇൻഷുറൻസ് പ്രീമിയം അടയ്ക്കേണ്ടത് തൊഴിലുടമകളാണ്.
ജീവനക്കാരുടെ ആശ്രിതർ തൊഴിലുടമ വഴിയോ പ്രത്യേക ക്രമീകരണങ്ങൾ വഴിയോ ഇൻഷുറൻസ് എടുക്കുന്നു. നേരത്തെ അബുദാബിയിലും ദുബായിലും മാത്രമായിരുന്നു ഇൻഷുറൻസ് നിർബന്ധം. ജനുവരി മുതൽ എല്ലാ എമിറേറ്റുകളിലും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണ്. ഇൻഷൂർ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി ക്ലെയിമുകളുടെ തോതിലും വർധനയുണ്ടാകും.