ഉള്ളിലാണ് ശരിക്കും വീട്: അകത്തളങ്ങൾ ഒരുക്കുമ്പോൾ ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ
Mail This Article
വീടിന്റെ പുറംകാഴ്ച മാത്രം ഭംഗിയായാൽ പോര, അകവും നന്നാകണം, കാരണം നമ്മൾ താമസിക്കുന്നത് വീടിനുള്ളിലാണ്. വീടിന്റെ ഇന്റീരിയർ ഭംഗിയായി ഒരുക്കുന്നതിന് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1. വീടുനിർമാണ സാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയുമെല്ലാം മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിനാൽ ബജറ്റിനെക്കാൾ അൽപം തുക കൂടുതൽ കരുതുക.
2. നല്ലൊരു ഇന്റീരിയറിന് ആദ്യം വേണ്ടത് നല്ല ഫ്ലോർ പ്ലാനാണ്. ഓരോയിടത്തും ഇടേണ്ട ടൈലുകളും ഗ്രാനൈറ്റും തീരുമാനിച്ചുറപ്പിച്ചു വേണം പണി തുടങ്ങാൻ. ബാത്റൂമിൽ മിനുസമുള്ള ടൈലുകൾ വേണ്ട. മാറ്റ് ഫിനിഷ് ആണ് നല്ലത്. വില കൂടിയ ടൈലുകൾ കോമൺ ഏരിയയിൽ മാത്രമാക്കിയാൽ പണം ലാഭിക്കാം.
3. ലൈറ്റിങ്ങിന് വളരെ പ്രാധാന്യമുള്ളൊരു റോൾ ഉണ്ട്. വാം ടോൺ എൽഇഡി ലൈറ്റുകൾ മുറിക്ക് പ്രത്യേക മൂഡ് നല്കും. ഭിത്തിയിലെ നിറങ്ങൾക്ക് കൂടുതൽ ശോഭ പകരുന്നതാകണം ലൈറ്റിങ്. വോൾ ആർട്, ക്യൂരിയോസ് എന്നിവയെ എടുത്ത് കാണിക്കാൻ സ്പോട് ലൈറ്റിങ് ഉപയോഗിക്കാം. കേരളത്തിൽ ലഭ്യമായതിനേക്കാൾ നല്ല മോഡലുകൾ വിലക്കുറവിൽ ബെംഗളൂരുവിൽ ലഭിക്കും.
4. മുറികൾക്ക് സാധാരണ നൽകുന്ന ഉയരം 10 അടിയാണ്. ഇത് 13 അടിയാക്കിയാൽ നേട്ടങ്ങളേറെയാണ്. പുറംകാഴ്ച മെച്ചപ്പെടുന്നു എന്നതിനോടൊപ്പം ചൂട് കുറയ്ക്കാനും കൂടുതൽ സ്ഥലം തോന്നിക്കാനും സഹായിക്കും.
5. എല്ലാ മുറിയും ഒരുപോലെ തോന്നിക്കാതെ വ്യത്യസ്ത തീം മുകളിൽ ഒരുക്കാൻ ശ്രദ്ധിക്കുക. ഒരു മുറിയിലെ കർട്ടൻ, വോൾപേപ്പർ, പെയിന്റിങ്ങുകൾ , കിടക്കവിരി, ക്യൂരിയോസ് തുടങ്ങിയവയിലെല്ലാം ഏകതാനത കൊണ്ടുവരാൻ ശ്രമിക്കുക.
6. കോണിപ്പടിക്കടിയിലെ സ്ഥലം വെറുതേയിട്ടാൽ പൊടി പിടിച്ച് നാശമാകും. ഒരു കംപ്യൂട്ടർ ടേബിൾ സ്ഥാപിച്ച് ഓഫിസ് സ്പേസ് ആക്കിയെടുക്കാം. പെബിൾകോർട്, വാഡ്രോബ് തുടങ്ങിയവയും പരീക്ഷിക്കാവുന്നതാണ്.
7. വെള്ള നിറത്തിലുള്ള മുറിയാണെങ്കിൽ ആക്സസറികളിലൂടെ നിറം നല്കാം. ഫർണിഷിങ്, ഫ്ലോറിങ്, ജനാലകൾ, കർട്ടൻ തുടങ്ങിയവയിൽ വിവിധ നിറങ്ങൾ പരീക്ഷിക്കാം.
8.ഹോട്ടൽ മുറികളിലെ ആഡംബരവും സൗകര്യങ്ങളും വീടിനകത്ത് കൊണ്ടു വരാൻ ശ്രമിക്കരുത്. ഇവിടെ പ്രാധാന്യം ഉപയുക്തതയ്ക്കായിരിക്കണം.
9. ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് കയറുമ്പോൾ കാണുന്ന നിറങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകണം.
10. ഇന്റീരിയർ ഭംഗിയാക്കുന്നതിനിടയിൽ സ്റ്റോറേജ് സ്പേസിന്റെ കാര്യം മറന്നുപോകരുത്. സ്റ്റോറേജിന്റെ അഭാവം മൂലം സാധനങ്ങൾ പലയിടത്തും കുത്തിത്തിരുകേണ്ടിവരും. അലക്ഷ്യമായി ഇട്ടിരിക്കുന്ന വസ്തുക്കൾ ഇന്റീരിയറിന്റെ ശോഭ കെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.