ഇരുട്ടിൽ ചലിക്കുന്ന രക്തം പുരണ്ട കൈപ്പത്തി

Mail This Article
വെറ്റിലയും പുകയിലയും കൂട്ടിച്ചേർന്ന ചൂര് മുഖത്തടിച്ചപ്പോൾ രാഹുലൻ കണ്ണുതുറന്നു . കനത്ത പനിച്ചൂടിന്റെ വിറയിലിനിടയിലും കൈയ്യിലെ ആ ബാഗ് വിടാതെ ചേർത്തുപിടിച്ചു. വാറങ്കലിൽ നിന്നോ രാമഗുണ്ടത്തു നിന്നോ ഈ ട്രെയിനിൽ കയറിയത്. അയാൾക്കു ഓർമ കിട്ടിയില്ല. ചുളുങ്ങിയ വിരലുകൾ നെറ്റിയിൽ വീണ്ടും തൊടുന്നു. ഉണക്കപുകയിലയുടെ ചൂര് വീണ്ടും– ആട്ടുകട്ടിലിൽ മുത്തശ്ശിയുടെ ഞൊറി വീണ വയറിൽ മുഖം ചേർത്തു മയക്കമാണ്. പുകയിലച്ചൂരിൽ കേട്ടുമയങ്ങിയ കഥകളിലെ മോഹിനി യക്ഷിയും സുന്ദരി യക്ഷിയുമൊക്കെയാണ് ചുറ്റും നിൽക്കുന്നത്. ഉപ്പുകൂറ്റാ..ഉപ്പുകൂറ്റാ... അവർ ആർത്തുവിളിക്കുന്നുവോ?, രാഹുലന്റെ കണ്ണുകൾ വീണ്ടും അടഞ്ഞു...
.......
പൂർണ്ണ സജ്ജമായ ഓപ്പറേഷൻ ടേബിളിൽ ഒരു സ്ത്രീയുടെ മൃതദേഹം കിടന്നിരുന്നു....അടുത്തുതന്നെ ഒരുപാട് സർജിക്കൽ ഉപകരണങ്ങളും, ജോൺ ആ ശരീരം കണ്ണിമയനക്കാതെ നോക്കിനിന്നു..
ഡോക്ടർ..
ഉപകരണങ്ങൾ തിരിയുകയായിരുന്ന ഡോ. രാഘവേന്ദ്ര തിരിഞ്ഞുനോക്കി
ഐ വാണ്ട് ദാറ്റ് റിംഗ്.....അയാൾ ആ മൃതശരീരത്തിന്റെ കൈകളിലേക്കു കൈചൂണ്ടി. ടേബിളിൽനിന്നു പുറത്തേക്കു തള്ളിനിന്ന കൈയ്യിൽ വിലയേറിയ ഒരു ഡയമണ്ട് റിംഗ് ധരിച്ചിരുന്നു...ഡോക്ടർ മരവിച്ച വിരലിൽ പിടിച്ച് ഊരാൻ ശ്രമിച്ചു....
റിഗർ മോർടിസിനാൽ വിരലിൽ ഇറുക്കത്തിൽ അമർന്ന നിലയിലായിരുന്നു മോതിരം...വാസലിൻ ടിന്നെടുക്കാനായി പോയിട്ടുവന്ന ഡോക്ടർ കണ്ടത്..ആ കൈപ്പത്തിയപ്പാടെ സർജിക്കൽ ബ്ളേഡിനാൽ അറുത്തെടുത്ത് പൈശാചികമായി നോക്കി നിൽക്കുന്ന ജോണിനെയാണ്.. ഡോക്ടർ...ക്ഷുഭിതനായി അയാളുടെ അടുത്തേക്കു ചെന്നു.
അതൊന്നും ശ്രദ്ധിക്കാതെ തന്റെ കൈവശമുള്ള ബാഗിൽ ഛേദിച്ച ആ കൈപ്പത്തിവച്ച് വാതിൽ തുറന്ന് ജോൺ ഇറങ്ങി. കാർ പിന്നോട്ട് നിരങ്ങി പുറത്തേക്ക് പോകുന്നതാണ് പിന്തുടർന്നെത്തിയ ഡോക്ടർ കണ്ടത്. ദീർഘ നിശ്വാസം ചെയ്തശേഷം , തലകൾ വശത്തേക്കു ചലിപ്പിച്ച് ഡോക്ടർ അകത്തേക്കു കയറി, പുറത്തെ പ്രകാശം കെട്ടു.
.......
ആകെ അലങ്കോലപ്പെട്ട് കിടക്കുന്ന മുറി ഒരു മേശയും കസേരയും കട്ടിലും മാത്രമേ മുറിയിലുള്ളൂ. വെള്ളനിറത്തിലുള്ള ഭിത്തിയില്‍ ആ മേശയുടെയും കസേരയുടെയും പ്രതിബിബം കാണായിരുന്നു. വസ്ത്രങ്ങളോ മറ്റു ഉപകരണങ്ങളൊന്നും തന്നെ മുറിയിലില്ലെങ്കിലും ശൂന്യതയിൽനിന്നും പ്രത്യക്ഷപ്പെട്ടപോലെഭിത്തിയിൽ ഒരു ഫോട്ടോ, പനിനീർപൂവുപോലെ സുന്ദരിയായ പെൺകുട്ടി. വിവാഹവേഷത്തിൽ നിൽക്കുന്ന ഒരു ചിത്രം, കരിഞ്ഞുപോയ ഒരു റോസ്....
മേശപ്പുറത്ത് കാലിയാകാറായ മദ്യ കുപ്പിയും ഗ്ളാസും. ജനൽ പാതി തുറന്ന് കിടക്കുന്നു. ട്യൂബാകെ പൊടിപിടിച്ചും കറുത്തുമിരിക്കുന്നതിനാൽ ഇരുട്ട് പൂർണ്ണമായും മാറിയിട്ടില്ല. ജോൺ തന്റെ മുന്നിലിരിക്കുന്ന വസ്തുവിലേക്ക് നോക്കി സ്വയം മറന്നിരിക്കുകയാണ് .ഒരു മെഴുകുതിരി കത്തിച്ച് സ്റ്റാന്‍ഡിൽ വച്ച് കത്തിച്ച് ആ കൈ പരിശോധിക്കുകയായിരുന്നു അയാൾ. മണിബന്ധത്തിനടുത്ത് എല്ല് തള്ളിയിരിക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഒരു കളിപ്പാട്ടം പോലെ എടുത്ത് കണ്ണിനടുത്ത്പിടിച്ചു നോക്കി. വജ്ര മോതിരത്തിന്റെ തിളക്കം അയാളുടെ കണ്ണുകളിൽ പ്രതിഫലിച്ചു.
കൈ തിരികെ മേശപ്പുറത്തു വച്ചശേഷം സൈഡിലേക്ക് തലതിരിച്ച് പുകയൂതിവിട്ടു. മുറിയിലെ ട്യൂബ് മിന്നികെട്ടു....അതേസമയം മെഴുകുതിരിയുടെ ജ്വാലയിൽ ഏതിർവശത്തെ ഭിത്തിയിൽ കൈയ്യുടെ നിഴൽ പ്രത്യക്ഷപ്പെട്ടു...ആ നിഴലിലേക്ക് ജോൺ നോക്കി.....പതിയെ മെഴുകുതിരിനാളം ചലിച്ചു...നിഴൽ ഒന്നു ചലിച്ചു.... മേശപ്പുറത്തു താളം പിടിക്കുന്നതുപോലെ. ജോൺ അമ്പരന്നു നോക്കി. ഇല്ല...വീണ്ടും നിഴലിലേക്ക് നോക്കി....ചെറുകാറ്റ് പാതിതുറന്ന ജനലിലൂടെ വന്നു. മെഴുകുതിരിയുടെ സ്ഥാനം മാറ്റിയപ്പോൾ ഭിത്തിയിലെ നിഴലുകൾ അപ്രത്യക്ഷമായി......
ജോൺ വീണ്ടും തല ചായ്ച്ചു. ആരോ മേശപ്പുറത്തു താളം പിടിക്കുന്നശബ്ദം.. ജോൺ ഞെട്ടിയെണീറ്റു. കൈപ്പടം സ്ഥാനം മാറിയിരിക്കുന്നു. ഒരു കൊമ്പൻചൊല്ലി വീടിനുള്ളിൽവന്നു മലർന്നു വീഴുന്നതുപോലെ വിളറിവെളുത്ത കൈപ്പത്തി മലർന്നു വീണു കിടക്കുന്നു. മദ്യത്തിനും ലഹരിക്കും തന്റെ പേടിയെ ശമിപ്പിക്കാനാവുന്നില്ലെന്നയാൾ ഓർത്തു. ആ കൈപ്പത്തി അറപ്പോടെ എടുത്തു, മേശയുടെ വലിപ്പ് തുറന്ന് അയാൾ അകത്തേക്കിട്ടശേഷം വലിച്ച ടച്ചു......കുപ്പിയിൽ നിന്ന് ഒരിറക്ക് കുടിച്ച് കസേര പിന്നിലേക്ക് വലിച്ചിട്ട് ജോൺ ഇരുന്നു. അയാൾ കസേര പതിയെ പിന്നോട്ടു നിരക്കി മേശയിൽ നിന്നകന്നു തിരിഞ്ഞിരുന്നു. മേശയ്ക്കുള്ളിൽ നിന്നും ഒരു ശബ്ദം ഉയർന്നു. കൊളുത്തുപോലെയുള്ള വസ്തു മരപ്പലകയിൽ അള്ളിപ്പിടിക്കുന്ന ശബ്ദം.
.മേശയുടെ ഉള്ളിൽ നിന്ന് ശക്തമായി ആരോ തട്ടുന്നു.. പോക്കറ്റിൽ നിന്ന് കത്തിയെടുത്തു നിവർത്തി ജോൺ മേശതുറന്നു.... ഒരു എലിയിറങ്ങി പാഞ്ഞുപോയി.... മുറിയിലാകെ തിരഞ്ഞു തന്റെ ബാഗിനുള്ളിൽനിന്നും ഒരു ചങ്ങലയെടുത്തു കൈപ്പത്തി ചുറ്റിവരിഞ്ഞശേഷം അയാൾ മേശയ്ക്കുള്ളിലേക്കിട്ടു.ജോൺ കസേരയിലിരുന്നു. പെറ്റ് ബോട്ടിലിലെ റം അയാൾ മോന്തിക്കുടിച്ചു. കസേരയിലേക്ക് ചാഞ്ഞ് ഇരുന്ന് ഉറങ്ങിയ ജോണിന്റെ കൈകളിൽനിന്ന് സിഗാർ താഴേക്ക് പതിച്ചു. അതവിടെ കിടന്നു പതിയെ എരിഞ്ഞു. പെട്ടെന്ന് മുറിക്കകത്തെ മെഴുകുതിരിയും ഊതിക്കെടുത്തിയപോലെ കാറ്റിൽ കെട്ടു. ജോണിന്റെ നിശ്വാസ ശബ്ദം മാത്രം മുറിയിൽ മുഴങ്ങി. ഇരുട്ടിൽ ചങ്ങലകിലുക്കുത്തിന്റെ ശബ്ദം, ശ്വാസം മുട്ടി പിടയുന്ന ഒരാളുടെ കരച്ചിൽ ..എക്കിട്ടം......ഞരക്കം....പതിയെ അതും നിലച്ചു....നിശബ്ദത...
......
വിളിച്ചിട്ടു മറുപടിയില്ലാതെ വന്നപ്പോൾ
പാൽ കൊടുക്കാൻ വന്ന പയ്യനാണ് ജനലിലൂടെ എത്തിനോക്കിയത്...നിലവിളിച്ചു കൊണ്ട് അവനോടി, ജനലീലൂടെ നോക്കുന്ന കണ്ണുകളുടെ എണ്ണം ഏറി വന്നു. കസേരയിൽ മരിച്ചുമരവിച്ച് ജോൺ ഇരുന്നിരുന്നു..കടവായിലൂടെ ഒലിച്ചിറങ്ങിയ ചോര....കഴുത്തിലെ ചങ്ങലയിലൂടെ ഊർന്നുവീണിരുന്നു....
(തുടരും)
English Summary : Cemetery Thieves - Horror Thriller - E Novel by Sadu Vinuraj