ദുബായിലെ പൊതുഗതാഗത മേഖലയിൽ സമയക്രമം മാറ്റി ആർടിഎ

Mail This Article
ദുബായ് ∙ റമസാൻ മാസം പൊതുഗതാഗത മേഖലയിലെ സമയക്രമം പുതുക്കി ആർടിഎ. കസ്റ്റമർ ഹാപ്പിനസ് സെന്റർ, പെയ്ഡ് പാർക്കിങ് സോൺ, ബസ്, മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട്, സർവീസ് പ്രൊവൈഡർ സെന്റർ (വാഹന പരിശോധന കേന്ദ്രം) എന്നിവയുടെ പ്രവൃത്തി സമയമാണ് പുതുക്കിയത്.
∙ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ
ദെയ്റ ഉം റമൂൽ, അൽ മനാറ, അൽ ബർഷ, അൽ തവാർ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്കു 12 വരെയും പ്രവർത്തിക്കും. അതേസമയം, സ്മാർട്ട് ഹാപ്പിനസ് കേന്ദ്രങ്ങൾ പതിവു പോലെ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
∙ സർവീസ് പ്രൊവൈഡർ സെന്റർ
ജബൽ അലിയിലെയും ഹത്തയിലെയും വാഹന പരിശോധനാ കേന്ദ്രങ്ങൾ (സർവീസ് പ്രൊവൈഡർ സെന്റർ) തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ വൈകിട്ട് 4 വരെയും ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്കു 3 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ ജബൽ അലി കേന്ദ്രം രാവിലെ 7 മുതൽ ഉച്ചയ്ക്കു 12 വരെയും ഹത്തയിലേത് രാവിലെ 8 മുതൽ ഉച്ചയ്ക്കു 12വരെയും തുറക്കും. ഖിസൈസ്, ബർഷ, വർസാൻ എന്നിവിടങ്ങളിലെ വാഹന പരിശോധന കേന്ദ്രങ്ങൾ (തസ്ജീൽ) തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ 8 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ 12 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്കു 12 വരെയും വൈകുന്നേരം 4 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും.
∙ ദുബായ് മെട്രോ
ദുബായ് മെട്രോ തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ 5 മുതൽ രാത്രി 12 വരെ സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ രാത്രി ഒന്നുവരെ സർവീസുണ്ട്. ഞായറാഴ്ചകളിൽ രാവിലെ 8 നു മാത്രമേ സർവീസ് ആരംഭിക്കൂ. രാത്രി 12വരെ തുടരും.
∙ ദുബായ് ട്രാം
ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ രാത്രി ഒന്നുവരെ സർവീസ് നടത്തും. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ രാത്രി ഒന്നുവരെ.
∙ ആർടിഎ ബസ്
ആർടിഎ ബസുകളുടെ സമയം എസ് ഹെയ്‌ൽ ആപ്പിൽ പരിശോധിച്ച് ഉറപ്പാക്കണം. പണം നൽകി ഉപയോഗിക്കേണ്ട പാർക്കിങ് സമയം തിങ്കൾ മുതൽ ശനിവരെ രണ്ടു ഘട്ടമാക്കി. രാവിലെ 8 മുതൽ 6വരെയും രാത്രി 8 മുതൽ 12 വരെയും. ഞായറാഴ്ച സൗജന്യം. അതേസമയം ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ മുഴുവൻ സമയവും പണം നൽകണം.