‘ഒരു കാര്യവുമില്ലാതെ...’ - സരൂപ എഴുതിയ കവിത

Mail This Article
മഴ പെയ്തതുകൊണ്ടല്ല
നീ വിളിച്ചതുകൊണ്ടുമല്ല
അതൊരു നല്ല ദിവസമായിരുന്നു.
വാതിലൊക്കെ
കിടക്കും മുൻപേകൊളുത്തിട്ട പോലെ
അടഞ്ഞു തന്നെ കിടക്കുകയാണ്.
അല്പം വെയിൽ മാത്രം
ജനലിൽ വന്നു തട്ടിയതിന്റെ ചൂട്
അകത്തനുഭവപ്പെടുന്നുണ്ട്.
അതൊന്നുമല്ല കാര്യം.
അതൊരു നല്ല ദിവസമായിരുന്നു.
അപ്പോൾ
കുടിച്ചതുകൊണ്ട് മാത്രം
ചായയ്ക്ക്
കൂടുതൽ കടുപ്പമുണ്ടായി.
അപ്പോൾ കേട്ട പാട്ടിന്
മുൻപൊന്നും കേട്ടപ്പോൾ തോന്നാത്ത അർത്ഥവും.
അപ്പോഴിട്ടിക്കുന്ന ചുരിദാറിൽ
അതുവരെ കാണാത്ത നിറങ്ങൾ.
അന്നേരം
ഐസ്ക്രീം കഴിക്കേണ്ട
കാര്യമുണ്ടായിരുന്നില്ല.
സന്തോഷത്തിന്റെ കപ്പിൽ
ആരോ കോരിയെടുത്ത പോലെ
ഞാൻ
തുളുമ്പിക്കൊണ്ടിരുന്നു.
തൊട്ടു മുൻപ് കേട്ട പാട്ടിന്റെ
ആദ്യത്തെ രണ്ടു വരികൾ മാത്രം
ആവർത്തിച്ചു മൂളിക്കൊണ്ട്
നടക്കുമ്പോൾ
മറന്നുപോയ ബാക്കി
മുഴുവൻ വരികളുടെയും അർഥം
അതിൽ വന്നു തൂങ്ങി.
ഓരോ തവണ പാടുമ്പോഴും
ഓരോ ചുവട്
എന്തിനോടോ അടുത്തു.
സന്തോഷം
ഒരു കാര്യവുമില്ലാതെ
ഇടയ്ക്കിടെ ഇങ്ങനെ
എന്നെ വന്നു കാണാറുണ്ട്
ഇറങ്ങിപ്പോകാറുമുണ്ട്.
ഇനി വരുമ്പോൾ
ഇവിടെയെങ്ങാനും
കെട്ടിയിടാൻ പറ്റുമോന്ന്

ഞാൻ ആ കയറിങ്ങെടുക്കും
പള്ളിപ്പാട് എസ്.എൻ. ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപിക. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. അദ്യ കവിതാസമാഹാരമാണ് ‘മനുഷ്യൻ എന്ന ലഹരിയിൽ’ (ഫേബിയൻ ബുക്സ്)
Content Summary: Kaviyarangu, Oru karyavum illathe, Malayalam poem written by Saroopa