ആദ്യ ദൗത്യം പൂർത്തിയാക്കി ഏയ്ഞ്ചൽ; കുടയത്തൂർ ഉരുൾപൊട്ടലിൽ മൃതദേഹങ്ങൾ കണ്ടെത്തിയ കഡാവർ നായ
Mail This Article
കേരളം ഞെട്ടലോടെ ഉറക്കമുണർന്ന ദിനമായിരുന്നു ഇന്ന്. ഇടുക്കിജില്ലയിലെ കുടയത്തൂരിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മുഴുവൻ പേരെയും പ്രകൃതി കൊണ്ടുപോയി. മണ്ണും കല്ലുകളും നിറഞ്ഞ പ്രദേശത്തേക്ക് വിവരം അറിഞ്ഞതു മുതൽ രക്ഷാപ്രവർത്തനത്തിനായി ആളുകൾ എത്തിയിരുന്നു. മണ്ണിനടിയിൽപ്പെട്ട അഞ്ചു പേരിൽ മൂന്നു പേരെയും ജീവനറ്റ നിലയിൽ പുറത്തെടുത്തെങ്കിലും മറ്റു രണ്ടു പേരെ കണ്ടെത്തുക വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസിന്റെ ഇടുക്കി കെ9 സ്ക്വാഡിലെ ഏയ്ഞ്ചൽ എന്ന നായ തന്റെ ആദ്യ ദൗത്യവുമായി എത്തിയത്.
ചെളി നിറഞ്ഞിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. നായയ്ക്ക് നിലത്ത് കാലുറപ്പിച്ചു നിൽക്കാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നു. ചെളി നിറഞ്ഞതിനാൽ മണം പിടിക്കലും ബുദ്ധിമുട്ടായിരുന്നുവെന്ന് ഏയ്ഞ്ചലിന്റെ ഹാൻഡ്‌ലറായ ജിജോ കർഷകശ്രീയോടു പറഞ്ഞു. അസിസ്റ്റന്റ് ഹാൻഡ്‌ലറായ അഖിൽ തിരുവനന്തപുരത്ത് ഇന്ന് ആരംഭിച്ച കേരള പൊലീസ് കെ9 സ്ക്വാഡ് വെറ്ററിനറി നഴ്സിങ് കോഴ്സിന് പോയതിനാൽ ഏയ്ഞ്ചലിനൊപ്പം ജിജോ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പ്രദേശത്തെ മോശം സാഹചര്യത്തിലും ചെളിയിലേക്ക് മൂക്ക് താഴ്ത്തി മണം പിടിച്ച് കാലുകൾക്കൊണ്ട് മാന്തി ഏയ്ഞ്ചൽ സൂചന നൽകി. ഏയ്ഞ്ചൽ നൽകിയ സൂചനപ്രകാരം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഏയ്ഞ്ചലിനൊപ്പം സെർച്ച് ആൻഡ് റെസ്ക്യൂ നായയായ ഡോണയും ദൗത്യത്തിനുണ്ടായിരുന്നു. പ്രദീപും അനീഷുമാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട ഡോറയുടെ ഹാൻഡ്‌ലർമാർ.
മണ്ണിനടിയിൽപ്പെട്ട മൃതദേഹങ്ങൾ കണ്ടെത്തുന്ന കഡാവർ ട്രെയിനിങ് ലഭിച്ച നായയാണ് ഒന്നര വയസുകാരി ഏയ്ഞ്ചൽ. ബെൽജിയൻ മലിന്വ ഇനത്തിൽപ്പെട്ട ഏയ്ഞ്ചൽ തൃശൂരിലെ ഡോഗ് ട്രെയിനിങ് അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കി ഇടുക്കിയിലെത്തിയിട്ട് ആറു മാസമേ ആയിട്ടുള്ളു. അതുകൊണ്ടുതന്നെ കുടയത്തൂരിലേത് ഏയ്ഞ്ചലിന്റെ ആദ്യ ദൗത്യമായിരിരുന്നു.
English summary: Cadaver dog helped find kudayathoor landslide victims