വീട് പെയിന്റിങ് തലവേദനതന്നെ; പക്ഷേ എളുപ്പമാക്കാൻ വഴികളുണ്ട്
Mail This Article
എന്തൊക്കെ പറഞ്ഞാലും വീട് പെയിന്റ് ചെയ്യുന്നത് വിശേഷിച്ച് റീപെയിന്റിങ് ചെയ്യുന്നത് വല്ലാത്ത തലവേദന പിടിച്ച പരിപാടിയാണ്. പെയിന്റിങ്ങിനു ശേഷം ഫർണിച്ചറുകൾ വൃത്തികേടാവുന്നു എന്നതും നിലത്ത് പെയിന്റ് വീണ് വൃത്തികേടാവുന്നു എന്നതും മിക്ക വീടുകളിലും കേൾക്കുന്ന പരാതിയാണ്. ഒന്നു ശ്രദ്ധിച്ചാൽ മുറിയിലെ വിലപിടിപ്പുള്ള വസ്തുക്കളിൽ പെയിന്റ് വീണു േകടാവുന്നത് ഒഴിവാക്കാം. വൃത്തിയായി പെയിന്റ് ചെയ്യുക എന്നതു മാത്രമല്ല, മുറിയിലെ മറ്റു വസ്തുക്കൾക്ക് കേടു പറ്റാതെ സൂക്ഷിക്കുക എന്നതും പ്രധാനമാണ്.
പെയിന്റിങ്ങിനു മുൻപ് കഴിവതും മുറിയിലെ എല്ലാ വസ്തുക്കളും എടുത്തുമാറ്റണം. നിലം മുഴുവൻ കടലാസുകൊണ്ടോ മറ്റേതെങ്കിലും ക്യാൻവാസ് കൊണ്ടോ മൂടുന്നതാണ് ഉചിതം. പെയിന്റിങ്ങിനിടയിൽ വരുന്ന വേസ്റ്റുകള്‍ നിക്ഷേപിക്കാൻ ആദ്യം തന്നെ ഒരു വലിയ ട്രാഷ് ക്യാൻ ഒരുക്കി വയ്ക്കാം.
പെയിന്റിങ് തുടങ്ങുന്നതിനു മുമ്പ് ഭിത്തി നന്നായി കഴുകണം. പറ്റിപ്പിടിച്ച കറകളോ മറ്റ് അവശിഷ്ടങ്ങളോ ഉണ്ടെങ്കിൽ സ്ക്രാപ്പർ ഉപയോഗിച്ച് നീക്കം ചെയ്യുക. ആണികളും മറ്റും കൊണ്ട് ഉണ്ടായ ദ്വാരങ്ങൾ അടച്ചതിനു ശേഷം മാത്രമേ പെയിന്റിങ് ആരംഭിക്കാവൂ. ഇല്ലെങ്കിൽ അത് ചുവരിന് അഭംഗിയായി നിലനിൽക്കും. ദ്വാരങ്ങൾ അടയ്ക്കാൻ പ്ലാസ്റ്റർ കണക്കെയുള്ള ജോയന്റ് കോമ്പൗണ്ട് എന്ന മിശ്രിതം മണൽ ചേർത്തുപയോഗിക്കാം.
പെയിന്റിങ് ആരംഭിക്കുന്നതിനു മുമ്പു തന്നെ ഭിത്തിയിൽ വിള്ളലോ ചോർച്ചയോ പൊള്ളപ്പോ ഉണ്ടോ എന്നു പരിശോധിച്ച് അറ്റകുറ്റപ്പണികൾ തീർത്തിരിക്കണം. ചുമരിലെ വിള്ളലുകൾ പ്ലാസ്റ്റർ ഓഫ് പാരിസോ സിമന്റോ ഉപയോഗിച്ച് അടയ്ക്കുക. ഇന്റീരിയറുമായി മാച്ച് ചെയ്തു പോവുന്ന രീതിയിൽ വേണം പെയിന്റ് സിലക്ട് ചെയ്യാൻ. അതുകൊണ്ട് പെയിന്റിങ്ങിനു മുമ്പു തന്നെ ഇന്റീരിയർ മാസ്റ്റർപ്ലാൻ തയാറായിരിക്കണം.
സീലിങ്ങിലും ഭിത്തിയുടെ മുകൾഭാഗത്തും റോളർ സ്റ്റിക്കുകൾ ഉപയോഗിക്കാം. ഇത് ജോലി എളുപ്പമാക്കും. സീലിങ്, ചുമരുകൾ, ട്രിം, ക്യാബിനറ്റ്, വാതിൽ എന്നീ ക്രമത്തിൽ വേണം പെയിന്റ് ചെയ്യാൻ. എപ്പോഴും മുകളിൽ നിന്നും താഴോട്ടായിരിക്കണം പെയിന്റ് ചെയ്യുന്നത്.
പെയിന്റ് ചെയ്യുമ്പോൾ ഭിത്തിയുടെ ഒരു ഭാഗം മുഴുവനായും പെയിന്റ് ചെയ്തതിനു ശേഷം മാത്രം ജോലി അവസാനിപ്പിക്കുക. അനുഭവ പരിചയമുള്ള, പെയിന്റിങ്ങിൽ വിദഗ്ധരായ ആളുകളെ മാത്രം ജോലി ഏൽപ്പിക്കുക. പെയിന്റിങ് കോൺട്രാക്ടിനു കൊടുക്കുമ്പോൾ രണ്ടു കോട്ട് പ്രൈമറും അടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഭിത്തിയിൽ പാടു വീഴാതിരിക്കാൻ പെയിന്റിങ്ങിന് ഗുണമേന്മയുള്ള ബ്രഷും റോളറും മാത്രം ഉപയോഗിക്കുക. പുറംഭിത്തി കഴുകുമ്പോൾ പലരും പനനാരിന്റെ ബ്രഷാണ് ഉപയോഗിക്കുന്നത്. അതിനു പകരം ‘ഹൈ പ്രഷർ ക്ലീനർ’ ഉപയോഗിക്കുന്നത് ഭിത്തി പരമാവധി വൃത്തിയായാവാൻ സഹായിക്കും. ഈ മെഷീൻ വാടകയ്ക്ക് എടുക്കാൻ സാധിക്കും.
English Summary- Things to Note Before Repainting House- Interior Tips