അടുക്കളയിലെ ഏറ്റവും ബോറൻപണി: ഇനി പാത്രങ്ങളിലെ കറയും പാടുകളും അനായാസം വൃത്തിയാക്കാം

Mail This Article
അടുക്കളയിലെ ഏറ്റവും ബോറൻ ജോലി, 'കരിപിടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ ശ്രമിക്കുന്നതാണ്' എന്നുപറയാറുണ്ട്. സ്ക്രബറുകൾ തേഞ്ഞു തീർന്നാലും കറ മാറുന്നില്ല എന്ന് പരാതിപ്പെടുന്നവർക്ക് വളരെ എളുപ്പത്തിൽ പാത്രങ്ങൾ വൃത്തിയാക്കിയെടുക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട്. വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് പാത്രങ്ങളിലെ പറ്റിപ്പിടിച്ച കറകൾ നീക്കം ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
ഉപ്പ്
ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല വൃത്തിയാക്കലിലും ഉപ്പിന് വലിയൊരു പങ്കുവഹിക്കാനാകും. ചൂടുവെള്ളത്തിലേക്ക് കൂടിയ അളവിൽ ഉപ്പ് കലർത്തുക. കറപിടിച്ച പാത്രം ഈ വെള്ളത്തിൽ മുക്കിവയ്ക്കാം. കറയുടെ കാഠിന്യം അനുസരിച്ച് ഒരു മണിക്കൂർ വരെ ഇത്തരത്തിൽ മുക്കി വയ്ക്കാവുന്നതാണ്. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് സാധാരണപോലെ വൃത്തിയാക്കിയാൽ കറ വളരെ എളുപ്പത്തിൽ നീങ്ങുന്നത് കാണാനാകും.
റബ്ബിങ് ആൽക്കഹോളോ ഡിഷ് വാഷിങ് ഡിറ്റർജന്റോ എടുത്ത് അത് ഉപ്പുമായി കലർത്തി മിശ്രിതം തയ്യാറാക്കാം. ഇത് പാത്രത്തിലെ കറപിടിച്ച ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കണം. 30 മിനിറ്റ് മാത്രം അതേ നിലയിൽ തുടരാൻ അനുവദിക്കുക. ശേഷം ചൂടുവെള്ളത്തിൽ പാത്രം കഴുകിയെടുത്താൽ കറ അകലുന്നത് കാണാനാകും.
സ്റ്റീൽ പാത്രങ്ങളിൽ കരിഞ്ഞു പിടിച്ച കറയുണ്ടെങ്കിൽ അത് നീക്കം ചെയ്യാൻ നാരങ്ങാനീരും ഉപ്പും ചേർന്ന മിശ്രിതം സഹായിക്കും. നാരങ്ങാനീരിൽ നന്നായി ഉപ്പു കലർത്തിയ ശേഷം അത് പാത്രത്തിലാകെ തേച്ചുപിടിപ്പിച്ച 15 മിനിറ്റ് വയ്ക്കുക. കഴുകിയെടുക്കുന്നതിനു മുൻപായി അൽപം ഉപ്പു കൂടി വിതറാൻ ശ്രദ്ധിക്കണം.
ടൊമാറ്റോ സോസ്
ടൊമാറ്റോ സോസ് ഇന്ന് മിക്ക വീടുകളുടെയും അടുക്കളയിൽ ഇടംപിടിച്ചിട്ടുണ്ട്. കരിയും കറയും പിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ ഈ ടൊമാറ്റോ സോസും ഉപകരിക്കും. കറപിടിച്ച ഭാഗത്ത് ടൊമാറ്റോ സോസോ നന്നായി ഉടച്ചെടുത്ത തക്കാളിയോ തേച്ചുപിടിപ്പിക്കാം. ശേഷം പാത്രത്തിലേക്ക് അൽപം വെള്ളം ഒഴിച്ച് ചെറുതീയിൽ നന്നായി ചൂടാക്കുക. കറകൾ ഇളകി തുടങ്ങുമ്പോൾ ഉരച്ച് കഴുകിയെടുത്താൽ തിളങ്ങുന്ന പാത്രങ്ങൾ റെഡി. ഇതേ രീതിയിൽ കറപടിച്ച പാത്രത്തിൽ വെള്ളം എടുത്ത് അൽപം വിനാഗിരി ചേർത്ത് അടുപ്പിൽ വച്ച് തിളപ്പിച്ച ശേഷം ഉരച്ചു കഴുകുന്നതും ഫലം ചെയ്യും.
ബേക്കിങ് സോഡ
വീട്ടിലെ ഏതൊരു പ്രതലവും വൃത്തിയാക്കാൻ ബേക്കിങ് സോഡയ്ക്ക് പ്രത്യേക കഴിവാണുള്ളത്. പാത്രങ്ങളുടെ കാര്യത്തിലും അത് വ്യത്യസ്തമല്ല. അതിനായി ബേക്കിങ് സോഡ വെള്ളവുമായി കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് പാത്രത്തിൽ കറ പിടിച്ച ഭാഗത്ത് നന്നായി തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം സാധാരണ ഡിഷ് വാഷ് ഉപയോഗിച്ച് തേച്ചു കഴുകിയാൽ കറകൾ വളരെ എളുപ്പത്തിൽ ഇളകി പോകുന്നത് കാണാനാകും.

ഡിഷ് വാഷിങ് ലിക്വിഡ്
ഡിഷ് വാഷിങ് ലിക്വിഡ് മാത്രം ഉപയോഗിച്ച് പാത്രത്തിലെ കറകൾ നീക്കം ചെയ്യാനും മാർഗമുണ്ട്. അതിനായി ഡിഷ് വാഷർ ഡിറ്റർജന്റ് എടുത്ത് പാത്രത്തിൽ കറയുള്ള ഭാഗത്ത് ഒഴിച്ചുകൊടുക്കുക. ഇതിനൊപ്പം നല്ല ചൂട് വെള്ളം കൂടി ഒഴിക്കണം. ഇവ രണ്ടും കറയിൽ പ്രവർത്തിക്കാനായി അൽപസമയം അതേ നിലയിൽ തുടരാൻ അനുവദിക്കുക. പിന്നീട് സാധാരണ പോലെ കഴുകി കളഞ്ഞാൽ മതിയാകും. കറയുടെ കാഠിന്യം അനുസരിച്ച് രണ്ടോ മൂന്നോ തവണ ഇത് ആവർത്തിച്ച് ചെയ്യാവുന്നതാണ്.
സവാളയുടെ തൊലി
കറിയിലിടാനായി എടുക്കുന്ന സവാളയുടെ തൊലി ഇനി വെറുതെ കളയണ്ട. കരിപിടിച്ച പാത്രം എടുത്ത് അതിൽ നിറയെ വെള്ളം ഒഴിക്കുക. ഇതിലേക്ക് അഞ്ചോ ആറോ സവാളയുടെ തൊലി ഇട്ടുകൊടുക്കാം. ശേഷം പാത്രം അടച്ചുവച്ച് കൂടിയ തീയിൽ നന്നായി വെള്ളം ചൂടാക്കുക. 15- 20 മിനിറ്റ് വരെ ഇതേ നിലയിൽ തുടരണം. അതിനുശേഷം പാത്രം സാധാരണ ഡിഷ് വാഷ് കൊണ്ട് കഴുകിയെടുത്താൽ കറ അകന്ന് വൃത്തിയാക്കുന്നത് കാണാം.