മുളച്ച ഉരുളക്കിഴങ്ങ് ഉപയോഗിക്കരുത്, ഉള്ളിയുടെ അടുത്ത് സൂക്ഷിക്കുകയും ചെയ്യരുത്; കാരണങ്ങൾ ഇവ
Mail This Article
ഉരുളക്കിഴങ്ങ് വാങ്ങിച്ചു കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ അത് പച്ചനിറമാകുകയും മുളകൾ വരാൻ തുടങ്ങുകയും ചെയ്യും. മുളച്ച ഉരുളക്കിഴങ്ങ് സുരക്ഷിതമല്ലെന്നു കേട്ടാലും മുളച്ച ഭാഗം ചെത്തിക്കളഞ്ഞ് ബാക്കി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് ഉപയോഗിക്കരുതെന്ന് വിദഗ്ധർ പറയുന്നു.
മുളച്ച ഉരുളക്കിഴങ്ങിൽ വിഷാംശം ഉണ്ട്. അത് ഭക്ഷ്യവിഷബാധയ്ക്കും മരണത്തിനു വരെയും കാരണമാകും. അതുകൊണ്ട് ഇനി മുതൽ മുളച്ച ഉരുളക്കിഴങ്ങ് കളഞ്ഞേക്കുക, ഉപയോഗിക്കരുത്.
∙എന്തുകൊണ്ടാണ് മുളച്ച ഉരുളക്കിഴങ്ങ് അപകടകാരിയാകുന്നത്?
തക്കാളി, കത്തിരിയ്ക്ക തുടങ്ങി വ്യത്യസ്തയിനം പച്ചക്കറികളിൽ കാണപ്പെടുന്ന രണ്ട് ഗ്ലൈക്കോ ആൽക്കലോയ്ഡ് സംയുക്തങ്ങളായ സോളാനിൻ, കാകോനിൻ എന്നിവയുടെ ഉറവിടമാണ് ഉരുളക്കിഴങ്ങ്. ചെറിയ അളവിൽ കഴിക്കുമ്പോൾ ഗ്ലൈക്കോ ആൽക്കലോയ്ഡുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ തുടങ്ങിയവ കുറയ്ക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. എന്നാൽ ഇവ കൂടിയ അളവിൽ കഴിച്ചാൽ ജീവൻതന്നെ നഷ്ടപ്പെടാവുന്ന തരത്തിൽ വിഷപദാർഥം ആവും.
ഉരുളക്കിഴങ്ങിനുണ്ടാകുന്ന പച്ചനിറം, ക്ലോറോഫിൽ നൽകുന്നതാണ്. ഇത് വിഷപദാർഥമല്ല. എന്നാൽ ഗ്ലൈക്കോ ആൽക്കലോയ്ഡ് കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട് എന്നതിന്റെ സൂചനയാണിത്. ഉരുളക്കിഴങ്ങ് മുളച്ചു തുടങ്ങുമ്പോൾ അതിലെ ഗ്ലൈക്കോ ആൽക്കലോയ്ഡിന്റെ അളവും കൂടാൻ തുടങ്ങും. ഈ ഉരുളക്കിഴങ്ങ് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ മുതൽ അടുത്ത ദിവസം വരെ ആരോഗ്യപ്രശ്നങ്ങൾ ആരംഭിക്കും. ടോക്സിക് ആയ സംയുക്തമായ സോളാനിൻ, ഓക്കാനം, ഛർദി, വയറിളക്കം തുടങ്ങി നാഡീസംബന്ധമായ രോഗങ്ങൾക്കു വരെ കാരണമാകും.
സോളാന്റെ വിഷാംശം ശരീരത്തിലെത്തിയാൽ രക്തസമ്മർദം കുറയും. പൾസ് നിരക്ക് കൂടും, കടുത്ത പനി, തലവേദന, ആശയക്കുഴപ്പം തുടങ്ങി മരണം വരെ സംഭവിക്കാം.
മുളച്ച ഉരുളക്കിഴങ്ങിന്റെ വിഷാംശം എങ്ങനെ കുറയ്ക്കാം
ഒരു ചെറിയ സ്ഥലത്ത് മാത്രം മുളവന്നു തുടങ്ങിയിട്ടേ ഉള്ളൂ എങ്കിൽ ആ ഭാഗം മുറിച്ചു കളഞ്ഞ് ഉപയോഗിക്കാം. എന്നാൽ പാചകം ചെയ്തതു കൊണ്ട് ഈ സംയുക്തങ്ങൾ നശിക്കുന്നില്ല. അതുകൊണ്ട് മുളച്ചതോ പച്ചനിറം വന്നതോ ആയ ഉരുളക്കിഴങ്ങ് ഉപയോഗിക്കാതരിക്കുന്നതാണ് നല്ലത്.
ഉരുളക്കിഴങ്ങ് ഇങ്ങനെ സൂക്ഷിക്കാം
ഉരുളക്കിഴങ്ങ് എല്ലാ ദിവസവും ഉപയോഗിക്കുന്നതാകയാൽ കൂടുതൽ അളവിൽ പലരും വാങ്ങി സൂക്ഷിക്കാറുണ്ട്. കേടാവാതിരിക്കാൻ തണുത്ത ഇരുണ്ട് സ്ഥലത്ത് സൂക്ഷിക്കാം. ഇവ ഉള്ളിയുടെ അടുത്ത് വയ്ക്കരുത്. കാരണം ഉള്ളിയിൽ നിന്നുണ്ടാകുന്ന വാതകം, ഉരുളക്കിഴങ്ങ് വേഗം മുളയ്ക്കാൻ കാരണമാകും.
∙ഉരുളക്കിഴങ്ങ് വായു സഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കാം.
∙ഉയർന്ന താപനില ഒഴിവാക്കാം
∙അടുക്കള ഉപകരണങ്ങളുടെ അടുത്ത് സൂക്ഷിക്കാതിരിക്കാം.
∙നേരിട്ടു സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലങ്ങളിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കണം. സൂര്യപ്രകാശം ഏൽക്കുന്നത് സോളാനിൻ ഉണ്ടാകാൻ കാരണമാകും.
∙റഫ്രിജറേറ്ററിലോ ഫ്രീസറിലോ പാചകം ചെയ്യും മുൻപ് ഉരുളക്കിഴങ്ങ് സൂക്ഷിക്കരുത്. തണുത്ത താപനിലയിൽ സ്റ്റാർച്ച് ഷുഗർ ആയി മാറും. ഇത് പാചകം ചെയ്യുമ്പോൾ മധുരവും നിറംമാറ്റവും ഉണ്ടാകാൻ കാരണമാകും.