മുൻകൂർ അനുമതി ഒഴിവാക്കാൻ നീക്കം: സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് രംഗത്ത് വൻ മാറ്റത്തിന് സാധ്യത

Mail This Article
ജിദ്ദ ∙ ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് മുൻകൂർ അനുമതി ലഭിക്കണം എന്ന രീതി റദ്ദാക്കുന്നതിനെക്കുറിച്ച് ഗൗരവമായി പഠനം നടത്തുകയാണെന്ന് സൗദി ഇൻഷുറൻസ് അതോറിറ്റി സിഇഒ എൻജിനീയർ നാജി അൽ തമീമി പറഞ്ഞു. ആശുപത്രികളെയും ഇൻഷുറൻസ് കമ്പനികളെയും ബന്ധിപ്പിക്കുന്ന മുൻകൂട്ടിയുള്ള അനുമതി രീതി റദ്ദാക്കുന്നത് ഗുണഭോക്താവിന് ഗുണം ചെയ്യുമെന്ന അഭിപ്രായം അദ്ദേഹം പങ്കുവെച്ചു. ഇതിനെപ്പറ്റി അതോറിറ്റിയും ബന്ധപ്പെട്ട സ്ഥാപനങ്ങളും വിദഗ്ദ്ധരും പഠനം നടത്തിവരുകയാണ്.
ഇൻഷുറൻസിനുള്ള മുൻകൂട്ടിയുള്ള അനുമതി വൈകുന്നത് ഗുണഭോക്താക്കൾക്ക് ദോഷം ചെയ്യുമെന്നും എന്നാൽ അനുമതി നിർത്തലാക്കുന്നത് ആരോഗ്യ പരിരക്ഷ ചെലവുകളിൽ അമിതമായ വർധനവും പാഴാക്കുന്നതുമൊക്കെ ഉണ്ടാകുമെന്നും ഇതൊക്കെ ഇൻഷുറൻസ് പോളിസി നിരക്കുകളെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കയുണ്ടാക്കുന്നതാണ്. ഈ വിഷയത്തിന്‍റെ സന്തുലിതമായ എല്ലാ വശവും പരിശോധിക്കുന്ന വിധം ഏറെ ശ്രദ്ധയോടെയുള്ള പഠനം നടത്തുന്നത് ഉചിതമായ തീരുമാനം എടുക്കുന്നതിന് പ്രധാന ഘടകമാണ്. റമസാൻ മാസത്തോടനുബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അൽ തമീമി വിവരങ്ങൾ സൂചിപ്പിച്ചത്.
കഴിഞ്ഞ വർഷം ഇൻഷുറൻസ് കമ്പനികൾക്കെതിരെ അതോറിറ്റിക്ക് നാലു ലക്ഷത്തിലേറെ പരാതികൾ ലഭിച്ചതിൽ 99 ശതമാനം പരിഹരിച്ചിട്ടുണ്ട്. പരാതി പരിഹാര പ്രക്രിയയിൽ ഗുണഭോക്താക്കളുടെ സംതൃപ്തി നിരക്ക് 95 ശതമാനത്തിൽ ഏറെയായിട്ടുണ്ട്. രണ്ടായിരത്തിലേറെ ലൈസൻസിങ്, അംഗീകാര അപേക്ഷകളാണ് കഴിഞ്ഞ കാലയളവിൽ അതോറിറ്റിക്ക് ലഭിച്ചിരുന്നത്. 7 പുതിയ ഇൻഷുറൻസ് ടെക്‌നോളജി കമ്പനികൾക്ക് ലൈസൻസ് നൽകിയതിന് പുറമെ സൗദിയിൽ ഇൻഷുറൻസ്, ബ്രോക്കറേജ്, കൺസൾട്ടിങ്, മറ്റ് ഇൻഷുറൻസ് പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ലൈസൻസുള്ള കമ്പനികളുടെ എണ്ണം 220 ആയി വർദ്ധിച്ചു. 13 നൂതന ഇൻഷുറൻസ് ഉൽപന്നങ്ങളുടെ വികസനത്തിന് കമ്പനികളുമായി സഹകരിക്കുന്നുണ്ട്. ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കാൻ വിദേശ കമ്പനികൾക്ക് 5 ഫൈനൽ ലൈസൻസുകൾ അനുവദിച്ചു. പ്രാഥമിക ലൈസൻസുകൾ നേടിയ വിദേശ കമ്പനികൾ 6 എണ്ണമുണ്ട്.