ജീവിതത്തിനുമേൽ ഗന്ധകപ്പുക പടർന്ന് ശ്വാസഗതി മുട്ടുമ്പോൾ

Mail This Article
കവിത പ്രാഥമികമായും ഒരു ഭാഷാവ്യവഹാരമാണ്, രൂപമല്ലാതെ മറ്റൊരു ഉള്ളടക്കം അതിനുണ്ടെന്ന് പറയുന്നത് അതിഭൗതികമായ ഒരു വാദം മാത്രമാണെന്ന് കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതായത്, ഭാഷാപരമായ ജാഗ്രത പുലർത്താത്ത ഒരു കവി തനിക്ക് എത്ര സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെട്ടാലും അതൊരു കപട പ്രഖ്യാപനം മാത്രമായിരിക്കുമെന്ന് സാരം. ബിനു വേലായുധന്റെ ‘കാതിലോല’ എന്ന സമാഹാരത്തിലെ കവിതകളിലൂടെ കടന്നുപോയപ്പോൾ ഒരു സാമൂഹികാവശ്യമെന്ന നിലയിൽ ഭാഷ നവീകരിക്കപ്പെടുന്നു എന്ന് കാണാൻ കഴിഞ്ഞു. സമൂഹത്തോടുള്ള കവിയുടെ കടപ്പാട്, ഭാഷയോടുള്ള കടപ്പാടിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. സമാഹാരത്തിലെ ആദ്യകവിത 'മലയാളം' എന്ന പേരിൽ തന്നെയുള്ളതാണ്. ആഴക്കടലിന്റെയാഴവും ഒഴുകുംപുഴയുടെ നേർമയും പൗർണമിയുടെ കുളിരുമുള്ള അമ്പത്തൊന്നക്ഷരം കൊണ്ട് അത്ഭുതം തീർക്കുന്ന മലയാളഭാഷയെക്കുറിച്ച് കവി ഊറ്റം കൊള്ളുന്നു.
‘നൂതനചിന്തതൻ ചന്തമോടെ
നാനാകൃതികൾ മനംകവർന്നു വാഴുന്നു
കേരളമന്നിടത്തിൽ വാഴ്‌വുള്ള
കാലം വരേയ്ക്കുമെന്നും
മുറ്റും വികാരങ്ങൾ വീര്യമോടെ
മറ്റുള്ള കാതിലേയ്ക്കെത്തീടുവാൻ
ശക്തിതന്നീടുന്ന ഭാഷതന്നെ
ജീവിതവും ജീവിതായോധനവും’– എന്ന് കവി ഊന്നിപ്പറയുന്നു.
കവിതയുടെ നിത്യപ്രസക്തിയെ നിലനിർത്തുന്ന ഘടകങ്ങളെ കവി ചേർത്തുപിടിക്കുന്നുണ്ട്. ബിനു വേലായുധന്റെ കവിതയിലെ ആശയങ്ങൾക്ക് പഴക്കമുണ്ടായേക്കാം. എന്നാൽ ഒരു ബാഹ്യോത്തേജനം കവിയുടെ സിരാപടലത്തിലുളവാക്കിയ ചോദനകൾ പുതിയക്രമത്തിൽ സുസ്ഥിരമാകുന്നത് പ്രത്യേകപദങ്ങളുടെ പ്രത്യേക തരത്തിലുള്ള വിന്യാസത്തിൽ കൂടിയാണ്. കവിയുടെ അനുഭവം പദസംഘടനയായി മാറുകയും താൻ സ്പഷ്ടമാക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ചിന്തയുടെ ഉദ്ദീപനത്താൽ ആസ്വാദകനിൽ അനുഭവവേദ്യമാക്കാനും കവിയ്ക്ക് കഴിയുന്നുണ്ട്.
മഴയുടെ നിറം എന്ന കവിതയിൽ മഴയ്ക്ക് എത്ര നിറമുണ്ട് എന്ന ചോദ്യത്തിലൂടെയാണ് കവിത ആരംഭിക്കുന്നത്. തുലാവർഷത്തിനും വേനൽമഴയ്ക്കും പുലരിമഴയ്ക്കും വെവ്വേറെ നിറങ്ങളാണെന്ന നിത്യസത്യം ആദ്യവരികളിൽ സ്പഷ്ടമാക്കുന്നു. തുടർന്ന് ജീവിതത്തിലെ സകല വൈകാരിക പ്രതിസ്പന്ദങ്ങളും സൂചിപ്പിക്കുന്ന ആശയത്തിലേക്ക് കവി വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.
‘വെളിച്ചം വിതറിയ നിറക്കൂട്ടുകളോട്
പൊരുതിത്തളർന്ന്
ഇരുണ്ടമേഘങ്ങളിൽ നിന്ന് ഇരുളിലേക്കുരുണ്ടിറങ്ങുന്ന
തീമഴയ്ക്കോ ഒറ്റ നിറം മാത്രം
കരൾ പിളർന്നൊഴുകുന്ന
കട്ടച്ചോരയുടെ’...
കവിതയ്ക്കുൾപ്പടെ ഏത് കലാ, സാഹിത്യസൃഷ്ടിയ്ക്കും ആനന്ദബാഹ്യമായ എന്തെങ്കിലും ലക്‌ഷ്യം നിർവഹിക്കാനുണ്ടോ എന്നത് കാലങ്ങളായുള്ള സംവാദ വിഷയമാണ്. നൈമിഷികാഹ്ലാദമാണോ കലയുടെ ലക്‌ഷ്യം? ഉദ്‌ബോധനം കലയുടെ ലക്ഷ്യമല്ലേ? ഇത്തരം ചർച്ചകൾ തുടരുമ്പോൾ തന്നെ, സദാജാഗ്രത്തായ സാമൂഹ്യ രാഷ്ട്രീയ ബോധമുള്ള കവികൾ സാമൂഹ്യപ്രതിബദ്ധതയുള്ള കവിതകൾ രചിക്കും. ജാഗ്രത്തായ മനസ്സിന്റെ പ്രതിസ്പന്ദനങ്ങളായി ആസ്വാദകർ അവ സ്വീകരിക്കും.
അയ്യപ്പപ്പണിക്കർ പറഞ്ഞതുപോലെ നല്ല കവിത സംഭാഷണമായിരിക്കും. ചിലപ്പോൾ ഒരാൾ മാത്രം സംസാരിക്കും. ചിലപ്പോൾ രണ്ടുപേരും. അതാണ് കവിതയുടെ അവശേഷിക്കുന്ന ലക്ഷണം. ബിനുവിന്റെ കാവലാൾ എന്ന കവിത ഇത്തരത്തിൽ ജാഗ്രത്തായ മനസ്സിന്റെ പ്രതിസ്പന്ദനമാണ് എന്ന് മാത്രമല്ല അത് ചിന്തകളുടെ സംഭാഷണമാണ്. കവിയുടെ സ്വയം ഭാഷണം.
‘അങ്ങേവീട്ടിലെ പട്ടി ചത്തു.
മരിച്ചതാണെന്ന് ഭർത്താവ്,
മയ്യത്തായതാണെന്ന് ഭാര്യ, കാലം ചെയ്തുവെന്ന് മകൻ,
നാടു നീങ്ങിയെന്ന് മകൾ,
ഇഹലോകം വെടിഞ്ഞെന്ന് മരുമകൻ,
സമാധിയായെന്ന് മരുമകൾ,
നിര്യാതയായെന്ന് ഒരു കൂട്ടം,
ആന്തരിച്ചതാണെന്ന് വേറൊരു കൂട്ടർ’
ഇപ്രകാരം ജീവിതരംഗങ്ങളിലെ ദൈനംദിന തർക്കങ്ങളെ, മത്സരക്കളിയെ കവി ശ്രദ്ധിക്കുകയാണ്. വിനാശകരമായ രാഷ്ട്രീയസമ്മർദ്ദങ്ങളുടെ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കവി ഒടുവിൽ ഇപ്രകാരം കവിത അവസാനിപ്പിക്കുന്നു.
ചത്ത പട്ടിയുടെ ശവം എങ്ങനെ മറവ് ചെയ്യണമെന്ന കാര്യത്തിൽ തർക്കം മൂത്തുമൂത്ത് ഒടുവിൽ തീർപ്പാക്കാൻ കഴിയാതെ,
''ഒടുവിൽ ജഡം അവിടെക്കിടന്ന് ചീഞ്ഞുനാറി
എല്ലാവരും ഐക്യത്തോടെ നാറ്റത്തിന്
കാവലിരുന്നു.''
ചില കവിതകളിൽ വർത്തമാനത്തിന്റെ ദുരന്തം പ്രസ്താവനയുടെയും പത്രഭാഷയുടെയും ഘടനയിൽ ബിനു ആവിഷ്കരിക്കുന്നുണ്ട്. അത്തരത്തിലൊരു കവിതയാണ് 'കൊള്ള'.
'പലചരക്കുകടയിൽ
എല്ലാറ്റിനും വിലകൂടുതലാണ്.
സൂപ്പർമാർക്കറ്റാണ് സൂപ്പർ.'
ഇങ്ങനെ സമകാലത്തിന്റെ നൈതികമായ വിഷമപ്രശ്നങ്ങളാണ് കവിതയിലുള്ളത്. നാടിൻറെ സജീവതകളായി നിലനിന്നിരുന്ന പലചരക്കുകടകളെ സൂപ്പർമാർക്കറ്റുകൾ വിഴുങ്ങിയതിന്റെ പ്രതിഷേധസ്വരമുയർത്തുകയാണ് കവി. കവിത അവസാനിക്കുന്നതോ ഉപഹാസ സമാനമായ ഈ വരികളിലും.
‘പലചരക്കുകടക്കാരന്റെ
അഹങ്കാരം തീർത്തില്ലേ
എത്രകാലമായി അവനീ നാട്ടുകാരെ കൊള്ളയടിക്കുന്നു’
ദുരന്തബോധം പ്രകാശിപ്പിക്കുന്ന കവിതകളും ഹാസ്യരസം വഴിയുന്ന കവിതകളും ഈ സമാഹാരത്തിലുണ്ട്. നാം ജീവിക്കുന്ന ചുറ്റുപാടും ഇന്നത്തെ സാഹചര്യങ്ങളും എത്രമാത്രം അപമാനവീകരിക്കപ്പെടുകയും വിഷമയമായിത്തീരുകയും ചെയ്തിരുന്നുവെന്ന് കവി ആശങ്കപ്പെടുന്നുണ്ട്. വിശ്വാസങ്ങൾ തകരുന്നു, പ്രത്യയശാസ്ത്രങ്ങൾ പരാജയപ്പെടുന്നു, പൊള്ളയായ തത്വങ്ങൾ പ്രചരിപ്പിച്ച് ജീവിതത്തിന്റെ നൈസർഗ്ഗിക ഭാവങ്ങളെ ഇല്ലായ്മ ചെയ്യുന്നു, ഇതിലെല്ലാം ഉള്ളുപൊള്ളി എഴുതാതിരിക്കാൻ കഴിയാത്തൊരവസ്ഥയുണ്ട് കവിമനസ്സിന്. മനുഷ്യന്റെ ആർത്തിയെയും സ്വാർഥതയെയും പ്രകൃതിചൂഷണത്തെയും അടയാളപ്പെടുത്തുന്ന ഇര എന്ന കവിതയിൽ ബിനു എഴുതുന്നു.
‘നാവിന് കൊട്ടിക്കയറാൻ
പ്രതിരോധം തീർക്കാത്തൊരു
ഇര വേണം.
അങ്ങനെയാണ് ആ കന്മഴു
അവളുടെ കഴുത്തിൽ വീണത്.
അവർ തുടകളറുത്ത് ഭക്ഷിക്കുമ്പോഴും
അവളുടെ മുലകൾ ചുരന്നൊഴുകുന്നുണ്ടായിരുന്നു.'
വ്യക്തിദുഃഖങ്ങളുടെ ഇടുങ്ങിയ ലോകത്തേയ്ക്ക് മാത്രം ദൃഷ്ടിപായിക്കാതെ സാമൂഹിക ജീവിതത്തിന്റെ തിക്ത യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കവിമനസ്സാണ് ബിനുവേലായുധന്റെതെന്ന് കാതിലോലയിലെ കവിതകൾ സാക്ഷ്യം പറയും. ജീവിതത്തിന്റെ സങ്കീർണ്ണ ഭാവങ്ങളെ കൂടുതൽ സത്യസന്ധതയോടെ അഭിമുഖീകരിക്കാൻ കവി പ്രേരിതനാവുന്നത് പത്രപ്രവർത്തനം തൊഴിലായി സ്വീകരിച്ചതുകൊണ്ടുകൂടിയാവണം. ജീവിത നിരീക്ഷണത്തിലൂടെയും വിപുലമായ സാഹിത്യ പരിചയത്തിലൂടെയും താൻ സ്വരൂപിച്ച അനുഭവ കണികകളെ അപൂർവ്വ ശോഭ പ്രസരിപ്പിക്കുന്ന കവിതകളായി ആസ്വാദക ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കാൻ കവിയ്ക്ക് തുടർന്നും സാധിക്കട്ടെ.
കാതിലോല
ബിനു വേലായുധൻ
മലയാളശാല
വില: 120 രൂപ