ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചിലപ്പോഴൊക്കെ വേവിച്ച ചോറു പോലുള്ള വസ്തുക്കൾ ആടുകളുടെ കാഷ്ഠത്തിൽ കാണപ്പെടുന്നതായി കർഷകർ പറയാറുണ്ട്. ആടുകളെ ബാധിച്ചിരിക്കുന്ന നാടവിരകളുടെ ശരീര കഷണങ്ങളാണ് ഈ രൂപത്തിൽ പുറത്തു വരുന്നത്. ഇത്തരം ക്ഷണങ്ങളിൽ നാടവിരയുടെ മുട്ടകൾ ഉണ്ടായിരിക്കും. ആടുകളുടെ വളർച്ച, ഉൽപാദനക്ഷമത എന്നിവയെ ബാധിക്കാവുന്ന ആന്തരപരാദങ്ങളിൽ പ്രധാനമാണ് നാടവിരകൾ. മൊണീസിയ എന്ന ജനുസിൽപ്പെട്ട നാടവിരകളാണ് നമ്മുടെ നാട്ടിലെ ആടുകളിൽ സാധാരണ കണ്ടുവരുന്നത്. ഏകദേശം അര മീറ്റർ നീളമുള്ള ഇവ വെളുത്ത നിറത്തിലും റിബൺ ആകൃതിയിലുമാണ് കാണപ്പെടുന്നത്.

‌നാടവിര ബാധിച്ച് ഏകദേശം ഒന്നരയാഴ്ച കഴിയുന്നതോടെ ആടുകളുടെ കാഷ്ഠത്തിലൂടെ വിരയുടെ മുട്ടകൾ അല്ലെങ്കിൽ മുട്ടകൾ അടങ്ങിയ ശരീരകക്ഷണങ്ങൾ (ഖണ്ഡങ്ങൾ) പുറത്തുവരുന്നു. മണ്ണിലെത്തുന്ന വിരമുട്ടകൾ പുല്ലുകളിൽ കാണപ്പെടുന്ന തീരെ ചെറിയ ഇനം മണ്ഡരികളിലെത്തുന്നു. നാടവിരയുടെ ശൈശവഘട്ടങ്ങൾ മണ്ഡരിയുടെ ശരീരത്തിലാണ് കടന്നു പോകുന്നത്. ഇത്തരം മണ്ഡരികളെ പുല്ലിനൊപ്പം തിന്നുന്ന ആടുകൾക്ക് വിരബാധയുണ്ടാകുന്നു. ആറു മാസത്തിൽ താഴെ പ്രായമുള്ള ആട്ടിൻകുട്ടികളിലാണ് നാടവിരബാധയുടെ ശല്യം കൂടുതൽ കാണപ്പെടുന്നത്. തീറ്റയുടെയും പരിപാലനത്തിലെയും കുറവുകൾ മൂലം ദുർബലമായ രോഗപ്രതിരോധശേഷി മാത്രമുള്ള കുട്ടികളിൽ രോഗം ഗുരുതരമാകും. വിശപ്പില്ലായ്മ, വയറിളക്കം, ദഹനക്കുറവ്, ശരീര ശോഷണം, വളർച്ചാ നിരക്കിലെ കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവും. വിരകൾ കുടലിൽ ക്ഷതങ്ങളുണ്ടാക്കുകയും പോഷകങ്ങൾ വലിച്ചെടുക്കുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ കുടലിൽ അണുബാധയുമുണ്ടായേക്കാം. കൂട്ടംകൂടി കുടലിൽ തടസ്സം സൃഷ്ടിക്കുന്ന നാടവിരകൾ ആട്ടിൻകുട്ടികളുടെ മരണത്തിനു വരെ കാരണമാകുന്നു. 

കർഷകർക്ക് ചെയ്യാവുന്നത്

1.രോഗപ്പകർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന പുൽമണ്ഡരികളെ നിയന്ത്രിക്കുകയെന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ, വിരബാധയുള്ള ആടുകളെ കണ്ടെത്തി ചികിത്സിക്കുകയും അതുവഴി അവയിൽനിന്ന് മറ്റുള്ളവയിലേക്ക് രോഗം പകരുന്നത് തടയുകയുമാണ് ചെയ്യേണ്ടത്.

2.കാഷ്ഠ പരിശോധന നടത്തിയാണ് വിരബാധയുള്ള ആടുകളെ കണ്ടത്തേണ്ടത്. മൃഗാശുപത്രികളിൽ ഇതിനുള്ള സൗകര്യമുണ്ട്.

3.വിരബാധയുണ്ടെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുന്ന നാടവിരയ്ക്കെതിരെ ഫലപ്രദമായ മരുന്നുകൾ ശരിയായ അളവിൽ നൽകുക. നിക്ലോസമൈഡ്, പ്രാസികാന്റൽ തുടങ്ങിയ മരുന്നുകൾ നാടവിരകൾക്കെതിരെ ഫലപ്രദമാണ്

4.അതിരാവിലെയും വൈകുന്നേരവും ആടുകളെ മേയാൻ വിടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. ഈ സമയത്താണ് പുല്ലിൽ മണ്ഡരികർ ധാരാളമായി കാണപ്പെടുക.

5.ഒരേ സ്ഥലത്ത് സ്ഥിരമായി മേയാൻ വിടാതെ, മേയുന്ന സ്ഥലങ്ങൾ മാറിമാറി ഉപയോഗിക്കുക. മേയുന്ന സ്ഥലങ്ങൾ ഇടയ്ക്കിടെ ഉഴുതുമറിച്ച് പുതിയ പുല്ല് വളരാൻ അനുവദിക്കുക.

6.മെച്ചപ്പെട്ട പരിപാലനവും പോഷകസമൃദ്ധമായ തീറ്റയും നൽകി ആടുകളുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുക.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com