ADVERTISEMENT

കമ്പംമെട്ടിൽ കാക്കിയുടെ തണലിൽ വിളയുന്നത് നൂറുമേനി പച്ചക്കറി വിളകളും, തേനീച്ച കൃഷിയും. പത്തടി ഉയരത്തിൽ പടർന്നു കിടക്കുന്ന തക്കാളിയും അദ്ഭുത കാഴ്ചയാണ്. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പ് ഉത്സവത്തിൽ ജില്ലാ പൊലീസ് മേധാവി  പൊലീസുകാരെ അഭിനന്ദിച്ചതിനൊപ്പം പ്രത്യേക പാരിതോഷികത്തിനായി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകുമെന്നും അറിയിച്ചു.

കുരങ്ങു ശല്യത്തെ അതിജീവിച്ച് മഴമറക്കൃഷിയിലൂടെ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം പച്ചക്കറികളും വിളഞ്ഞ് പാകമായി നിൽക്കുന്ന കാഴ്ചയാണ് കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിസരത്ത് കാണാനാവുക. പൂർണമായും ജൈവ രീതിയിൽ ഉൽപാദിപ്പിച്ചതാണ് പച്ചക്കറികൾ. കമ്പംമെട്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ ജി. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ‌വിളപരിപാലനം.

ആദ്യ കൃഷി കുരങ്ങുകൾ നശിപ്പിച്ചു

3 വർഷം മുൻപാണ് കമ്പംമെട്ട് സ്റ്റേഷൻ മുറ്റത്ത് കാടുപിടിച്ചു കിടന്നിരുന്ന ഭൂമി വൃത്തിയാക്കി കൃഷിയിറക്കിയത്. വിളവെടുപ്പിന് പാകമായതോടെ വാനര സംഘമെത്തി കൃഷി മുഴുവൻ നശിപ്പിച്ചു. ഇതിൽ നിരാശരാകാതെ കുരങ്ങുശല്യത്തിൽനിന്നു രക്ഷ നേടാനുള്ള മാർഗങ്ങൾ തേടി കൃഷി വകുപ്പിനെ സമീപിച്ചതിൽ നിന്നായിരുന്നു വിജയത്തുടക്കം.

കരുണാപുരം കൃഷിഭവന്റെ നിർദേശ പ്രകാരം മഴമറക്കൃഷിയിലേക്ക് മാറിയതോടെ വാനര സംഘത്തിന്റെ ആക്രമണം ഇല്ലാതായി. കരുണാപുരം പഞ്ചായത്തും സഹായവുമായി എത്തി. ആദ്യഘട്ടമായി പയറും പാവലും  ബീൻസും തക്കാളിയുമായിരുന്നു കൃഷിയിറക്കിയത്. ഇത് വിജയമായതോടെ ഒരു വീട്ടിലേക്ക് വേണ്ട എല്ലാത്തരം പച്ചക്കറികളും കൃഷി ചെയ്യാനാരംഭിച്ചു. 

പയർ മുതൽ തേനീച്ച വരെ

3  ഇനം പയറുകളും പച്ചമുളക്, കാബേജ്, തക്കാളി, വിവിധ തരം വഴുതന, വെണ്ട, ചീരയിനങ്ങൾ, പാവൽ, മത്തൻ, കുമ്പളം, കുക്കുംബർ, പെരുഞ്ചീരകം, മല്ലി തുടങ്ങി ഇവിടെയില്ലാത്ത പച്ചക്കറികൾ ഒന്നുമില്ലെന്നു തന്നെ പറയാം. പൊലീസുകാരുടെ ആവശ്യത്തിന് മാത്രമല്ല സ്റ്റേഷനിലെത്തുന്നവർക്കും സമ്മാനമായി പച്ചക്കറിയും വിത്തുകളുമടക്കം നൽകി മാതൃകയാവുകയാണ് ഈ പൊലീസുകാർ. പച്ചക്കറിക്കൃഷിക്കൊപ്പം തേനീച്ചപ്പെട്ടികൾ വച്ച് പ്രകൃതിദത്തമായ തേനും ഇവർ ഉൽപാദിപ്പിക്കുന്നു.

സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും പൂർണ പങ്കാളിത്തത്തോടെ ദിവസവും രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ ഷിഫ്റ്റായാണ് പച്ചക്കറി പരിപാലനം. തിരക്കുപിടിച്ച ജോലിക്കിടെ കിട്ടുന്ന ഇടവേളകളിൽ തോട്ടത്തിലാണ് ഇവർ ചിലവഴിക്കുന്നത്. ഇത് നൽകുന്ന മാനസിക ഉല്ലാസം വലുതാണന്ന് പൊലീസുകാർ സാക്ഷ്യപ്പെടുത്തുന്നു.  കൃഷി വൻ വിജയമായതോടെ അക്വാപോണിക്സ് മാതൃകയിൽ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യക്കൃഷിയിലും ഒരു കൈ നോക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ് സംഘം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com