‘‘ഞങ്ങൾ എത്ര നോക്കിയാലും ഡാഡി നോക്കുന്നതിനൊപ്പമാവില്ല’’: രാജപാളയം നായയെ രക്ഷപ്പെടുത്തിയപ്പോൾ സംഭവിച്ചത്

Mail This Article
ലോക്‌ഡൗൺ കഴിഞ്ഞ മാസങ്ങൾക്കുശേഷമാണ് ക്ലിയോ എന്ന നായയെ, ഞാൻ വഴിയിൽനിന്ന് എടുത്ത് വളർത്താൻ തുടങ്ങിയത്. ആ കഥ ഒന്നു കുറിക്കണമെന്നു തോന്നി.
തമിഴ്നാട്ടിലെ രാജപാളയം എന്ന സ്ഥലത്തെ തനത് നായയിനമാണ് രാജപാളയം. ബ്രിട്ടീഷുകാരുടെ അധിനിവേശകാലത്ത് അവയെ മിക്കതിനെയും കൊന്നു തീർത്തെന്നും. പിന്നീട് തമിഴ്നാട് സർക്കാർ മുൻകൈയെടുത്ത് നമ്മുടെ വെച്ചൂർ പശുക്കളെ സംരക്ഷിച്ചതുപോലെ ബാക്കിയുള്ളവയിൽനിന്ന് ബ്രീഡ് ചെയ്തുവെന്നും, രാജപാളയം നായ്ക്കൾക്കു വേണ്ടി പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് സ്റ്റാമ്പ് ഇറക്കി എന്നും ഒക്കെയാണ് അറിവ്. അതൊക്കെ എല്ലാവർക്കും അറിയാവുന്നതായതുകൊണ്ട് അതിലേക്ക് കൂടുതൽ പോകുന്നില്ല. ഞാനീ രംഗത്ത് വലിയ വിദഗ്ധനൊന്നുമല്ല. ഒരനുഭാവി അത്രതന്നെ...
ചെറുപ്പം മുതൽ ഇഷ്ടമായിരുന്നെങ്കിലും... അക്കാലത്ത് കേട്ടിട്ടുള്ള ഒരേയൊരു മുന്തിയ നായ ഇനം എന്നു പറയുന്നത് അൽസേഷനും പോമറേനിയനുമാണ്. പിന്നെ എൺപതുകളുടെ അവസാനം ഡോബർമാൻ വന്നു തുടങ്ങി. ഇപ്പോ ഒരു ഡോബർമാനെ ഞാൻ വളർത്തുന്നുണ്ട്. എന്റെ അനുഭവത്തിൽ സ്വന്തം വാസസ്ഥലത്ത് ഒരു ഈച്ച പോലും കയറാൻ ഡോബർമാൻ സമ്മതിക്കില്ല.
ചെറുപ്പത്തിൽ നായ്ക്കളെപ്പറ്റി എനിക്കു കൂടുതൽ അറിവ് കിട്ടിയിട്ടുള്ളത് കർഷകശ്രീ പോലുള്ള മാഗസിനുകളിൽ എഴുതിയിരുന്ന ഡോ. മരിയ ലിസ മാത്യുവിന്റെ കുറിപ്പുകളിൽനിന്നും അടുത്തകാലത്തായി ഡോക്ടർ ഇറക്കുന്ന വീഡിയോകളിൽനിന്നുമാണ്. വലിയ മുഖവുരയോടെ ഇതൊക്കെ ഇവിടെ എഴുതി വയ്ക്കുന്നതിന്റെ കാരണം, വിശദമായ ഒരു ചർച്ചയ്ക്കും അറിവുകൾ അങ്ങോട്ടുമിങ്ങോട്ടും പങ്കുവയ്ക്കാനുമാണ്.
ഏകദേശം 3 മാസം മുമ്പ്, ഒരു എഫ്ബി പോസ്റ്റിൽ വഴിയരികിൽ ഒരു നായ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നതായും അതിന്റെ ഉടമസ്ഥനോ വളർത്താൻ താൽപര്യമുള്ളവരോ ആരെങ്കിലും വന്നാൽ എടുത്തുകൊണ്ട് പോകാമെന്നും വെളുത്തനിറത്തിൽ ചുവന്ന മൂക്കുള്ള നായയുടെ ഫോട്ടോയും കണ്ടു.
ഒറ്റ നോട്ടത്തിൽ രാജപാളയം ആണെന്നു മനസ്സിലായതു കൊണ്ട് ചാടിവീണ് പോയി എടുത്തു കൊണ്ടുവന്നു. അല്ലെങ്കിലും പണം മുടക്കി നായയെ വാങ്ങാൻ പറ്റുന്ന ഒരു അവസ്ഥയിലല്ല ഞാനിപ്പോ.
എന്റെ ഡോബർമാൻ... ‘ഫൈഡോ’ ചെക്കൻ നല്ല കുസൃതിയാണ്. നഗരത്തിലെ കുഞ്ഞു വീട്ടിൽ അവൻ വല്ലാണ്ട് വീർപ്പുമുട്ടുന്നുണ്ടായിരുന്നു. വല്ലപ്പോഴും എന്റെ നാട്ടിലെ വീട്ടിലേക്ക് അവനെ കൊണ്ടുവരും. അവനത് വളരെ സന്തോഷമുള്ള കാര്യമാണ്. ഓടിച്ചാടി നടക്കാൻ ഇഷ്ടം പോലെ സ്ഥലം. പൈപ്പ് വെള്ളത്തിൽ കുളിച്ചിരുന്ന അവന് അരുവിയിലെ വെള്ളത്തിൽ മുങ്ങി നിവർന്നു കുളിക്കാം (പിന്നേ ഒരു കാര്യം അറിയാമോ? നായയെ നമ്മൾ എത്രയൊക്കെ മിനക്കെട്ടു പൈപ്പ് വെള്ളത്തിൽ കുളിപ്പിച്ചാലും വൃത്തിയാകുന്നതിന്റെ നൂറിരട്ടി വൃത്തി, നദിയിലോ കുളത്തിലോ കുളിപ്പിച്ചാൽ ഉണ്ടാകും).
ഒരിക്കൽ ഗ്രാമത്തിലെ വീട്ടിലേക്ക് ഞാൻ പോരാൻ ഇറങ്ങിയപ്പോൾ ഭാര്യ ഫൈഡോയെ എന്റെ കൂടെ വിട്ടില്ല. എനിക്ക് സങ്കടമായി. ഞാൻ പോയിക്കഴിഞ്ഞ് അവനും. ഞങ്ങൾ തമ്മിൽ അതായത് ഞാനും ഭാര്യയും തമ്മിൽ ഫൈഡോയുടെ ഉടമസ്ഥവകാശത്തെ ചൊല്ലി ചില്ലറ വാഗ്‌വാദങ്ങൾ ഒക്കെ നടന്നു. അവൾ അവന്റെ ‘അമ്മ’യായതുകൊണ്ട് സ്വാഭാവികമായും ഞാൻ തോറ്റു.
പുത്രദുഃഖത്തിൽ വലഞ്ഞിരിക്കുന്ന നേരത്താണ് നായകൾക്കു വേണ്ടി മാത്രമുള്ള ഒരു ഗ്രൂപ്പിൽ ഞാൻ നേരത്തെ സൂചിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് കാണുന്നത്. ലൊക്കേഷൻ അടുത്താണ്. അതായത് അധികം ദൂരം ഡീസൽ കത്തിച്ചു പോവണ്ട. ജീപ്പിനുള്ളിൽ ഡീസൽ കിടപ്പുണ്ട്. ഞാൻ എടുത്തു ചാടി നൂറേൽ വണ്ടി വിട്ടു!
അന്ന് ആ നഗരത്തിലെ, നായ കിടക്കുന്ന സ്ഥലത്തെത്തിയപ്പോ ഏകദേശം 15 വീടുകളും അതിനുമപ്പുറം റോഡ് തീരുന്ന ഒരു 'ലെയിൻ...' അതിൽ ഏതോ ഒരു വീടിന്റെ കോമ്പൗണ്ടിൽ ഇവൻ കയറി കിടപ്പാണ്. ഇടയ്ക്കിടെ വീടു മാറും. മിക്ക വീട്ടുകാരും അതിന് എന്തെങ്കിലും ഭക്ഷണം കൊടുക്കും. എങ്കിലും ആള് അവശനാണ്...!
അങ്ങോട്ട് പോയ വഴി അതിനു കൊടുക്കാനായി ഇറച്ചിക്കടയിൽനിന്ന് 30 രൂപയുടെ സോഫ്റ്റ് എല്ലിൻ കഷണങ്ങൾ വാങ്ങിയിരുന്നു. അതു കൊടുത്തപ്പോ അവൻ കൊതിയോടെ വാങ്ങി കഴിച്ചെങ്കിലും സംശയദൃഷ്ടിയോടെയാണ് എന്നെ നോക്കിയത്. എന്റെയടുത്ത് വരാൻ അവൻ മടിച്ചുകൊണ്ട് അകന്നുനിന്നു. ജീപ്പിൽ കിടന്ന ചങ്ങല ആരോ എടുത്തപ്പോഴുള്ള കിലുക്കം കേട്ടതും സൂത്രത്തിൽ അവൻ അവിടെയൊരു വീടിന്റെ കോമ്പൗണ്ടിൽ കയറിയൊളിച്ചു. അവിടെക്കയറി അവനെ പിടിക്കാൻ ശ്രമിച്ചെങ്കിലും അവനെന്നെ പറ്റിച്ചു കൊണ്ട് മറ്റൊരു വീടിന്റെ കോമ്പൗണ്ടിൽ പോയി ഒളിച്ചു.
കുറേ നേരത്തെ തിരച്ചിലിനു ശേഷം അവന്റെയടുത്ത് ഞാനെത്തി. വീണ്ടും എല്ലിൻ കഷണങ്ങൾ കൊടുത്തു കൊണ്ട് അവന്റെ നെറ്റിയിലേക്ക് കൈകൊണ്ടു പോയപ്പോ അവൻ എന്നെ കടിക്കാനായി വന്നു. ഗ്ലൗസ് കൊണ്ടുവരേണ്ടതായിരുന്നുവെന്ന് മനസ്സിൽ ആലോചിച്ചുകൊണ്ട് അതിന്റെ താടിക്ക് കീഴിൽ പതുക്കെ തടവി കൊടുത്തു. അതിനവന് എതിർപ്പില്ല എന്നു കണ്ടപ്പോൾ പതുക്കെ തലോടൽ മുഖത്തിന്റെ സൈഡിൽ കൂടി നെറ്റിയിലേക്ക് എത്തി. എല്ലിൻകഷണം തിന്നുന്ന തിരക്കിലാണ് അവൻ. സാധാരണഗതിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആരെങ്കിലും അടുത്തേക്ക് ചെന്നാൽ നായ്ക്കൾ മുറുമുറുക്കും, ഇവനങ്ങനെയൊന്നുമില്ല. നെറ്റിയിൽ വീണ്ടും തലോടുമ്പോഴും എതിർപ്പില്ല എന്നു കണ്ടപ്പോൾ വായിലെ ഭക്ഷണം കഴിച്ച് തീരുന്നതുവരെ തലോടിക്കൊണ്ടിരുന്നു. കഴിച്ചു കഴിഞ്ഞ് അവനെന്റെ മുഖത്തേക്ക് ഇനിയുമുണ്ടോ എന്ന ഭാവത്തിൽ മരതകപ്പച്ച നിറമുള്ള കൃഷ്ണമണി കൊണ്ട് ഒന്നു നോക്കി.
പറ്റിയ സമയം...!
ഞാനവന്റെ കഴുത്തിനു പിറകിലെ തൊലിയിൽ പിടുത്തമിട്ടു. ആൾ ആകെ ക്ഷീണിതനായിരുന്നതുകൊണ്ട് ചെറുതായ എതിർപ്പു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരേ സമയം പലർ അവന്റടുത്തേക്ക് ചെന്ന്, അവനെ ടെൻഷൻ ആക്കേണ്ട എന്നു കരുതി ദൂരെ മാറി നിന്നിരുന്ന, FB പോസ്റ്റ് ഇട്ട ബിബിൻ ഞാൻ വിളിച്ചപ്പോൾ തുടലുമായി വന്നു. തുടലിന്റെ ശബ്ദം അവനിൽ ഒരു ചെറിയ നടുക്കമുണ്ടാക്കിയെങ്കിലും അവൻ ദുർബലനായിരുന്നു.
എന്റെ പിടുത്തത്തിന്റെ ധൈര്യത്തിൽ അദ്ദേഹം കഴുത്തിൽ തുടൽ കൊളുത്തി. കഴുത്തിലെ പിടി വിടാതെ ബിബിനോട് മാറിക്കൊള്ളാൻ പറഞ്ഞു. അദ്ദേഹം കുറച്ചു ദൂരെ എത്തിയപ്പോൾ ഞാൻ നായയുടെ ദേഹത്തുനിന്നു പിടി വിട്ടു തുടലിൽ പിടിച്ചു കൊണ്ട് നടക്കാൻ ആരംഭിച്ചു. മുൻപരിചയം ഉള്ളതുപോലെ അവൻ എന്റെ കൂടെ തുടലിനൊപ്പം നടന്നു തുടങ്ങി. ജീപ്പിന് അടുത്തേക്ക് വന്നതും അവൻ വല്ലാണ്ട് ഭയന്നു അവനെ തൂക്കി ജീപ്പിൽ കയറ്റാൻ ബിബിനും സഹായിച്ചു.
വീട്ടിലേക്ക് പോകുന്ന വഴി അവൻ ആകെ അസ്വസ്ഥനായിരുന്നു. ഞാനും.
പക്ഷേ...
ഇതിനെ എടുക്കാൻ പോയപ്പോ... "ഇങ്ങോട്ടൊന്നും കൊണ്ടുവരേണ്ട ഞാൻ നോക്കില്ല " എന്നു പറഞ്ഞ എന്റെ അമ്മയേ നോക്കി ഇവൻ വാലാട്ടി നിന്നു. തിളങ്ങുന്ന കണ്ണുകളിൽ എന്തോ ഒരു പ്രതീക്ഷ. ആ ദുർബലനായ നായയേക്കണ്ടതും അമ്മയുടെ മനസ്സലിഞ്ഞു.
ഒരു ചുവന്ന ബെൽറ്റ് വാങ്ങി ആ ബെൽറ്റിൽ എന്റെ ഫോൺ നമ്പർ എഴുതിവച്ചു. എങ്ങാനും ഇനിയും വഴി തെറ്റിയോ മറ്റോ എന്റെയടുത്തുനിന്നും നഷ്ടപ്പെട്ടുപോയാൽ കണ്ടുകിട്ടുന്നവർ എന്നെ വിളിക്കുമെന്ന ഒരു പ്രതീക്ഷ.

ആദ്യം തന്നെ അവനെ ഒന്നു കുളിപ്പിച്ചു. അവന്റെ ദേഹമസകലം രോമത്തിൽ ഒരഞ്ചു മിനിറ്റ് സോപ്പ് പതച്ചുവച്ച്, ഉണങ്ങിപ്പോകാതെ വെള്ളം തളിച്ചു പതപ്പിച്ചു കൊണ്ടിരുന്നപ്പോ, രോമങ്ങൾക്കിടയിൽ പിടിതരാതെ ഓടി നടക്കുന്ന ചെള്ളുകൾ സോപ്പിൽ കുതിർന്ന, അർധബോധാവസ്ഥയിൽ പുറത്തേക്ക് വന്നു. അവയെയൊക്കെ പിടിച്ച് ഒരു കുതിർന്നയഞ്ഞ ബാർസോപ്പു കഷ്ണത്തിനുള്ളിലേക്ക് പൂഴ്ത്തിവച്ചു. അവിടിരുന്നു ശ്വാസംമുട്ടിച്ചത്തോളും. ശല്യങ്ങൾ... ബാക്കി ദേഹത്തുണ്ടായിരുന്ന പട്ടുണ്ണികളെയെടുത്തു ശകലം പെട്രോൾ നിറച്ച കുപ്പിയിലിട്ടടച്ചു. പെട്രോളിൽ മുങ്ങി മരിക്കാനുള്ള അവന്റെയൊക്കെ വിധി നടപ്പാക്കി. സമൃദ്ധമായ കുളിക്കു ശേഷം ഒരു പഴയ തോർത്തുകൊണ്ട് ദേഹം തോർത്തിക്കൊടുത്തു.
അപ്പോഴേക്കും അമ്മ ചൂടുപാൽ കൊണ്ടുവന്നു. അതവൻ ആർത്തിയോടെ കുടിച്ചു. ചെക്കന് ആകെ ക്ഷീണമാണ്. നടക്കാനൊക്കെ വയ്യ. എങ്കിലും അവനെയും കൊണ്ട് പറമ്പിലൊക്കെ ഒന്നു കൊണ്ടുനടന്ന് പരിചയപ്പെടുത്തി. നായ്ക്കൾ പുല്ലു തിന്നുമെന്നുള്ളത് പുതുമയുള്ള കാര്യമല്ല. പക്ഷേ സാധാരണ നായ്ക്കളെ അപേക്ഷിച്ച് ഇവൻ, പറമ്പിൽ വളർന്നുനിൽക്കുന്ന, ആഞ്ഞിലി തൈകളുടെ തളിർ ഇലകൾ മാത്രമേ കഴിക്കൂ. ഇവന്റെ പേര് എനിക്കറിയില്ല അതുകൊണ്ട് തൽക്കാലമവനെ മിക്കി എന്ന് വിളിച്ചു. എന്റെ വിളി മനസ്സിലായിട്ടോ ആ വിളിയുടെ ശബ്ദവിന്യാസം കൊണ്ടോ ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും മിക്കി എന്ന വിളിയിൽ അവൻ വാലാട്ടാൻ തുടങ്ങി.
രണ്ടാം ദിവസം തന്നെ അവന് വിരയ്ക്കുള്ള മരുന്ന് കൊടുത്തു. എല്ലാ നായ്ക്കളെപ്പോലെ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഗുളിക പാത്രത്തിൽ കിടന്നു. ഞാൻ ആ ഗുളിക എടുത്തു പൊടിച്ച് പാലിൽ കലക്കി കുടിപ്പിച്ചു.
അവന് ഇഷ്ടമുള്ള ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാതെ ഞങ്ങൾ കുഴങ്ങി. ബിസ്ക്കറ്റ് വലിയ ഇഷ്ടമാണ്. പാല് കുടിക്കാനും ഇഷ്ടമാണ്. ക്ഷീണിതൻ ആയതുകൊണ്ട്. ഉപ്പിട്ട കഞ്ഞിവെള്ളം വലിയ സിറിഞ്ചിൽ നിറച്ചു നിർബന്ധിച്ചു കുടിപ്പിച്ചിരുന്നു. ശരീരത്തിലുള്ള ഒന്നുരണ്ട് മുറിവുകളിൽ ഓയിൽമെന്റ് പുരട്ടിക്കൊടുത്തു. എങ്കിലും എപ്പോഴും നക്കുക തന്നെയാണ് പണി.
വലത്തെ കാൽ വിരലുകൾക്കിടയിൽ ഫംഗസ് പോലുള്ള എന്തോ അസുഖമുണ്ടായിരുന്നു. കാൽ വിരലുകളുടെ ഇട വശം ചുവന്ന് വല്ലാണ്ട് ഇരിക്കും അവിടെ തൊട്ടാൽ അവനു വേദനയാണ്. അവിടെയും മരുന്നു പുരട്ടുമെങ്കിലും ഇവൻ ഉടനേ തന്നെ നക്കിക്കളയും.

ഞാനവനെ അഴിച്ചു വിടാറില്ലായിരുന്നു. കൈവരിയുള്ള തിണ്ണയിൽ ഒരു ചാക്ക് വിരിച്ച് കൊടുത്ത് തിണ്ണയുടെ സ്റ്റെപ്പിന്റെ ഭാഗത്തെ ഗേറ്റ് അടച്ച്, ചങ്ങലയിടാതെ അവനെ അടച്ചിട്ടിരുന്നു. കഴിയുന്നത്ര, ഞാനവനോട് സംസാരിച്ചിരുന്നു. ഒന്നും മനസ്സിലാകുന്നില്ലെങ്കിലും, അവനെന്റെ സംസാരം ശ്രദ്ധാപൂർവം കേട്ടുകൊണ്ടിരിക്കും.
ഭക്ഷണം ഒക്കെ സമയാസമയം കിട്ടുന്നത് കൊണ്ടും എന്റെ ശ്രദ്ധ അവനിലുണ്ട് എന്ന് തോന്നിയതുകൊണ്ടുമാവും അവന് എന്നിൽ നിന്നകന്നു പോകണമെന്ന ആഗ്രഹമില്ലാതായി എന്നെനിക്ക് തോന്നി. ചങ്ങലയിടാതെ എന്റെ കൂടെ അവനെ വിളിച്ചു കൊണ്ട് പറമ്പിലൊക്കെ നടക്കാൻ തുടങ്ങി. രണ്ടുമൂന്നു ദിവസം ആയെങ്കിലും ഇപ്പോഴും അവൻ അവശൻ തന്നെ.
അടുത്തുള്ള സർക്കാർ മൃഗാശുപത്രിയിൽ കൊണ്ടുപോയിക്കാണിച്ചു. എനിക്ക് ഇവനെ വഴിയിൽനിന്നു കിട്ടിയതാണ് എന്ന കാര്യം പറഞ്ഞപ്പോൾ ‘കനൈയിൻ ഡിസ്റ്റംപർ വന്നിട്ട് മാറിയതാണെന്ന് തോന്നുന്നു’ ഡോക്ടർ ഒരു അഭിപ്രായം പറഞ്ഞു. എന്നിട്ട് ഒരു മരുന്ന് കുറിച്ചു തന്നു. എന്റെ നിർബന്ധത്തിനു വഴങ്ങി റാബിസ് പ്രിവന്റീവും കൊടുത്തു.
മരുന്നൊക്കെ കഴിച്ച് ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അവൻ സ്മാർട്ട് ആയി. ഞാനാകട്ടെ എപ്പോഴും അവനോട് പലതും ചോദിച്ചു പറഞ്ഞു കൊണ്ടിരുന്നു. പഴയ താളവട്ടം സിനിമയില് മോഹൻലാൽ നെടുമുടിയോട് ചോദിച്ചതുപോലെ "ഉണ്ണിയേട്ടന്റെ.... ഉണ്ണിയേട്ടന്റെ... നാടെവിടാ? വീടെവിടാ? എന്നൊക്കെ ചോദിക്കുന്ന ഒരു ലൈൻ.

ശരിക്കും അവനെന്നെയും ഞാൻ അവനെയും സ്നേഹിച്ചു തുടങ്ങിയിരുന്നു. നിർബന്ധിച്ചാലും അവൻ വീടിനുള്ളിലേക്കു കയറില്ല ഭയമാണ്. മലമൂത്ര വിസർജനത്തിന് ദൂരെ പോവും. അതിനു കഴിഞ്ഞില്ലെങ്കിൽ എത്രനേരം വേണമെങ്കിലും അവൻ പിടിച്ചു വയ്ക്കും.
ആദ്യമൊക്കെ ചോറ് വലിയ ഇഷ്ടം ഒന്നുമല്ലായിരുന്നു. കഞ്ഞിവെള്ളം കുടിക്കുകയേയില്ല. എന്നാൽ ബിസ്ക്കറ്റ് ചപ്പാത്തി ഒക്കെ വലിയ ഇഷ്ടമാണ്. തെരുവിൽ കിടന്നപ്പോ ആരെങ്കിലുമൊക്കെ എപ്പോഴും ഇത് വാങ്ങി കൊടുത്തിട്ടുണ്ടാവും. ഇവൻ എവിടെ, എങ്ങനെ വളർന്നത് ആയിരിക്കുമെന്നതും, അവന്റെ യഥാർഥ അവകാശികൾ ഇവനെ തിരയുകയാണോ എന്നതും എന്നിൽ ചെറിയ പരിഭ്രാന്തിയുണ്ടാക്കി. ഒരുപക്ഷേ തിരഞ്ഞുതിരഞ്ഞു, അവസാനം അവർ എന്നെയും ഇവനെയും കണ്ടെത്തുമ്പോൾ എന്തായിരിക്കും അവരുടെ പ്രതികരണം. അവർ എത്തരത്തിലുള്ള ആളുകൾ ആയിരിക്കും. ഞാനവനെ മോഷ്ടിച്ചതാണ് എന്നു പറയുമോ.
അങ്ങനെയിരിക്കെ ഒരു വൈകുന്നേരം എനിക്കൊരു ഫോൺ കോൾ വന്നു. അതെ, അവന്റെ യഥാർഥ അവകാശികൾ! എന്നെങ്കിലുമൊരിക്കൽ ഇത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. അല്ലെങ്കിൽ ഈ നിമിഷത്തെ ഞാൻ വളരെയധികം ഭയപ്പെട്ടിരുന്നു. ഒരു ദിവസം കുറഞ്ഞത് 10-15 പ്രാവശ്യമെങ്കിലും അവനെ നോക്കിയിരിക്കുമ്പോൾ ഈ നിമിഷം എന്റെ മനസ്സിലേക്കു കയറിവന്നിരുന്നു. ആ നായയുടെ നോട്ടവും അതിന്റെ സൗന്ദര്യവും അതിന്റെ സ്നേഹവും അനുഭവിച്ചുകൊണ്ടിരിക്കുന്ന നേരത്ത് ഓർക്കാപ്പുറത്ത് കട്ടകാരമുള്ള് ഹൃദയത്തിൽ തറച്ചതുപോലെയാണ് ഈ നിമിഷം എനിക്ക് തോന്നിയിരുന്നത്.
വൈകുന്നേരം ഭക്ഷണം കഴിച്ച്, കിടക്കുമ്പോ അവന്റെ മീശയില് പിടിച്ചു വലിച്ചു കൊഞ്ചിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് ഇടിത്തീപോലെ ആ ഫോൺ കോൾ എത്തിയത്.
"അങ്കിളേ... അങ്കിളിന്റെ കയ്യിൽ ഒരു രാജപാളയം പട്ടിയുണ്ടോ?"
അതി മനോഹരമായ ശബ്ദത്തിനുടമയായ ഒരു സ്ത്രീയാണ് വിളിച്ചതെങ്കിലും ആ ശബ്ദമെനിക്കപ്പോ തകരപ്പാട്ടയിൽ കല്ലിട്ടു കുലുക്കിയതായാണ് അനുഭവപ്പെട്ടത്.
കഴുത്തിൽ കുരുക്ക് മുറുകുന്നു....!
എന്നിലെ ധൈര്യമെല്ലാം ചോർന്നു പോയതു പോലെ ഒരവസ്ഥ. നട്ടെല്ലിനു പിറകിൽ നിന്നും ഒരു വിറയൽ ദേഹമാസകലം പടർന്നുകയറുന്നതായും, അതിന്റെ അനുരണനങ്ങളിൽ ഉച്ചിയിലെ മുടി എഴുന്നു നിൽക്കുന്നതായും എനിക്കനുഭവപ്പെട്ടു. മുങ്ങിച്ചാകാൻ തുടങ്ങുമ്പോ കിട്ടുന്ന കച്ചിത്തുരുമ്പ് പോലെ ഒരു 'ന്യായം' എന്റെ മനസ്സിലപ്പോ തോന്നി.
ഒരുപക്ഷേ ഇവരിതിന്റെ യഥാർഥ ഉടമയല്ലെങ്കിലോ! ആഹാ അങ്ങനെയവർ നമ്മളെ പറ്റിച്ചു കൊണ്ട് പോകരുത്...! ഇപ്പൊ ചാടിക്കയറിയങ്ങ്, അംഗീകരിച്ചു കൊടുത്താൽ പിന്നെ അവർ പറയുന്നടത്ത് നിൽക്കേണ്ടിവരും. ഓരോ മറുപടികളും സൂക്ഷിച്ചു വേണം.
"ഉണ്ടെങ്കിൽ?"
ഉള്ളിലെ ഭയവും, ന്യായമെന്റെ ഭാഗത്തല്ല എന്ന യാഥാർഥ്യബോധവും കൊണ്ട് എന്റെ വാക്കുകൾ മുറിഞ്ഞു.
"അങ്കിളേ... ഞങ്ങളവനെ ഒന്ന് വന്നു കണ്ടോട്ടെ?"
വിളിച്ച പെൺകുട്ടി വിടാൻ ഭാവമില്ല. ഒരു പക്ഷേ അവൾ 'ഞങ്ങളവനെ' എന്നതിനു പകരം 'ഞങ്ങളവളെ' എന്നു പറഞ്ഞിരുന്നെങ്കിൽ ഇപ്പോ രക്ഷപ്പെടാമായിരുന്നു. കാരണം 'ഇവൻ' ആണല്ലോ...!
വന്നു കണ്ടോട്ടെ എന്ന ചോദ്യത്തിന് എന്റെയുത്തരം 'യെസ്' ആണെങ്കിൽ ഇതാ ഇപ്പൊ മുതൽ തോറ്റു കൊടുക്കേണ്ടിവരും... ഇവളെ വളരാനനുവദിച്ചുകൂടാ.... എന്തെങ്കിലും കൗശലം പ്രയോഗിച്ചു ഇവളെയിവിടെ നിർത്തണം. ഇനിയൊരിക്കലും ഈ വിളിയുണ്ടാവരുത്. സ്വരത്തിൽ സ്വൽപം കാർക്കശ്യം കലർത്തിക്കൊണ്ടു പറഞ്ഞു.
"അങ്ങനെ കാണിക്കാനൊന്നും പറ്റില്ല "
മറുതലയ്ക്കൽ ഒരു നിമിഷത്തെ മൗനം.
" അങ്കിളേ... ഒരു മാസം മുമ്പ് ഞങ്ങളുടെ ഒരു പട്ടിയെ നഷ്ടപ്പെട്ടിട്ടുണ്ട്... അതാണോ എന്ന ഒരു സംശയം. അതുകൊണ്ടാണ് ചോദിക്കുന്നത്. "
മറുവശത്ത് അവൾ വിടാൻ ഭാവമില്ല.
ഒരർഥത്തിൽ അവൾ പറയുന്നതിലും ന്യായമുണ്ട്. നായകൾക്ക് സ്വയം സംസാരിക്കാൻ സാധിക്കില്ലല്ലോ. അല്ലായിരുന്നെങ്കിൽ അവനിപ്പോ ചാടിയെണീറ്റ് പറഞ്ഞേനെ.
"നാട്ടുകാരെ ഓടി വരണേ... ഈ കള്ളൻ മേസ്തിരിയല്ല എന്റെ ഉടമ" എന്ന്. എന്റെ ഫൈഡോയെ എങ്ങാനും നഷ്ടപ്പെട്ടുപോയാൽ ഇതേ സങ്കടമായിരിക്കില്ലേ എനിക്കും ഉണ്ടാവുക.
മനസ്സിന്റെ ഒരു പകുതിയിൽ ന്യായവും അന്യായവും ഏറ്റുമുട്ടി. ഇവിടെ 'നോ' എന്നു പറഞ്ഞാൽ തീർച്ചയായും ഇവർ ഇപ്പോ സംസാരിക്കുന്ന രീതിയിൽ ആയിരിക്കില്ല ഇനി സംസാരിക്കുക. ഒരു പക്ഷേ സംഗതി പോലീസ് സ്റ്റേഷനിലെത്തും. അല്ലെങ്കിൽ അടിപിടിയിൽ കലാശിക്കും.
രണ്ടായാലും ഞാൻ തോൽക്കുമെന്നുള്ളത് ഉറപ്പാണ്. രക്ഷപ്പെടാനുള്ള വെമ്പലിൽ എന്റെ അതിബുദ്ധി പ്രവർത്തിച്ചു. "നിങ്ങളുടെ നായയാണെങ്കിൽ നിങ്ങൾക്കതിനെ കൊണ്ടുപോകാം. പക്ഷേ ഒരു കാര്യം, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നാളെ രാവിലെ ഇതിനെയെത്തിക്കാം. അവിടെവെച്ച് പോലീസുകാരുടെ സാന്നിധ്യത്തിൽ താങ്കൾക്ക് കൈമാറാം. കാരണം നാളെ മറ്റാരെങ്കിലും ഇതുപോലെ വന്നു പറഞ്ഞാൽ ഞാൻ കുടുങ്ങും."
ഒരൊറ്റ ശ്വാസത്തിൽ ഇത്രയും കാര്യങ്ങൾ പറഞ്ഞു നിർത്തിയെങ്കിലും എന്റെ ഭാഗത്ത് ന്യായമില്ല എന്നുള്ളത് എനിക്കുറപ്പായിരുന്നു.
അപ്പോഴേക്കും എന്റെ കാൽച്ചുവട്ടിൽ തലയും വെച്ച് ചെക്കൻ ഉറങ്ങിത്തുടങ്ങി. പാവം!
"അങ്കിളേ ഞങ്ങൾക്കവനെ വേണമെന്നില്ല. ഒന്നു കണ്ടാൽ മതി" അതുവരെ എനിക്ക് അരോചകമായിരുന്ന അവളുടെ സ്വരം ചെവിയിൽ കിളിനാദമായിത്തുടങ്ങി. ഒരുപക്ഷേ എന്റെയടുത്തേക്ക് എത്തിപ്പെടാൻ വേണ്ടി അവൾ വെറുതെ പറയുന്നതാണെങ്കിലോ? എന്റെ സ്വാർഥ മനസ്സ് വീണ്ടും ജാഗരൂകമായി.
"ഞാനൊന്നാലോചിക്കട്ടെ നാളെ വിളിക്കാം..."
സംസാരിക്കാൻ താൽപര്യമില്ലാത്ത രീതിയിൽ എന്റെ ചിലമ്പിച്ച സ്വരമുയർന്നത്. അവൾക്കു മനസ്സിലായി എന്നു തോന്നുന്നു. "ശരി നാളെ വിളിക്കാം" എന്നു പറഞ്ഞ് അവൾ ഫോൺ വെച്ചു.
ഇവളു നാളെ വിളിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. ഞാനാകെ കുഴഞ്ഞു. കൺമുന്നിൽ യാതൊന്നുമറിയാതെ എന്റെത് എന്നു ഞാൻ കരുതുന്ന പക്ഷേ ജന്മം കൊണ്ട് മാത്രം എനിക്ക് കിട്ടിയതിൽ നിന്നും ഞാൻ കൊടുത്ത സൗകര്യങ്ങളിൽ മതിമറന്ന് ചെക്കനുറക്കമാണ്. അല്ലെങ്കിൽതന്നെ അവർക്ക് എന്തറിയാം, നായ എപ്പോഴും മനുഷ്യനെ കാണുന്നത് അവനെപ്പോലുള്ള മറ്റൊരു നായയായിട്ടാണ്!
രണ്ടുകാലിൽ എഴുന്നേറ്റു നടക്കാനും നായകുലത്തെ ഭരിക്കാനും കഴിവുള്ള മറ്റൊരുതരം നായയാണ് നായ്ക്കളുടെ മനസ്സിൽ മനുഷ്യൻ എന്നത്. അല്ലാതെ ഇവൻ മനുഷ്യനാണെന്നും ഞാനൊരു നായയാണെന്നുമൊന്നും നായയ്ക്ക് അറിയില്ല. നായ സ്നേഹിക്കുന്ന മനുഷ്യനെ മറ്റൊരു മനുഷ്യനോ അല്ലെങ്കിൽ മറ്റൊരു മൃഗമോ ഉപദ്രവിക്കുമോ എന്ന ഭയം എപ്പോഴും നായയുടെ മനസ്സിലുണ്ടാകും. അതുകൊണ്ടുതന്നെ അവന്റെ കൺമുന്നിൽ അവന്റെ യജമാനന്, അപകടം സംഭവിക്കുമെന്നു തോന്നുന്ന യാതൊന്നിനെയും അവൻ ജീവൻ കൊടുത്തും എതിർക്കും.
ഈയിടെയായി വീട്ടിലേക്ക് ആരെങ്കിലുമൊക്കെ വന്നാൽ അവൻ കുരയ്ക്കും. എങ്കിലുമവന്റെ നോട്ടത്തിലും ഭാവത്തിലും ഒക്കെ ഞങ്ങൾ അവന്റെ ആരുമല്ല എന്ന ഒരു തോന്നൽ അവന്റെ മനസ്സിലുണ്ട് എന്ന് തോന്നിയിരുന്നു. എന്നും രാവിലെ ഞാൻ ഇറച്ചിക്കടയിൽ പോകും, അവനു വേണ്ടി ഒരു കഷണം എന്തെങ്കിലും വാങ്ങും.. അല്ലാതെയും പുറത്തിറങ്ങുമ്പോഴൊക്കെ അവന് എന്തു വാങ്ങണമെന്നുള്ളതാണ് മനസ്സിൽ. 20 രൂപയുടെ ഒരു പാക്കറ്റ് ബിസ്കറ്റ് അവനെക്കൊണ്ട് ദിവസവും ഞാൻ തീറ്റിച്ചിരുന്നു.
പഞ്ചസാര കലർന്നിട്ടുള്ളതുകൊണ്ട് ബിസ്കറ്റ് ബിസ്കറ്റ് നായയ്ക്ക് കൊടുക്കരുതെന്ന കാര്യം പിന്നീടാണ് അറിയുന്നത്.
പിറ്റേന്ന് വെളുപ്പിന് ഏകദേശം മൂന്നു മണിയായപ്പോൾ ഉണർന്നു. സത്യം പറഞ്ഞാൽ രാത്രിയിൽ ഉറങ്ങിയില്ലായിരുന്നു. നേരത്തെ പറഞ്ഞതുപോലെ പലതും ആലോചിച്ചുകൊണ്ട്, കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു.
ന്യായമായിട്ടു ചിന്തിച്ചാൽ, ഒരുപക്ഷേ നായ അവരുടേതാവും. നായയ്ക്ക് അവരെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടെങ്കിൽ ഈ ലോകം മുഴുവൻ എനിക്കെതിരാവും. അവരോട് മസില് പിടിച്ചാൽ അവർക്ക് എന്നോട് വാശി കൂടും. മാത്രമല്ല യഥാർഥ ഉടമയ്ക്ക് ഞാനവരുടെ വീട്ടിൽ ചെന്ന് ഇതിനെ മോഷ്ടിച്ചു കൊണ്ടു പോയതാണെന്ന് ചിത്രീകരിക്കാൻ എളുപ്പവുമാവും.
ഇവിടെ തെറ്റുകാരൻ 30 ശതമാനമെങ്കിലും ഇപ്പോ ഞാൻ തന്നെ. നാളെ നേരം വെളുത്താൽ 30 % എന്നുള്ളത് 100 % ആകാൻ അധികനേരം വേണ്ട. പക്ഷേ നായ അവരുടേത് അല്ലെങ്കിൽ എന്തായാലും നായ അവരെ കണ്ടാൽ പരിചയഭാവം കാണിക്കില്ല. അവർ വരട്ടെ, വേണ്ടെന്നു പറഞ്ഞാലും അവർ വരുമെന്നുള്ള കാര്യം ഉറപ്പാണ് എങ്കിൽ പിന്നെ വരാൻ പറഞ്ഞിട്ട് വരുന്നതാവുമല്ലോ ഔചിത്യം.
നേരെ ശബ്ദമുണ്ടാക്കാതെ വാഷ്ബേസിനിൽ പോയി മുഖവും വായും ഒക്കെ ഒന്ന് കഴുകി. പല്ലുതേക്കാൻ തോന്നിയില്ല അതിനുള്ള സമയവും ആയിട്ടില്ല. ചാർജിനു കുത്തിയിട്ട ഫോൺ എടുത്തു നോക്കിയപ്പോഴാണ് ഒരു കാര്യം ഓർത്തത് ആ സ്ത്രീയുടെ നമ്പർ ഞാൻ സേവ് ചെയ്തിട്ടില്ല. അവർ വിളിച്ച ഏകദേശ സമയം നോക്കി. അതിനു മുമ്പും പിമ്പും വിളിച്ചത് ആരാണ് എന്ന് ഓർത്തെടുത്തു. എന്നിട്ട് അവരുടെ പേര് എന്റെ ഫോണിൽ 'unknown' എന്ന പേരിൽ സേവ് ചെയ്തു.
ആ നമ്പറിൽ വാട്‌സാപ് ഉണ്ടോ എന്ന് നോക്കി.
ഉണ്ട്.
തുറന്നപ്പോ സുന്ദരിയായ ഒരു പെൺകുട്ടിയും അവളുടെ അച്ഛനും കൂടെ നിൽക്കുന്ന ഫോട്ടോ ആണ് DP.
ഞാൻ ഒരു പുരുഷൻ ആയതുകൊണ്ടും എന്നെ ഇപ്പോൾ പ്രതിസന്ധിയിൽ നിർത്തിയിരിക്കുന്നത് ആരാണെന്ന് അറിയാനുള്ള ' ഭതൂഹലം' (ഭയം +കൂതൂഹലം ) കൊണ്ടും അവരുടെ DP ചിത്രം വലുതാക്കി. ചിത്രത്തിലുള്ളവരെ, രണ്ടുപേരെയും കുറച്ചു നേരം നോക്കി നിന്നു. ആജാനു ബാഹുവായ, 60 വയസ്സ് എങ്കിലും കഴിഞ്ഞ, ഗൾഫുകാരൻ എന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്ന അച്ഛനും അയാളെ ഒട്ടിനിൽക്കുന്ന മകളും. നോക്കിയിരിക്കെ ഒരു കാര്യം മനസ്സിലായി അയാൾ ഒന്ന് കൈ വീശിയാൽ എന്റെ ശരീരം വീൽചെയറിലും, മുഖം ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിൻസിന്റേതുപോലെയുമാകും. തൽക്കാലം അങ്ങനെയെങ്ങാനുമായാൽ എന്റെ ഭാര്യയും മക്കളും എന്നെ തിരിഞ്ഞു നോക്കില്ല. പിന്നെയാരും നോക്കാനൊട്ടില്ലതാനും. മാത്രമല്ല, എനിക്ക് എന്തെങ്കിലും പറ്റിയിട്ട് അവർ ചെക്കനെ കൊണ്ടുപോയില്ലെങ്കിൽ എന്നെ പ്രതീക്ഷിച്ചു കൂടെ വന്ന ചെക്കൻ വീണ്ടും പെരുവഴിയിലാകും.
പതുക്കെ നടന്നുവന്ന് തിണ്ണയിലെ ലൈറ്റ് ഇട്ടു. തിണ്ണയിൽ അവൻ കിടന്നുറങ്ങുന്നു. കൂടെ ഞങ്ങളുടെ കുഞ്ഞി എന്ന പൂച്ചക്കുട്ടിയുമുണ്ട്. നേരത്തെ പറയാൻ മറന്നു. ഇവനെ കൊണ്ടുവന്നത് മുതൽ കുഞ്ഞിക്ക് വലിയ സന്തോഷമാണ്. അവളെ ഉപദ്രവിക്കാൻ ചില കാട്ടുകണ്ടന്മാർ കയറിവരും ആ നേരത്ത് എന്റെ കാറിന്റെ ബോണറ്റിനുള്ളിലായിരുന്നു അവളുടെ കിടപ്പ്. ഇവൻ വന്നതിൽ പിന്നെ അവൾ സൂത്രത്തിൽ അവന്റെ കൂടെയായി ഇരിപ്പും കിടപ്പും. ഇവൻ കഴിച്ചതിന്റെ ബാക്കി ഭക്ഷണം അവൾക്ക് കിട്ടുമെന്ന് മാത്രമല്ല. എത്ര വലിയ കണ്ടൻപൂച്ചയാണെങ്കിലും അപരിചിതനായ ഒരു നായയുടെ അടുക്കലേക്ക് വരാൻ ഒന്നു ഭയപ്പെടും എനിക്കുപോലും അറിയാത്ത ലോകതത്വങ്ങൾ കുഞ്ഞിപ്പൂച്ച കൃത്യമായി മനസ്സിലാക്കി.
എന്റെ ചിറകിൻ തണലിൽ കിടക്കുന്ന നായ. അവന്റെ ചിറകിൽ തണലിലെ സുരക്ഷിതത്വത്തിൽ ഉറങ്ങുന്ന കുഞ്ഞിപ്പൂച്ച. അവളെ ഭയന്ന് എന്റെ ഷെഡ്‌ഡിൽ ഓടാതെ കിടക്കുന്ന, പഴയ കാറിന്റെ ഉള്ളിൽനിന്നു ജീവനും കൊണ്ടു രക്ഷപ്പെട്ടു പോയ എലികൾ... ഇതാണ് ഇപ്പോഴത്തെ എന്റെ മുറ്റത്തെ രാഷ്ട്രീയ സമവാക്യം.
പഞ്ചാബിലെ ഭരണം മാറിയതുപോലെ ഞങ്ങളുടെ വീടിന്റെ ചുറ്റുവട്ടത്തെ ഈ രാഷ്ട്രീയ സമവാക്യങ്ങളൊക്കെ മണിക്കൂറുകൾക്കുള്ളിൽ മാറുകയാണ്!
ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ. നേരെ അടുക്കളയിൽ പോയി കുറേ വെള്ളം കുടിച്ചു. തണുത്തവെള്ളം ഉള്ളിലേക്ക് ഇറങ്ങിയപ്പോൾ ഒരു ആശ്വാസം. രണ്ടും കൽപ്പിച്ച് ഫോണെടുത്ത് അവൾക്ക് ഒരു വോയിസ് മെസ്സേജ് ഇട്ടു
"ഇന്നലെ എന്തെങ്കിലും അപമര്യാദയായി സംസാരിച്ചെങ്കിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. വരൂ... ഇത് നിങ്ങളുടെ നായ ആണെങ്കിൽ കൊണ്ടുപൊയ്ക്കൊള്ളൂ..."
വാട്സാപ്പിൽ ലൊക്കേഷനും അയച്ചുകൊടുത്തു. നെഞ്ചിലെ ഭാരമൊന്നു മാറി.
പണ്ടാണെങ്കിൽ, സ്വന്തമായി ഒരു തീരുമാനമെടുക്കാൻ കഴിവില്ലാതെ എന്തു ചെയ്യണമെന്ന് ആരോടെങ്കിലും അഭിപ്രായം ചോദിക്കും. അവരുടെ അഭിപ്രായം കേട്ട്, അതിനൊപ്പം പ്രവർത്തിച്ച് സംഗതി 'കുളം' ആവുകയും ചെയ്യും. ഇതിപ്പോ ഹൃദയത്തിന്റെ ഭാഷയിൽ അവരോട് കാര്യം പറഞ്ഞപ്പോ ഒരു സമാധാനം.
ഉച്ച കഴിഞ്ഞപ്പോഴാണ് അവരുടെ മറുപടി, വോയിസ് മെസ്സേജ് ആയി വന്നത്.
"അങ്കിളേ ഞങ്ങൾക്കവനെ വേണ്ട... ഞങ്ങളൊരാൾക്ക് വെറുതെ കൊടുത്തതാണ്. അന്നുരാത്രി, വാങ്ങിയവർ ഒരു ഓട്ടോറിക്ഷയിൽ കയറ്റി അവരുടെ വീട്ടിൽ കൊണ്ടുവന്നിറക്കിയതും അവൻ മതിലു ചാടി ഇരുട്ടിലേക്ക് ഓടിപ്പൊയ്ക്കളഞ്ഞു (മുൻഭാഗത്ത് മഞ്ഞനിറമുള്ള ഡീസൽ ഓട്ടോറിക്ഷ കണ്ടാൽ അവന് ദേഷ്യം വരുന്നത് ഞാനോർത്തു).
പിന്നീട് അവനെപ്പറ്റി യാതൊരു വിവരവുമില്ല. ഇപ്പൊ ഏകദേശം രണ്ടു മാസമാകുന്നു. അങ്കിളിന്റെ കയ്യിലുള്ള നായ ഞങ്ങളുടെ 'ക്ലിയോ' ആണോ എന്നൊന്നറിഞ്ഞാൽ മതി."
വോയിസ് മെസ്സേജ് കേട്ടതിനു ശേഷം ഞാൻ, ഉറങ്ങിക്കിടന്ന അവനെ "ക്ലിയോ...." എന്ന് നീട്ടി വിളിച്ചു. ക്ഷണ നേരം കൊണ്ട് അവന്റെ വാൽ ഇളകിയാടി! അവിശ്വസനീയമെന്നവണ്ണമുള്ള ഒരു മുഖഭാവവുമായി അവനെന്നെ ഒന്നു നോക്കി... വീണ്ടും കിടന്നു.

അന്നു വൈകുന്നേരം അൻപതിനു മുകളിൽ വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയും അവരുടെ മകളും കൂടി ഒരു ആഡംബരക്കാറിൽ ഞങ്ങളുടെ വീട്ടിലെത്തി. കാറിന്റെ ഇരമ്പം കേട്ടപ്പോ തന്നെ ക്ലിയോ ആദ്യം ഒന്ന് തലപൊക്കി നോക്കിയതിനു ശേഷം അതേ കിടപ്പ് കിടന്നു. അവന്റെ മുഖത്ത് നിർവികാരത!
എങ്കിലും അവൻ അവരുടെ ക്ലിയോ ആണെന്ന് അവർ മനസ്സിലാക്കി. പക്ഷേ അവന്റെ പെരുമാറ്റം തീർത്തും നിരാശാജനകമായിരുന്നു. ഒടുക്കം പോകാനിറങ്ങിയപ്പോ ഇവർ പോകുന്നല്ലോ എന്ന ചിന്തയിൽ മാത്രം അവനൊന്നു വാലാട്ടി തലപൊക്കി, നോക്കി. ഇനിയൊരിക്കലും കാണാൻ താൽപര്യമില്ലെന്ന ഭാവം ആ നോട്ടത്തിലുണ്ടായിരുന്നു.
ഒരുപക്ഷേ കഴിഞ്ഞുപോയ രണ്ടു വർഷങ്ങളിലെ ജീവിതാനുഭവങ്ങൾ മുഴുവൻ അവനാ നിമിഷം അയവിറക്കിയിരിക്കാം!
ഗൾഫിൽനിന്ന് എല്ലാം മതിയാക്കി നാട്ടിലേക്ക് വരുമ്പോ ഞങ്ങളുടെ ഡാഡിയുടെ ഏറ്റവും വലിയ സന്തോഷം നായ്ക്കളെ വളർത്താമെന്നുള്ളതായിരുന്നു.
"കൊറേ പട്ടിയെ വളർത്തണം.." ഗൾഫിൽ വച്ചേ ഡാഡി പറയുമായിരുന്നു.
ഇവൻ മാത്രമല്ല മൊത്തം ഏഴു നായ്ക്കൾ. അവയോടൊപ്പം മൂന്നു വർഷം മാത്രമേ ജീവിക്കാൻ അദ്ദേഹത്തിനു സാധിച്ചുള്ളൂ."
"ഒന്നാം ലോക്ക് ഡൗൺ ഡാഡിയെ, യങ്ങു കൊണ്ടു പോയി" (അവളുടെ കണ്ണുകൾ നനഞ്ഞു)
"ഞങ്ങൾ എത്ര നോക്കിയാലും ഡാഡി നോക്കുന്നതിനൊപ്പമാവില്ല. അതുകൊണ്ടുതന്നെ പലർക്കായി ഓരോന്നിനേ വീതം കൊടുത്തുതീർത്തു. അതിൽ നഷ്ടപ്പെട്ടുപോയത് ഇവൻ മാത്രമായിരുന്നു. ഇവനെന്തു സംഭവിച്ചുവെന്നത് ഞങ്ങളുടെ മനസ്സിൽ ഒരു വിങ്ങലായിരുന്നു..."
നനഞ്ഞ ഒരു ചിരിയോടെ അവർ യാത്ര പറഞ്ഞു പോയി...
ഒരർഥത്തിൽ ക്ലിയോച്ചെക്കൻ, തെരുവിൽ ഒരുപാട് അലഞ്ഞെങ്കിലും, ഒടുക്കം വന്നുചേർന്നത് കൃത്യമായി അവനെത്തേണ്ടിടത്തു തന്നെയാണ്... ഈ അവധൂതൻ മേസ്തിരിയുടെ കൂടെ....!
എന്ന്,
തമ്പാൻ മേസ്തിരി