എന്തൊരു ദുരന്തം! അന്ന് ഈ രാജ്യത്തെ ആദ്യ പാർക്ക്; ഇന്നത്തെ അവസ്ഥ ഭീകരം
Mail This Article
നമ്മുടെ നാട്ടിലൊക്കെ വാട്ടർ പാർക്ക് എന്നു കേട്ടുകേൾവി പോലുമില്ലാത്ത കാലത്ത്, ഒരു രാജ്യത്തെ ജനങ്ങളുടെയും കുട്ടികളുടെയും ഉല്ലാസത്തിനു പുതിയ മാനങ്ങൾ നൽകിയ ഒരു ബ്രഹ്മാണ്ഡ വാട്ടർ പാർക്കുണ്ടായിരുന്നു. കലിഫോർണിയയിലെ മൊഹാവി മരുഭൂമിയിലാണ് 250 ഏക്കറിൽ പരന്നു കിടക്കുന്ന ലേക് ഡോളോറസ് വാട്ടർ പാർക്ക് സ്ഥിതി ചെയ്തിരുന്നത്.
അമേരിക്കയിലെ ആദ്യത്തെ വാട്ടർ പാർക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഇവിടം, പക്ഷേ ഇന്ന് കണ്ടാൽ ആരുമൊന്നു ഭയക്കും. രണ്ടു പതിറ്റാണ്ടായി നോക്കി നടത്താൻ ആരുമില്ലാതെ പൊടിപടലങ്ങൾ മൂടി ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുന്ന ഈ പാർക്ക് ഇപ്പോൾ പുതിയ ഉടമസ്ഥരെ തേടി വിപണിയിൽ എത്തിയിരിക്കുകയാണ്.
1962 ൽ ബിസിനസ്സുകാരനായ ബോബ് ബയേഴ്സാണ് തന്റെ ഭാര്യ ഡൊളോറസിന്റെ പേരിൽ മരുഭൂമിയിൽ ഇങ്ങനെയൊരു വാട്ടർ പാർക്ക് നിർമ്മിച്ചത്. വാട്ടർ സ്ളൈഡുകളും സിപ് ലൈനുകളും കൃത്രിമ ചെറുനദികളും ഒക്കെയായി ആകർഷണീയമായ രീതിയിലായിരുന്നു നിർമ്മാണം. 1980കൾ എത്തിയതോടെ സാമ്പത്തിക പ്രശ്നങ്ങളിലും നിയമക്കുരുക്കുകളിലും പെട്ട് വാട്ടർ പാർക്കിന്റെ പ്രവർത്തനം നിലച്ചു.
അക്കാലത്തെ ഏറ്റവും വലിയ ഫാമിലി റാഫ്റ്റ് ഉൾപ്പെടുത്തി 'റോക്ക് എ ഹൂല' എന്ന പേരിൽ 1998 ൽ പാർക്ക് വീണ്ടും തുറന്നു. എന്നാൽ ഇതിനിടെ പാർക്കിൽ ഉണ്ടായ ഒരു അപകടത്തിൽ ഒരു ജോലിക്കാരൻ പക്ഷാഘാതം പിടിപെട്ട് കിടപ്പിലായി. അയാൾക്കുള്ള നഷ്ടപരിഹാരമായി നിക്ഷേപകർക്ക് 4.4 മില്യൺ ഡോളർ കൊടുക്കേണ്ടി വന്നതോടെ രണ്ടാമതും പാർക്ക് അടച്ചുപൂട്ടി. 2002ൽ വീണ്ടും തുറന്നെങ്കിലും രണ്ടുവർഷം മാത്രമാണ് പ്രവർത്തിച്ചത്. പാർക്കിലെ റൈഡുകളിൽ പലതും മറ്റു പാർക്കുകൾക്ക് വിൽക്കുകയും ചെയ്തിരുന്നു.
അതിനുശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുന്ന വാട്ടർപാർക്ക് ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാണ്. ഉണങ്ങിക്കരിഞ്ഞ പുൽത്തകിടികളും അമിതമായി വളർന്നു നിൽക്കുന്ന മരങ്ങളും പൊടിപിടിച്ച് കേടുപാടുകൾ പറ്റിയ നിലയിലുള്ള കെട്ടിടങ്ങളുമാണ് ഇപ്പോൾ പാർക്കിലെ കാഴ്ചകൾ.
ഇടയ്ക്കു രണ്ടുതവണ പാർക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. പാർക്ക് നവീകരിച്ച് പഴയ പ്രതാപത്തിലേക്ക് എത്തിക്കുമെന്നാണ് കഴിഞ്ഞ വർഷങ്ങളിൽ ഉടമ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 11 മില്യൺ ഡോളറിന് (81 കോടി രൂപ) പാർക്ക് വിൽപനയ്ക്ക് വച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം 1.25 മില്യൺ ഡോളറിന് ( 9 കോടി രൂപ) മുകളിൽ പാർക്കിന് വിലമതിപ്പില്ല എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
English Summary- Damaged WaterPark Tragedy Story- First Waterpark uin America