ധോണിയുടെ ഏറ്റവും പ്രിയപ്പെട്ട ‘പിച്ച്’; രാജകീയ പ്രൗഢിയിൽ തിളങ്ങി ‘കൈലാഷ്പതി’
Mail This Article
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് മഹേന്ദ്ര സിങ് ധോണി എന്നത് ഒരു വികാരമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്നറിയപ്പെടുന്ന ധോണി ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട മഹിയാണ്. ധോണിയുടെ ഫീൽഡിലെ പ്രകടനങ്ങൾ മാത്രമല്ല ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ജാർഖണ്ഡിലെ റാഞ്ചിയിൽ സ്ഥിതിചെയ്യുന്ന അദ്ദേഹത്തിന്റെ ഫാം ഹൗസിന് പുറത്തുനിന്ന് ചിത്രങ്ങൾ പകർത്താൻ വേണ്ടി മാത്രം ആരാധകർ ഇവിടേയ്ക്ക് എത്തുന്നു.
ഫാം ഹൗസ് എന്നാണ് അറിയപ്പെടുന്നതെങ്കിലും എല്ലാവിധ ആഡംബര സൗകര്യങ്ങളും ധോണി ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ‘കൈലാഷ്പതി’ എന്നാണ് ഫാം ഹൗസിന് പേര് നൽകിയിരിക്കുന്നത്. മുംബൈ, ഡെറാഡൂൺ, പൂണെ എന്നിവിടങ്ങളിലും ധോണിക്ക് വീടുകളുണ്ടെങ്കിലും ഇവയിൽ ഏറ്റവും വലുതും താരത്തിന് ഏറെ പ്രിയപ്പെട്ടതും റാഞ്ചിയിലെ ഫാം ഹൗസ് തന്നെയാണ്. ആറുകോടി രൂപ വില മതിപ്പുള്ള ഫാം ഹൗസിന്റെ നിർമ്മാണം 2017ലാണ് പൂർത്തിയായത്.
ധോണിയും ഭാര്യ സാക്ഷിയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയാണ് ഫാം ഹൗസിന്റെ അകക്കാഴ്ചകൾ ആരാധകരിലേയ്ക്ക് എത്തുന്നത്. ന്യൂട്രൽ ഡ്രേപ്പുകളും ഇളം തവിട്ടു നിറത്തിലുള്ള ബ്ലൈൻഡുകളും സ്വർണ നിറമുള്ള ടർക്കിഷ് റഗ്ഗുകളും അകത്തളത്തിന് രാജകീയ പ്രൗഢി നൽകുന്നു. മനോഹരമായ ആർട്ട് വർക്കുകൾ കൊണ്ടാണ് ഭിത്തി അലങ്കരിച്ചിരിക്കുന്നത്. ഫ്ലോറിങ്ങിനായി തടിയും മാർബിളും ഉപയോഗിച്ചിട്ടുണ്ട്. ക്രീം, ഇളം മഞ്ഞ, ചാര നിറം തുടങ്ങിയ ഷെയ്ഡുകളാണ് ഫ്ലോറിങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
പെയിന്റിങ്ങിലും ഫ്ലോറിങ്ങിലും ലളിതമായ നിറങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലും ആഡംബരത്തിന് ഒട്ടും കുറവ് വരുത്താതെ എല്ലാ സൗകര്യങ്ങളും വീട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വലിയ ഇൻഡോർ സ്റ്റേഡിയം, വിശാലമായ ജിംനേഷ്യം, പാർക്ക്, നെറ്റ് പ്രാക്ടീസ് ഫീൽഡ്, സ്വിമ്മിംഗ് പൂൾ എന്നിവയെല്ലാം ഇവിടെ കാണാം. ഇതിനെല്ലാം പുറമേ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ പോലും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. തടിയിൽ തീർത്ത പ്രൗഢമായ ഫർണിച്ചറുകളും വ്യത്യസ്ത ആകൃതികളിൽ പ്രത്യേകമായി തയ്യാറാക്കിയ ഡിസൈനർ കണ്ണാടികളുമാണ് അകത്തളത്തിലെ മറ്റ് ആകർഷണങ്ങൾ.
ഗ്ലാസ് ഭിത്തികൾ നിറഞ്ഞ മറ്റൊരു കെട്ടിടവും ഫാം ഹൗസ് കോമ്പൗണ്ടിൽ തന്നെ നിർമ്മിച്ചിട്ടുണ്ട്. വാഹനപ്രിയനായ ധോണിയുടെ ആഡംബര കാറുകളുടെയും ബൈക്കുകളുടെയും വലിയ ശേഖരമാണ് ഇവിടെയുള്ളത്. ചെടികളും പുൽത്തടികളും നിറച്ച് പരിസരം മനോഹരമാക്കിയിരിക്കുന്നു.
പൂച്ചകളും നായകളുമടക്കം ധാരാളം വളർത്തുമൃഗങ്ങളും ഇവിടെയുണ്ട്. ഇവയ്ക്ക് കളിക്കുന്നതിനും ട്രെയിനിങ് നൽകുന്നതിനുമായി പ്രത്യേക ഇടവും ഫാം ഹൗസിൽ ഒരുക്കിയിരിക്കുന്നു. ഏഴ് ഏക്കർ വിസ്മൃതമായ സ്ഥലത്താണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. മൂന്നുവർഷം സമയമെടുത്താണ് ഫാം ഹൗസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.