പുതുജീവൻ, ഹയാത്തിലൂടെ; അവയവദാനം പ്രോത്സാഹിപ്പിക്കാൻ റമസാൻ മജ്‌ലിസ്

Mail This Article
അബുദാബി ∙ വിശുദ്ധ റമസാനിൽ അവയവദാന പ്രതിജ്ഞയെടുക്കണമെന്ന് (ഗിഫ്റ്റ് ഓഫ് ലൈഫ്) യുഎഇയിലെ സ്വദേശികളോടും വിദേശികളോടും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം ആഹ്വാനം ചെയ്തു. രോഗികൾക്ക് പ്രതീക്ഷയും സമൂഹത്തിന് പിന്തുണയും നൽകുന്നതോടൊപ്പം രാജ്യത്തിന്റെ മൂല്യങ്ങൾ ശക്തിപ്പെടുത്താനും അഭ്യർഥിച്ചു.
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ എമിറേറ്റുകളിൽ റമസാൻ മജ്‌ലിസ് നടത്തിവരികയാണ് മന്ത്രാലയം. വടക്കൻ എമിറേറ്റുകളിൽ ഇതിനകം 5 റമസാൻ മജ്‌ലിസ് നടത്തി. യുഎഇയുടെ ദേശീയ അവയവദാന പദ്ധതിയായ ഹയാത്തിൽ ഇതിനകം 32,700 ദാതാക്കൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 1200 അവയവമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായും വിശദീകരിച്ചു.
ഹയാത്ത് പദ്ധതിയെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും മജ്‌ലിസുകളിൽ വിശദീകരിച്ചു. ദുബായിൽ ഡപ്യൂട്ടി ചീഫ് ഓഫ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീമിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു റമസാൻ മജ്‌ലിസ്. ഹെൽത്ത് റെഗുലേഷൻസ് അസി. അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമീരി, അവയവമാറ്റത്തിനുള്ള ദേശീയ സമിതി ചെയർമാൻ ഡോ.അലി അബ്ദുൽകരിം അൽ ഉബൈദലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. യുഎഇയിൽ മരണാനന്തര അവയവ ദാനം 30 ശതമാനം വർധിച്ചു. ഹയാത്ത് പദ്ധതി വിപുലീകരിക്കാൻ രാജ്യാന്തര സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനു പദ്ധതിയുണ്ടെന്നും ഡോ. ഉബൈദലി വിശദീകരിച്ചു.
2024ൽ 32,704 ദാതാക്കൾ ഹയാത്ത് പദ്ധതിയിൽ റജിസ്റ്റർ ചെയ്തു. യുഎഇയിൽ ഇതുവരെ 331 പേർ അവയവം ദാനം ചെയ്തു. രാജ്യത്തുടനീളം 1,216 അവയവ മാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തി. അവയവ മാറ്റത്തിലൂടെ 1,167 രോഗികളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനായി. ആരോഗ്യ മേഖലയ്ക്ക് യുഎഇ നേതൃത്വം നൽകുന്ന പിന്തുണയെ ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീം അഭിനന്ദിച്ചു. മനുഷ്യജീവനും അന്തസ്സുമാണ് രാജ്യത്തിന്റെ പുരോഗതിയുടെ കാതൽ. ഹയാത്ത് പോലുള്ള പരിപാടികൾ ആ വിശ്വാസത്തിന്റെ വ്യക്തമായ തെളിവാണ്. ഇത് സുസ്ഥിര ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തും. രോഗികൾക്ക് ജീവിതത്തിൽ പുതിയ തുടക്കം സമ്മാനിക്കുന്ന അവയവദാന സംസ്കാരം എല്ലാവരും മുറുകെ പിടിക്കണമെന്നും ആവശ്യപ്പെട്ടു.